പത്താംതവണയും ചിത്രരചനയിൽ ദേവനന്ദ

ഉദുമ കൊച്ചുനാൾ തൊട്ട് നിറങ്ങളോടും വരകളോടും കൂട്ടുകൂടി മനോഹരവിസ്മയം തീർത്തുകൊണ്ടിരിക്കുന്ന ദേവനന്ദ പകരക്കാരില്ലാത്ത ചിത്രകാരിയായി. വനം-വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാതല ചരിത്ര രചനമത്സരത്തിൽ പത്താം വർഷവും വിജയം നേടിയ ദേവനന്ദ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ്. ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ, നാലാംക്ലാസ് വരെയുള്ള മുതിർന്ന കുട്ടികളോട് മത്സരിച്ച് പെൻസിൽ ഡ്രോയിങ്ങിൽ രണ്ടാംസ്ഥാനം നേടിയായിരുന്നു തുടക്കം. തുടർന്നു ഇങ്ങോട്ട് മത്സരങ്ങൾ നടക്കാതിരുന്ന, കോവിഡ് കാലത്തെ രണ്ടു വർഷമൊഴികെ, എല്ലാ വർഷങ്ങളിലും പെൻസിൽ വരയിലും ജലച്ചായത്തിലും വിജയം ദേവനന്ദയ്ക്കൊപ്പം തന്നെയായിരുന്നു. എട്ടിലും ഒൻപതിലും ഈ വർഷവും രണ്ടിനങ്ങളിലും ഒരുപോലെ ഒന്നാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞവർഷം ജില്ലാ കലോത്സവത്തിന് പ്രൊമോവീഡിയോ തയ്യാറാക്കി ഒന്നാംസ്ഥാനം നേടി. ചിത്രകാരൻ വിനോദ് അമ്പലത്തറയുടെ കീഴിലാണ് ചിത്ര രചനയിൽ പരിശീലനം നേടിയത്. ഇത്തവണ കോളേജ് തലത്തിലുള്ള വിദ്യാർഥികളോടൊപ്പമായിരുന്നു ഹയർസെക്കൻഡറിയിൽനിന്നുള്ള ദേവനന്ദയുടെ മത്സരം. സംസ്ഥാനത്തിലുടനീളം ഒരേ സമയത്ത് ഒരേ വിഷയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ല, ഉപജില്ല സ്‌കൂൾ മേളകളുടെ ലോഗോയും ദേവനന്ദയുടേതായി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട്, കോഴിക്കോട് ആർട്ഗാലറികളിലും ദേവനന്ദയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അക്കാദമിക പഠനത്തിലും ഒന്നാമതായ ദേവനന്ദ ജില്ലാ–-സംസ്ഥാന ക്വിസ് മത്സരങ്ങളിലും ഉന്നതവിജയം നേടിയിട്ടുണ്ട്. പനയാൽ ഗവ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ കെ ടി ബാബുവിന്റെയും തച്ചങ്ങാട് ഗവ. ഹൈസ്കൂൾ അധ്യാപികയും കവയിത്രിയുമായ കെ സുനിമോൾ ബളാലിന്റെയും മകളാണ്. കവയത്രി കൂടിയായ സഹോദരി ആര്യനന്ദ മൈക്രോബയോളജി ബിരുദാന്തരബിരുദ വിദ്യാർഥിയാണ്.








0 comments