print edition ത്യാഗം സഹിക്കാൻ പ്രധാനമന്ത്രി ജനങ്ങളെ ഉപദേശിക്കുമ്പോൾ

രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചിരിക്കുന്നു. മുണ്ട് മുറുക്കിയുടുക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. രാജ്യം സാമ്പത്തികപ്രതിസന്ധിയിലല്ലെന്ന് ആവർത്തിച്ചുപറയുന്ന അതേ സർക്കാരാണ് ജനങ്ങളുടെ ജീവിതശൈലി ചുരുക്കണമെന്ന് ഇപ്പോൾ ആവശ്യപ്പെടുന്നത്.
ഇത് സർക്കാരിന്റെ സാമ്പത്തിക നയപരാജയത്തിന്റെ സമ്മതമല്ലാതെ മറ്റെന്താണ്? യുദ്ധത്തിന്റെ പേരിൽ ജനങ്ങളോട് ‘ത്യാഗം’ ആവശ്യപ്പെടുന്ന കേന്ദ്രസർക്കാർ, കോർപറേറ്റ് കമ്പനികൾക്കും അതിസമ്പന്നർക്കും നൽകിയ നികുതിയിളവുകളെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നില്ല. സാധാരണ ജനങ്ങളുടെ ഉപഭോഗം ചുരുക്കുകമാത്രമാണ് പ്രതിസന്ധി മറികടക്കാനുള്ള മാർഗമെന്ന സമീപനം ജനവിരുദ്ധമാണ്.
വിദേശനാണ്യം ലാഭിക്കേണ്ടതുണ്ടെന്നും പെട്രോൾ-–ഡീസൽ ഉപയോഗം കുറയ്ക്കണമെന്നും വർക് ഫ്രം ഹോം, വീഡിയോ കോൺഫറൻസിങ് രീതികൾ വീണ്ടും ശീലമാക്കണമെന്നുമാണ് പ്രധാനമന്ത്രി കഴിഞ്ഞദിവസം നിർദേശിച്ചത്. മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുക, കാർപൂളിങ് പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യഎണ്ണ ഉപയോഗം കുറയ്ക്കുക, പ്രകൃതിദത്ത കൃഷിരീതികൾ സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചു.
അത്യാവശ്യം വേണ്ടതല്ലാത്ത സ്വർണം വാങ്ങരുതെന്നും വിദേശയാത്രകൾ നീട്ടിവയ്‌ക്കണമെന്നും രാസവളം ഉപയോഗം കുറയ്‌ക്കാനും നാടൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രതിസന്ധി ആകസ്‌മികമല്ല. ബിജെപി സർക്കാരിന്റെ നയങ്ങൾ വരുത്തിവച്ച കുഴപ്പങ്ങൾ, അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ കടന്നാക്രമണം നടത്തിയതോടെ മൂർച്ഛിക്കുകയായിരുന്നു. ഇന്ധനമേഖലയിൽ അടക്കം കോർപറേറ്റ് പ്രീണന–അമേരിക്കൻ വിധേയ നയങ്ങൾ പിന്തുടരുന്നത് രാജ്യത്തെ അപകടത്തിലേക്ക് നയിക്കുമെന്ന് ഇടതുപക്ഷവും സാമ്പത്തികവിദഗ്‌ധരും മുന്നറിയിപ്പ് നൽകിയിരുന്നു.
ആഗോളവിപണിയിൽ എണ്ണവില കുറഞ്ഞുനിന്നത് ഒന്നും രണ്ടും മോദിസർക്കാരുകൾക്ക് ചാകരയായി. 2014ൽ മോദി അധികാരത്തിൽ എത്തുമ്പോൾ എണ്ണവില വീപ്പയ്‌ക്ക് നൂറ് ഡോളറിൽ കൂടുതലായിരുന്നെങ്കിൽ 2015–2016 കാലത്ത് ഇത് 40നും 50നും ഇടയിലായി. വില പിന്നീട് അൽപ്പം ഉയർന്നുവെങ്കിലും 2019 വരെ 65 ഡോളറിൽ താഴെയായി നിലകൊണ്ടു. വിലക്കുറവിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ പ്രത്യേക തീരുവകൾ കുത്തനെ കൂട്ടി ഉപയോക്താക്കളെ കൊള്ളയടിക്കുകയാണ് മോദിസർക്കാർ ചെയ്‌തത്.
ഉക്രയ്‌ൻ യുദ്ധത്തെ തുടർന്ന് 2021–2022ൽ വില കുതിച്ചുയർന്നെങ്കിലും വീണ്ടും 70–90 ഡോളർ എന്ന നിലയിലായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എണ്ണവില വീപ്പയ്‌ക്ക് 110 ഡോളറിൽ കൂടുതലായതോടെ രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് കൂടി. ഡോളറുമായി രൂപയുടെ വിനിമയനിരക്കിലെ ഇടിവ് നിയന്ത്രിക്കാനും മോദിസർക്കാരിന് കഴിയുന്നില്ല. ഇറക്കുമതി കുറയ്‌ക്കാൻ രാസവളം ഉപയോഗം വൻതോതിൽ നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്കും ഭീഷണിയാണ്. രാസവളം ഉപയോഗം കുറച്ച ശ്രീലങ്കയുടെ അവസ്ഥ മറക്കാറായിട്ടില്ല.
യുദ്ധത്തെ തുടർന്ന് വിപണിയിൽ അനുഭവപ്പെടുന്ന മാന്ദ്യം ശക്തിപ്രാപിക്കാൻ പ്രധാനമന്ത്രി നിർദേശിക്കുന്ന നിയന്ത്രണങ്ങൾ വഴിയൊരുക്കും. കോവിഡ് കാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ അവസാനിച്ചിട്ടില്ല. ചെറുകിട വ്യാപാരികൾ, പ്രവാസികൾ, ദിവസവേതന തൊഴിലാളികൾ, കർഷകർ തുടങ്ങി എല്ലാവരും സാമ്പത്തിക തിരിച്ചടിയുടെ ഭാരം വഹിക്കുകയാണ്.
ഈ സാഹചര്യത്തിൽ വീണ്ടും ‘ത്യാഗത്തിന്റെ രാഷ്ട്രീയം’ മുന്നോട്ടുവയ്ക്കുന്നത് ജനങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ്. ചെലവുചുരുക്കൽ അല്ല വേണ്ടത്, മറിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പൊതുമേഖല ശക്തിപ്പെടുത്തുന്നതും വിലക്കയറ്റം നിയന്ത്രിക്കുന്നതും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതുമായ സമഗ്ര സാമ്പത്തികനയങ്ങളാണ്. കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും നൽകുന്ന തലോടലുകൾ മോദിസർക്കാർ തുടരുകയുമാണ്.
വിദേശയാത്രകൾ ഒഴിവാക്കാനും സ്വർണം വാങ്ങാതിരിക്കാനും പറയുന്നതിനുമുമ്പ്, വിദേശരാജ്യങ്ങളിലെ ആഡംബര നിക്ഷേപങ്ങളും കോർപറേറ്റ് മൂലധന പലായനവും നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണം. സാമ്പത്തികപ്രതിസന്ധിയുടെ മുഴുവൻ ഭാരവും തൊഴിലാളിവർഗത്തിന്റെയും പാവപ്പെട്ടവരുടെയും ചുമലിലേക്ക് മാറ്റാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും ഒരുമിച്ച് ശ്വാസംമുട്ടിക്കുമ്പോൾ, ഭരണകൂടം കൂടുതൽ മിതവ്യയം ഉപദേശിക്കുന്നത് പരിഹാസ്യമാണ്.










0 comments