അവസരോചിത ഇടപെടൽ
എസ്ഐ ടി ബി ബിബിന് ജന്മനാട് സ്വീകരണമൊരുക്കി

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ എന്നിവർ ചേർന്ന് എസ്ഐ ടി ബി ബിബിന് ഉപഹാരം നൽകുന്നു
പറവൂർ
സമയോചിത ഇടപെടലിലൂടെ ഒരാളുടെ ജീവൻ രക്ഷിക്കാൻ മാതൃകാപരമായ പ്രവർത്തനം നടത്തിയ ഇടുക്കി തടിയമ്പാട് പൊലീസ് സബ് ഇൻസ്പെക്ടർ ടി ബി ബിബിന് ജന്മനാട് സ്വീകരണം നൽകി.
സ്വീകരണ സമ്മേളനം ‘ആദരവ് 2026' സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ ആർ കെ സന്തോഷ് അധ്യക്ഷനായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ, ടി വി നിധിൻ എന്നിവർചേർന്ന് ടി ബി ബിബിന് ഉപഹാരം നൽകി.
മദ്യപിച്ചെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും ആക്രമിക്കുന്നതറിഞ്ഞാണ് ടി ബി ബിബിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തുന്നത്. ആത്മഹത്യ ചെയ്യാനായി കഴുത്തിൽ കയർ കുരുക്കിനിൽക്കുന്ന ഗൃഹനാഥനെ ആശ്വാസവാക്കുകളിലൂടെ പിന്തിരിപ്പിക്കാൻ ബിബിനായി. ഇതിൽ അനുമോദനമേകാനാണ് പട്ടണം കണ്ണാട്ടുപാടത്ത് ക്ഷേത്രമൈതാനത്ത് സ്വീകരണം ഒരുക്കിയത്.
ചിറ്റാറ്റുകര പഞ്ചായത്തംഗങ്ങളായ ആശാദേവി, ലൈബി സാജു, സഹ. ബാങ്ക് പ്രസിഡന്റുമാരായ ഇ പി തമ്പി, പി എ റഷീദ്, സിപിഐ എം ചിറ്റാറ്റുകര വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ടി ഭഗവാൻ, സംസ്ഥാന ലൈബ്രറി കൗൺസിലംഗം ശാന്തിനി ഗോപകുമാർ, എം എ സുധീഷ്, ജയശ്രീ ഓമനക്കുട്ടൻ, എ വി ഗോപാലകൃഷ്ണൻ, കെ വി ദേവദാസ് എന്നിവർ സംസാരിച്ചു.









0 comments