മഴ മാറി; യ്യോ പൊള്ളുന്നു

മഴ മാറിയതോടെ ചൂടിന്റെ കാഠിന്യം കൂടുകയാണ്, കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: ജഗത് ലാൽ
കോഴിക്കോട്
മഴ മാറി മാനംതെളിഞ്ഞതോടെ ജില്ലയിൽ കനത്ത ചൂട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ശക്തമായ ചൂടാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. ശനിയാഴ്ച 33.8 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. സാധാരണ താപനിലയേക്കാൾ 3.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ. രണ്ട് ദിവസംകൂടി താപനില സാധാരണയേക്കാൾ മൂന്നുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം നിർജലീകരണം തുടങ്ങിയവക്ക് കാരണമാകുമെന്നും ജാഗ്രതപാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലയിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. ചൂട് കൂടുന്നതിനൊപ്പം വൈദ്യുതി നിയന്ത്രണംകൂടിയായതോടെ ജനം വെന്തുരുകുകയാണ്. ആഗസ്‌തിൽ പെയ്‌ത മഴയിൽ കരകയറിയ കാലവർഷം സെപ്‌തംബറിൽ ചതിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. നിലവിൽ ജില്ലയിൽ 13 ശതമാനം മഴ കുറവാണ്. എന്നാൽ, സമാന കാലാവസ്ഥ തുടർന്നാൽ സ്ഥിതി ഗുരുതരമാകും. ജൂൺ ഒന്നുമുതൽ സെപ്‌തംബർ ആറുവരെ 2023.9 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 2333.1 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. കാലവർഷമെത്തിയ ജൂണിലും ജൂലൈയിലും കാര്യമായ കുറവാണ് മഴക്കണക്കിലുണ്ടായത്. ഇതുവരെ നാല് ആഴ്ചകളിൽ മാത്രമാണ് പ്രതീക്ഷിച്ചതിനേക്കാൾ മഴ ലഭിച്ചത്.









0 comments