ഉയർത്തിപ്പിടിക്കാം ഭരണഘടന

സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന, അന്തരിച്ച സഖാവ് സീതാറാം യെച്ചൂരി എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരുന്ന ഒരു കാര്യമുണ്ട് .‘ഭരണഘടന ഉയർത്തിപ്പിടിക്കലാണ് പരമമായ ദേശസ്നേഹം' എന്നതാണ് ആ വാക്കുകൾ. ഇന്നിപ്പോൾ, ഈ 76–-ാം റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയിലെമ്പാടും യെച്ചൂരിയുടെ ആ വാക്കുകൾ മാറ്റൊലിക്കൊള്ളുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങൾ, അവകാശങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന വർത്തമാനകാല ഇന്ത്യയിൽ ഭരണഘടന ഉയർത്തിപ്പിടിക്കുക തന്നെയാണ് ഏറ്റവും വലിയ രാജ്യസ്നേഹം.
സ്വാതന്ത്ര്യത്തിന്റെ 78 പിറന്നാളുകൾ പിന്നിട്ട നമ്മുടെ രാജ്യം പരമാധികാര, മതനിരപേക്ഷ റിപ്പബ്ലിക്കായിട്ട് ഇന്ന് 76 വർഷം. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന, എല്ലാവർക്കും ദിശാബോധം നൽകുന്ന, നമ്മളെല്ലാവരും അംഗീകരിക്കേണ്ട പ്രാമാണിക രേഖയാണ് ഭരണഘടന. ഈ ഭരണഘടനയിൽ ഉൾച്ചേർന്നിട്ടുള്ള ബഹുസ്വരതയാണ് ഇന്ത്യയുടെ സംസ്കാരം.
ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയുടെ നടുക്കുറ്റിയും ആകെത്തുകയുമാണ്. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും തകർക്കാൻ ഹിന്ദുത്വവാദികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന അത്യന്തം ഭീതിദമായ ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയും ഇതുതന്നെ. വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയടക്കം (എസ്ഐആർ ) ഇതിന്റെ ഭാഗമായി കാണണം.
രാജ്യത്ത് തെരഞ്ഞെടുപ്പ് ജനാധിപത്യം ( Electoral Democracy) നിലനിൽക്കുന്നുണ്ടെന്നത് വാസ്തവം. ഭരണഘടന നിർദേശിക്കുന്ന ചട്ടക്കൂടിനകത്തുനിന്നാണ് വോട്ടെടുപ്പ് നടക്കേണ്ടത്. സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം നാം അംഗീകരിച്ചിട്ടുണ്ട്. അപ്പോൾ, ഏതു തെരഞ്ഞെടുപ്പിലായാലും പ്രായപൂർത്തിയായ ( 18 വയസ്സ് ) ഓരോ ഇന്ത്യക്കാരന്റെയും ഇന്ത്യക്കാരിയുടെയും വോട്ടവകാശം ഉറപ്പാക്കുകയെന്നത് അടിസ്ഥാനപരമായ കാര്യമാണ്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്പക്ഷതയും പരമപ്രധാനം. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയെ മുറുകെപ്പിടിക്കാൻ കമീഷൻ ബാധ്യസ്ഥമാണ്. എന്നാൽ, എസ്ഐആറിന്റെ മറവിൽ കോടിക്കണക്കിനാളുകളെ വോട്ടർപ്പട്ടികയിൽനിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ താളത്തിനൊത്ത് കമീഷൻ തുള്ളുന്നുവെന്നാണ് ഉയർന്നിട്ടുള്ള ആരോപണം. ബിജെപി നിർദേശിക്കുന്ന ജനവിഭാഗങ്ങൾ പട്ടികയിൽനിന്ന് പുറന്തള്ളപ്പെടുന്നു.
ഭരണഘടനയുടെ 324, 326, 327 വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് കമീഷന് വിപുലമായ അധികാരമുണ്ടെങ്കിലും പൗരത്വം തീരുമാനിക്കാൻ കമീഷന് അധികാരമില്ലെന്നത് അവിതർക്കിതമാണ്. എസ്ഐആർ സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇക്കാര്യത്തിൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അന്തിമ വാക്ക് സുപ്രീംകോടതിയുടേത് തന്നെ. അഞ്ചു സംസ്ഥാനങ്ങളിൽ ഏതാനും മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വിഷയം ഗൗരവമായ ഒന്നാണെന്ന് മാത്രം പറയട്ടെ. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രഖ്യാപിച്ച എസ്ഐആർ ലക്ഷക്കണക്കിനാളുകളെ വോട്ടർപ്പട്ടികയിൽനിന്ന് പുറന്തള്ളിയിരുന്നുവെന്നും ഓർക്കാം. ഇന്ത്യയെ ഹിന്ദുത്വ രാഷ്ടമാക്കി മാറ്റാനും മനുസ്മൃതിയിലേക്ക് മടക്കിക്കൊണ്ടുപോകാനുമാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. അതിന് ഏറ്റവും വലിയ തടസ്സമായി ഭരണഘടനയെ അവർ കാണുന്നു.
അതുകൊണ്ട് ഭരണഘടന അട്ടിമറിക്കൽ സംഘപരിവാറിന്റെ മുഖ്യ അജൻഡയായി മാറുന്നു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കുന്നതും ഇതേ ലക്ഷ്യത്തോടെ.
ഒരു വശത്ത് ഇത്തരം നടപടികളെങ്കിൽ മറുവശത്ത് നാടിന്റെ സ്വാശ്രയത്വം തകർക്കാനും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനും വിദേശികളെ ഏൽപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കാനും തകൃതിയായ നീക്കങ്ങൾ നടക്കുന്നു. ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തതും തൊഴിലുറപ്പ് പദ്ധതിയടക്കം ഇല്ലാതാക്കുന്നതും ഇതോടൊപ്പം ചേർത്തുവായിക്കാം. ഇത്തരം എല്ലാ നീക്കങ്ങളെയും എതിർത്ത് തോൽപ്പിക്കാൻ വൻ ജനമുന്നേറ്റത്തിന്റെ അനിവാര്യതയാണ് റിപ്പബ്ലിക് ദിനം നമ്മെ ഓർമിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ സിപിഐ എം നേതൃത്വത്തിൽ കൃഷിക്കാരും തൊഴിലാളികളും അണിനിരന്ന ലോങ് മാർച്ച് അങ്ങനെയൊരു ജനമുന്നേറ്റമായിരുന്നു.
ഫെബ്രുവരി 12ന് ഇന്ത്യൻ തൊഴിലാളി വർഗം ഐതിഹാസികമായ പണിമുടക്കിന് ഒരുങ്ങുകയാണ്. ജനാധിപത്യം, മതനിരപേക്ഷത, സാംസ്കാരിക വൈവിധ്യം, മനുഷ്യാവകാശങ്ങൾ, സഹവർത്തിത്വം എന്നിവയെല്ലാം ഉൾച്ചേർന്ന ഭരണഘടന സംരക്ഷിക്കാനും അവകാശങ്ങൾ നേടിയെടുക്കാനും പതർച്ചയില്ലാത്ത ചെറുത്തു നിൽപ്പും നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടങ്ങളും മാത്രമാണ് മുന്നിലുള്ളത്. കൊടുങ്കാറ്റിന്റെ ശക്തിയിൽ ആഞ്ഞുവീശുന്ന മഹാസമരങ്ങൾക്കു മുന്നിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടിവരും. അതുകൊണ്ട്, ഭരണഘടന ഉയർത്തിപ്പിടിച്ച് പോരാടുമെന്നു തന്നെയാകട്ടെ ഈ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ജനതയുടെ പ്രതിജ്ഞ.










0 comments