ആണവോർജമേഖലയിലും അമേരിക്കൻ ദാസ്യപ്പണി

കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളൊക്കെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും ചേർന്നെടുക്കുന്നതാണെന്ന് ധരിക്കുന്ന നിഷ്‌കളങ്കരാണ് ഇന്ത്യയിലേറെയും. എന്നാൽ, പ്രധാനമന്ത്രിയുടെ ഓരോ ചുവടും ആർഎസ്‌എസിന്റെ നിർദേശാനുസരണമാണെന്ന സത്യം പലരും സൗകര്യപൂർവം മറക്കുന്നു. അമേരിക്ക, ഇന്ത്യയുടെ യജമാനനാണെന്ന് മോദി തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ആർഎസ്‌എസ് പറഞ്ഞിട്ടുണ്ട്. എക്കാലത്തും അമേരിക്കയെയും അതിന്റെ സാമ്രാജ്യത്വവ്യാപന നയങ്ങളെയും ആർഎസ്‌എസ് ഗാഢമായി ആശ്ലേഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്; "അമേരിക്കയുമായി സഹകരിക്കാൻ ഇന്ത്യ എന്താണ് ചെയ്യാത്തത്?’ എന്ന് ആർഎസ്‌എസ് നേതാവ് രാംമാധവ് കഴിഞ്ഞമാസം വാഷിങ്‌ടണിലെ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിപാടിയിൽ ചോദിച്ചത്. അമേരിക്ക വിയറ്റ്‌നാമിനെ ആക്രമിച്ചപ്പോൾ പിന്തുണച്ച ആർഎസ്‌എസ് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിക്കുന്പോൾ സ്വാഭാവികമായും പിന്തുണയ്‌ക്കും. അതിന്റെ കെടുതികൾ ട്രംപിന്റെ താരിഫ് ഭീകരതയായി ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യരുടെ മുതുകിൽ വന്നുപതിക്കും. ഇന്ത്യൻ ആഭ്യന്തരോൽപ്പന്നങ്ങളുടെ തകർച്ചയ്‌ക്ക് അത് കാരണമായാലും രാജ്യത്ത് ഉൗർജപ്രതിസന്ധിയുണ്ടായാലും സന്പദ്‌ഘടനതന്നെ തകർന്നാലും കോർപറേറ്റ് സേവകരായ ആർഎസ്‌എസിനോ ബിജെപി നയിക്കുന്ന സർക്കാരിനോ അത് അലോസരമൊന്നും ഉണ്ടാക്കില്ല.
രാജ്യത്തിന്റെ ആത്മാഭിമാനത്തെയും പരമാധികാരത്തെയും ചോദ്യംചെയ്യുന്ന പ്രസ്‌താവനകൾ പലവട്ടം അമേരിക്കൻ പ്രസിഡന്റ് ട്രംപിൽനിന്ന് ഉണ്ടായിട്ടും ദേശസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആർഎസ്‌എസ് മിണ്ടിയിട്ടില്ല. റഷ്യയിൽനിന്നും ഇറാനിൽനിന്നും അസംസ്‌കൃത എണ്ണ വാങ്ങരുതെന്ന് അമേരിക്ക കൽപ്പിച്ചപ്പോൾ, ആർഎസ്‌എസിൽനിന്ന് എതിർപ്പൊന്നും ഉണ്ടായില്ല. ഇതിന്റെ തുടർച്ചയായാണ് അമേരിക്കൻ കന്പനികൾക്ക് ഇന്ത്യൻ ആണവമേഖല കൈയടക്കാനായി മോദിസർക്കാർ എല്ലാ വാതിലുകളും തുറന്നിട്ടുകൊടുക്കുന്നത്. അമേരിക്കയിൽനിന്നെത്തിയ പ്രതിനിധിസംഘം ധനമന്ത്രി നിർമല സീതാരാമൻ, ഉൗർജമന്ത്രി മനോഹർലാൽ ഖട്ടർ എന്നിവരുമായി ചർച്ച നടത്തിയതോടെ ആണവമേഖലയിലെ സ്വകാര്യവൽക്കരണം എന്ന അപകടകരമായ ലക്ഷ്യത്തിലേക്ക് മോദിസർക്കാർ പ്രധാന ചുവടുവച്ചു എന്നുവേണം മനസ്സിലാക്കാൻ. മുംബൈയിൽ അമേരിക്കൻ സംഘം അദാനി, റിലയൻസ്, ടാറ്റ, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ കന്പനികളുമായും കൂടിയാലോചന നടത്തി.
‘ശാന്തി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘ദ സസ്റ്റൈനബിൾ ഹാർനസിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോർമിങ് ഇന്ത്യ’ നിയമം 2025 ഡിസംബറിൽ മോദിസർക്കാർ തിടുക്കപ്പെട്ട് പാസാക്കിയത് ഇതിനുവേണ്ടിയായിരുന്നുവെന്ന് വ്യക്തമാകുകയാണ്. ആറ്റമിക് എനർജി ആക്‌ട് 1962, സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്‌ട് 2010 (സിഎൽഎൻഡിഎ) എന്നീ നിയമങ്ങളെ അസാധുവാക്കിയാണ് ശാന്തി ബിൽ പാസാക്കിയത്. ആണവോർജമേഖല സ്വകാര്യ കമ്പനികൾക്ക് റിയാക്‌ടറുകൾ നിർമിച്ച് പ്രവർത്തിപ്പിക്കാനായി തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടായിരുന്നു നിയമനിർമാണം.
ആണവനിലയം നിർമിക്കാനും നടത്താനുമുള്ള അധികാരം പൊതുമേഖലയ്‌ക്കുമാത്രമായി നൽകുന്നതായിരുന്നു ആറ്റമിക് എനർജി ആക്‌ട്. ഇൗ നിയമം റദ്ദായതോടെയാണ് ന്യൂക്ലിയർ വിതരണശൃംഖലയുടെയും ആണവോർജനിലയങ്ങളിൽനിന്നുള്ള വൈദ്യുതിവിതരണത്തിന്റെയും രംഗങ്ങളിൽ വിദേശ കന്പനികളുടെ രംഗപ്രവേശം. ന്യൂക്ലിയർ വിതരണക്കാരുടെ ബാധ്യത ഒഴിവാക്കിക്കൊണ്ടുള്ള നിയമം പാസാക്കാൻ അമേരിക്കൻ കുത്തകകൾ ദീർഘകാലമായി നടത്തിയ ലോബിയിങ്ങിന്റെ ഫലമാണിത്. ആണവ റിയാക്‌ടറുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും സ്വകാര്യമേഖലയെ അനുവദിക്കുന്നത് ആണവ അപകടസാധ്യത വർധിപ്പിക്കുമെന്ന വസ്‌തുത കണ്ടില്ലെന്നു നടിക്കുകയാണ് മോദിസർക്കാർ. ഇതുവരെ ആണവോർജം പൊതുമേഖലയിലായിരുന്നു. പുതിയ സാഹചര്യത്തിൽ അപകടം നടന്നാൽ വിദേശ വിതരണക്കാർക്ക് ബാധ്യതയൊന്നും ഉണ്ടാകുകയുമില്ല. ആണവ പ്ലാന്റുകൾ സ്വകാര്യമേഖലയിൽ വരുന്നതോടെ അപകടമുണ്ടായാലുള്ള നാശനഷ്‌ടങ്ങളത്രയും ഓപ്പറേറ്റർമാരുടെ ചുമലിലാകും. അപകടമുണ്ടായാൽ സ്വകാര്യ ഓപ്പറേറ്റർമാർ നൽകേണ്ട ബാധ്യതയ്‌ക്ക് പരിധിയുള്ളതിനാൽ ബാക്കിവരുന്ന വൻതുക ഒടുവിൽ ഇന്ത്യൻ ഖജനാവിൽനിന്ന് നൽകേണ്ടിവരും. 2008ൽ മൻമോഹൻ സിങ് സർക്കാരാണ് അമേരിക്കയുമായുള്ള സിവിൽ ആണവ ഉടന്പടി ഒപ്പുവച്ചതെന്ന് ഇൗ ഘട്ടത്തിൽ ഓർമിക്കേണ്ടതുണ്ട്. തങ്ങളുടെ യജമാനന്മാരായ അമേരിക്കയോട് ദാസ്യം പുലർത്തിക്കൊണ്ട് അവിടത്തെ കന്പനികൾക്ക് ലാഭമുറപ്പാക്കുന്പോൾ ഇന്ത്യക്കാരുടെ ജീവന് കേന്ദ്രസർക്കാർ പുല്ലുവിലപോലും കൽപ്പിക്കുന്നില്ല എന്നാണ് ഇതിനർഥം.










0 comments