ad
Deshabhimani

ഹിന്ദുത്വ–കോർപറേറ്റ്‌ വാഴ്‌ചയ്‌ക്കെതിരെ പോരാട്ടം

edit
വെബ് ഡെസ്ക്

Published on Jan 20, 2026, 12:00 AM | 2 min read


തിരുവനന്തപുരത്ത്‌ ഇ എം എസ്‌ അക്കാദമിയിൽ മ‍ൂന്നുദിവസമായി ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പുറപ്പെടുവിച്ച കമ്യൂണിക്കെ സവിശേഷപ്രാധാന്യം അർഹിക്കുന്നു. രാജ്യത്തെ സങ്കീർണ രാഷ്‌ട്രീയസാഹചര്യത്തിൽ ഇടതുപക്ഷ, മതനിരപേക്ഷ, ജനാധിപത്യ വാദികൾക്ക്‌ ദിശാബോധവും സമരസന്ദേശവും നൽകുകയാണ്‌ കമ്യൂണിക്കെ. ഹിന്ദുത്വ വർഗീയശക്തികൾക്കെതിരായ പോരാട്ടവും ജനജീവിതം തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളും ഒരേസമയം മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്യുന്നു. നാല്‌ തൊഴിൽ കോഡുകൾ നടപ്പാക്കാനുള്ള വിജ്ഞാപനത്തിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12ന്‌ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന്‌ കേന്ദ്രകമ്മിറ്റി പൂർണപിന്തുണ പ്രഖ്യാപിച്ചു. പണിമുടക്ക്‌ വിജയിപ്പിക്കാൻ പാർടി പ്രവർത്തകർ രംഗത്തിറങ്ങും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാൻ മോദിസർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 മുതൽ ഒരാഴ്‌ച സിപിഐ എം നേതൃത്വത്തിൽ അതിശക്തമായ പ്രചാരണ–പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.​


പാർലമെന്ററി ജനാധിപത്യസംവിധാനം ദുർബലപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുകയെന്ന അജൻഡയോടെയാണ്‌ ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്ന്‌ കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. ജനകീയ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമായ ബില്ലുകൾ പാർലമെന്റിൽ പാസാക്കുന്നത്‌ മതിയായ ചർച്ചയോ പരിശോധനയോ കൂടാതെയാണ്‌. ഇൻഷുറൻസ്‌ മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്ന ബിൽ, ആണവോർജ മേഖല ആഭ്യന്തര–വിദേശ സ്വകാര്യ കോർപറേറ്റുകൾക്ക്‌ തുറന്നുകൊടുക്കാനുള്ള ബിൽ, തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കുന്ന ബിൽ എന്നിവ പാസാക്കിയത്‌ ഇ‍ൗ രീതിയിലാണ്‌. കർഷകർക്കും സാധാരണക്കാർക്കും ദരിദ്രജനവിഭാഗങ്ങൾക്കും വിനാശകരമായ വിത്തുബില്ലും വൈദ്യുതിബില്ലും ഇത്തരത്തിൽ പാസാക്കാനാണ്‌ നീക്കം. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനാധിപത്യഘടന ഇല്ലാതാക്കാനും സ്വേച്ഛാധിപത്യ ഭരണപ്രവണത ശക്തിപ്പെടുത്താനും ഇ‍ൗ നടപടികൾ കാരണമാകും.


തെരഞ്ഞെടുപ്പ്‌ കമീഷനെ വരുതിയിൽനിർത്തി ആർഎസ്‌എസ്‌-–ബിജെപി കൂട്ടുകെട്ട്‌ ആസൂത്രിതമായി നടപ്പാക്കുന്ന രാഷ്‌ട്രീയപദ്ധതിയാണ്‌ വോട്ടർപ്പട്ടിക പ്രത്യേക തീവ്രപരിശോധനയെന്ന്‌ കേന്ദ്രകമ്മിറ്റി വിലയിരുത്തി. പ‍ൗരത്വം നിർണയിക്കാനുള്ള അവകാശം തട്ടിയെടുക്കുന്നതിനൊപ്പം, വ്യാജ വോട്ടർമാരെ കൂട്ടത്തോടെ തിരുകിക്കയറ്റാനും തെരഞ്ഞെടുപ്പ്‌ കമീഷൻ നടത്തുന്ന ശ്രമത്തിനെതിരെ സിപിഐ എം വിപുലമായി പ്രചാരണം നടത്തും. അർഹരായ എല്ലാവർക്കും വോട്ടവകാശം ഉറപ്പാക്കണം.


മുസ്ലിം–ക്രൈസ്‌തവ ന്യൂനപക്ഷങ്ങൾക്കുനേരെ ഹിന്ദുത്വസംഘടനകൾ ആക്രമണം തുടരുകയാണ്‌. ഇത്തരം ആക്രമണങ്ങൾ തടയാൻ ശ്രമിക്കുന്നില്ലെന്നുമാത്രമല്ല, ഇതിനുള്ള സ‍ൗകര്യംകൂടി ബിജെപി സർക്കാരുകൾ ചെയ്‌തുകൊടുക്കുകയാണെന്ന്‌ കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്‌ത്രീകൾക്കും ദളിത്‌–ആദിവാസി വിഭാഗങ്ങൾക്കും നേരെ അതിക്രമങ്ങൾ പെരുകുന്നു. മതനിരപേക്ഷരാജ്യത്തെ തകർത്ത്‌ ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌–ബിജെപി പദ്ധതിയുടെ ഭാഗമാണ്‌ ഇ‍ൗ കടന്നാക്രമണങ്ങളെന്ന്‌ മനസ്സിലാക്കേണ്ടതുണ്ട്‌. ജനാധിപത്യപരമായ എല്ലാ അവകാശങ്ങളോടെയും ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി തിരിച്ചുനൽകണമെന്ന്‌ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. വെനസ്വേല‍, പലസ്‌തീൻ വിഷയങ്ങളിൽ അമേരിക്കയെ തള്ളിപ്പറയാത്ത മോദിസർക്കാരിന്റെ വിദേശനയം അപമാനകരമാണെന്ന്‌ സിപിഐ എം വ്യക്തമാക്കുന്നു. അമേരിക്കൻ ആധിപത്യ പദ്ധതിക്ക്‌ കീഴടങ്ങി ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാവകാശങ്ങൾ അടിയറവയ്‌ക്കുകയാണ്‌ കേന്ദ്രം.


പുരോഗമനരാഷ്‌ട്രീയം, അധികാരവികേന്ദ്രീകരണം, അവകാശസംരക്ഷണം എന്നിവയിൽ അധിഷ്‌ഠിതമായ വികസനമാതൃക നടപ്പാക്കുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചു നീക്കാനായി. എൽഡിഎഫ്‌ സർക്കാരിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയും പ്രതിബദ്ധതയുമാണ്‌ നേട്ടങ്ങൾക്ക്‌ അടിസ്ഥാനം. പ്രതിപക്ഷപാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുനേരെയുള്ള രാഷ്‌ട്രീയവൈരാഗ്യത്തിന്റെ ഭാഗമായി കേന്ദ്രം കേരളത്തിനെതിരെ നിരന്തരം സാന്പത്തികയുദ്ധം നടത്തുകയാണെന്നും ഓർക്കേണ്ടതുണ്ട്‌. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർമാർ തുടർച്ചയായി മൂന്നാംതവണയും എൽഡിഎഫിനെ അധികാരത്തിലേറ്റുമെന്ന്‌ കേന്ദ്രകമ്മിറ്റി ആത്മവിശ്വാസം രേഖപ്പെടുത്തി. ബംഗാളിൽ ധ്രുവീകരണം സൃഷ്ടിക്കുന്ന ടിഎംസിയെയും ബിജെപിയെയും പരാജയപ്പെടുത്താനായി അണിചേരാൻ തയ്യാറാകുന്ന എല്ലാവരുമായും കൈകോർക്കും.


തമിഴ്‌നാട്ടിൽ ബിജെപിയെയും സഖ്യകക്ഷികളെയും തോൽപ്പിക്കാൻ ഡിഎംകെയോടൊപ്പം നിലകൊള്ളും. അസമിൽ ബിജെപിയുടെ ഭ്രാന്തമായ വർഗീയ അജൻഡയ്‌ക്കെതിരെ രംഗത്തുവരുന്ന എല്ലാ പാർടികളെയും ഒന്നിച്ചുനിർത്താനായി പ്രവർത്തിക്കും. പുതുച്ചേരിയിൽ ബിജെപി സഖ്യസർക്കാരിനെ പരാജയപ്പെടുത്താനായി പ്രവർത്തിക്കുമെന്നും സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്‌. ചുരുക്കത്തിൽ, രാജ്യത്ത്‌ നടമാടുന്ന ഹിന്ദുത്വ–കോർപറേറ്റ്‌ വാഴ്‌ചയ്‌ക്കെതിരെ സന്ധിയില്ലാസമരം തുടരണമെന്നാണ്‌ സിപിഐ എം ഉറപ്പിച്ചിട്ടുള്ളത്‌. പാർടിയുടെ തനതായ കരുത്ത് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home