Deshabhimani

print edition ആസൂത്രണത്തിലും യുഡിഎഫ്‌ ഭരണം 
ബിജെപി വഴിയിൽ

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 07, 2026, 12:00 AM | 2 min read

കേരളത്തിലെ യുഡിഎഫ്‌ സർക്കാർ പിന്തുടരുന്ന നയങ്ങൾക്ക്‌ പ്രചോദനം മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്‌ ആശയങ്ങളല്ല. ഇ‍ൗ സർക്കാർ ആശ്ലേഷിക്കുന്നത്‌ തീർച്ചയായും സംഘപരിവാറിന്റെ ഹിന്ദുത്വ–കോർപറേറ്റ്‌ പ്രത്യയശാസ്‌ത്രത്തെയാണെന്ന്‌ ഓരോ ദിവസവും കേരളത്തിലെ ജനങ്ങൾക്ക്‌ തെളിമയോടെ ബോധ്യപ്പെടുകയാണ്‌. ഇത്‌ രാഷ്‌ട്രീയവിയോജിപ്പുള്ളവർ പറയുന്ന വെറും ആരോപണമല്ല, യുഡിഎഫ്‌ സർക്കാർ കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി പങ്കിടുന്ന ആശയഐക്യം എത്രമേൽ ഗാഢമാണെന്ന്‌ ദൈനംദിന പൊലീസ്‌ നടപടികളുടെ സ്വഭാവംമുതൽ വികസനവും ആസ‍‍ൂത്രണവും അടക്കമുള്ള കാര്യങ്ങളിലെ സമീപനംവരെ പരിശോധിച്ചാൽ വ്യക്തമാകും.


പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ നടപടിക്രമങ്ങളിൽ സ്വകാര്യ ഏജൻസികളെ പങ്കാളികളാക്കിക്കൊണ്ട്‌ ഒക്‌ടോബർ മൂന്നിന്‌ ആസൂത്രണ ബോർഡ്‌ ഇറക്കിയ വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കഴിഞ്ഞദിവസം ദേശാഭിമാനി പുറത്തുവിട്ടിരുന്നു. കേരളത്തിന്റെ 15–ാം പഞ്ചവത്സരപദ്ധതി (2027–-32) തയ്യാറാക്കുന്നതിനും അനുബന്ധ ചുമതലകൾക്കുമായി പ്രൊഫഷണൽ, ഗവേഷണ, സാങ്കേതിക പിന്തുണ നൽകുന്നതിന് കൺസൾട്ടിങ്‌ സ്ഥാപനങ്ങൾ, തിങ്ക് ടാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, മറ്റ് പ്രൊഫഷണൽ സംഘടനകൾ എന്നിവയെ എംപാനൽ ചെയ്യുന്നതിനാണ്‌ പുതിയ വിജ്ഞാപനം. ഇതോടെ കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രസക്തിയെത്തന്നെ യുഡിഎഫ്‌ സർക്കാർ വെല്ലുവിളിക്കുകയാണ്‌. 2014ൽ കേന്ദ്രത്തിൽ അധികാരമേറ്റ മോദിസർക്കാർ ആസൂത്രണ കമീഷൻ പിരിച്ചുവിട്ട്‌ 2015ൽ നിതി ആയോഗിന്‌ രൂപംനൽകിയ അതേ മാതൃകയാണ്‌ കേരളത്തിലും പിന്തുടരുന്നത്‌ എന്നത്‌ സംശയലേശമന്യേ തെളിയുകയാണ്‌.

വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, മറ്റു പങ്കാളികൾ എന്നിവരടങ്ങുന്ന മേഖലാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലുമുള്ള വർക്കിങ്‌ ഗ്രൂപ്പുകൾ മുഖേനയാണ് പദ്ധതി തയ്യാറാക്കുന്നത്.


സർക്കാരിലും വർക്കിങ്‌ ഗ്രൂപ്പുകളിലും ലഭ്യമായ വിദഗ്ധസേവനങ്ങൾക്കുപുറമെ, പ്രത്യേക പ്രൊഫഷണൽ, ഗവേഷണ, സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനായി കൺസൾട്ടിങ്‌ സ്ഥാപനങ്ങൾ, തിങ്ക് ടാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, മറ്റ് പ്രൊഫഷണൽ സംഘടനകൾ എന്നിവയെ ആസൂത്രണ ബോർഡ് എംപാനൽ ചെയ്യുന്നതോടെ കേരളത്തിന്റെ വിഭവശേഷി സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും വിദേശത്തടക്കമുള്ള ഏജൻസികൾക്ക്‌ കൈമാറ്റം ചെയ്യപ്പെടും.


കരടുനിർദേശങ്ങൾ തയ്യാറാക്കൽ, നയം–പ്രോഗ്രാം–ഡാറ്റ വിശകലനം, നിലവിലുള്ള പദ്ധതികളുടെയും പ്രോഗ്രാമുകളുടെയും അവലോകനം, ദേശീയ–അന്തർദേശീയ തലത്തിലുള്ള ബെഞ്ച്മാർക്കിങ്ങും മികച്ച മാതൃകകൾ കണ്ടെത്തലും, തന്ത്രപരമായ മുൻഗണനകളും വികസന അവസരങ്ങളും തിരിച്ചറിയൽ, പ്രോഗ്രാമുകൾ–പ്രോജക്ടുകൾ–നിർവഹണ ചട്ടക്കൂടുകൾ എന്നിവയുടെ വികസനം, വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ടുകളുടെയും പ്ലാൻ രേഖകളുടെയും തയ്യാറാക്കലും അവലോകനവും മറ്റും ഇത്തരം ഏജൻസികൾക്ക്‌ കൈവരികയെന്നത്‌ അങ്ങേയറ്റം അപകടകരമാണ്‌. ഇതുവരെ ആസൂത്രണ ബോർഡ്‌ വിദഗ്‌ധസമിതി നിർവഹിച്ചിരുന്ന ചുമതലകളാണ്‌ ഇതെല്ലാം.


സംസ്ഥാന രൂപീകരണശേഷം ഏഴുപതിറ്റാണ്ട്‌ നീണ്ട കാലയളവിൽ ഒരിക്കൽപ്പോലും കാണാത്തവിധത്തിലുള്ള ഒരു നടപടിക്ക്‌ യുഡിഎഫ്‌ സർക്കാർ തയ്യാറായത്‌ കോർപറേറ്റ്‌ ആഭിമുഖ്യംകൊണ്ടും കേന്ദ്രസർക്കാരിനോടുള്ള ലജ്ജാകരമായ വിധേയത്വംകൊണ്ടുമാണ്‌. രാജ്യത്ത്‌ ആസൂത്രണ കമീഷൻ പിരിച്ചുവിട്ട്‌ നിതി ആയോഗ്‌ നിലവിൽവന്നതോടെ 1951ൽ നെഹ്‌റുവിന്റെ കാലംമുതൽ 2014 വരെ നടപ്പാക്കിയ പഞ്ചവത്സരപദ്ധതികൾക്ക്‌ ഫലത്തിൽ അന്ത്യംകുറിക്കുകയുണ്ടായി. ആസൂത്രണത്തിൽ കോർപറേറ്റ്‌ താൽപ്പര്യങ്ങൾക്ക്‌ കൂടുതൽ പ്രാമുഖ്യം ലഭിച്ചു എന്നതാണ്‌ ഇതിന്റെ ദുരന്തഫലം. എന്നാൽ, ഇതിനുശേഷവും കേരളത്തിൽ സംസ്ഥാന ആസൂത്രണ ബോർഡും പഞ്ചവത്സരപദ്ധതിയും തുടർന്നു.


പഞ്ചവത്സരപദ്ധതികളും വാർഷികപദ്ധതികളും തയ്യാറാക്കുന്നതും സാമ്പത്തിക റിവ്യൂ പ്രസിദ്ധീകരിക്കുന്നതും പദ്ധതികളുടെ നടപ്പാക്കൽ നിരീക്ഷിക്കുന്നതും വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുന്നതും ആസൂത്രണ ബോർഡാണ്‌. മാത്രമല്ല, വികേന്ദ്രീകൃത ആസൂത്രണം ഏകോപിപ്പിക്കുകയും കേന്ദ്രാവിഷ്‌കൃതപദ്ധതികളെക്കുറിച്ച് സംസ്ഥാനത്തിന് നയപരമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ആസൂത്രണ ബോർഡിനെ ശ്വാസംമുട്ടിച്ചുകൊല്ലാൻതന്നെയാണ്‌ നീക്കം.


സംസ്ഥാന പൊലീസ്‌ ബിജെപിയുടെ ആജ്ഞാനുവർത്തികളായാണ്‌ ഭരിക്കുന്നതെന്ന ഗുരുതര ആക്ഷേപം നിലനിൽക്കുകയാണ്‌. മന്ത്രിമാരെ തടഞ്ഞ ബിജെപിക്കാർക്കുനേരെ പൊലീസ്‌ നടപടിയില്ല. യൂത്ത്‌ കോൺഗ്രസ്‌ അതിക്രമങ്ങൾക്ക്‌ ഇരകളായ എസ്‌എഫ്‌ഐ പ്രവർത്തകർ അടക്കമുള്ള വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കുന്നു. പൊലീസ്‌ മാന്വലും പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ച്‌ സമൂഹമാധ്യമങ്ങൾ വഴി ഭീഷണിമുഴക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ രാഷ്‌ട്രീയസംരക്ഷണവും ലഭിക്കുന്നു. ഇത്തരം പൊലീസുകാരുടെ സംഘപരിവാർ ബന്ധവും പുറത്തുവന്നിട്ടുണ്ട്‌.


കാസർകോട്‌ കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികളെ പുറത്തുനിർത്തി, ആർഎസ്‌എസ്‌ നേതാവിനെ എഴുന്നള്ളിച്ച്‌ നടത്തിയ പരിപാടിക്ക്‌ കേരള പൊലീസ്‌ കാവൽനിന്നു. മൂന്ന്‌ എംഎൽഎമാർ മതി തങ്ങൾക്ക്‌ കേരളം ഭരിക്കാനെന്ന ബിജെപി നേതാക്കളുടെ അവകാശവാദത്തെ വി ഡി സതീശനും കൂട്ടരും ശരിവയ്ക്കുകയാണ്‌. തങ്ങളല്ല ഭരിക്കുന്നതെങ്കിലും ബിജെപിയുടെ നയങ്ങളാണ്‌ സതീശൻ സർക്കാർ നടപ്പാക്കുന്നതെന്ന രാജീവ്‌ ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കളുടെ അവകാശവാദത്തെയാണ്‌ യുഡിഎഫ്‌ സർക്കാർ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നത്‌. കേരളം ഭരിക്കുന്നത്‌ ബിജെപിയാണോ എന്ന്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‌ ചോദിക്കേണ്ടിവന്നതും ഓർക്കേണ്ടതുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home