അണിയണിയായ് പടർന്ന് മാറ്റത്തിന്റെ പടയണിയായ്

കാസർകോട് ജന്മിമാരുടെ ചൂഷണത്തിനും അക്രമപ്പിരിവുകൾക്കുമെതിരെ ഇൗ മണ്ണിൽനിന്ന് ഉയർന്നുവന്ന ചെറുത്തുനിൽപ്പിന്റെ ശബ്ദം നാടിന്റെ ചരിത്രംതന്നെ തിരുത്തിയെഴുതിയതാണ്. കർഷകരുടെ മുന്നണിപ്പോരാളിയായി നിലകൊണ്ട കർഷകസംഘം നയിച്ച എണ്ണമറ്റ ജാഥകളും സമരങ്ങളും പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളായി ഇന്നും തിളങ്ങുന്നു. ജന്മിത്വത്തിനെതിരെ കർഷകരെ അണിനിരത്താൻ അക്കാലത്ത് കർഷകസംഘം ആവിഷ്‌കരിച്ച ശ്രദ്ധേയമായ പരിപാടിയാണ് കാൽനടജാഥകൾ. ജന്മിത്വത്തിനെതിരായ ആദ്യത്തെ പരസ്യമായ പോരാട്ടംകൂടിയാണിത്. ജാഥകളിലെല്ലാം ഓരോ പ്രദേശത്തെയും കർഷകർ ഒന്നടങ്കം അണിചേർന്നു. ചില ജന്മിമാർ കൃഷിക്കാരുടെ അടിയന്തര ആവശ്യങ്ങളിൽ ചിലത് അംഗീകരിച്ചുകൊടുക്കാൻ തയ്യാറായി. ഇത് കർഷകരിൽ വലിയ ഉണർവിന് കാരണമായി. 1935–38 കാലത്താണ് ഇന്നത്തെ കാസർകോട് ജില്ല ഉൾപ്പെടുന്ന കാസർകോട് താലൂക്കിൽ കർഷകസംഘം കരുത്തുറ്റ പ്രസ്ഥാനമായി മാറുന്നത്. ജന്മിമാരുടെ അരികിലേക്ക് ജാഥയായി പോയി തങ്ങളുടെ അടിയന്തര ആവശ്യങ്ങൾ അറിയിക്കുകയായിരുന്നു കർഷകസംഘം തുടക്കത്തിൽ ചെയ്‌തത്. കാൽനടയായി ജില്ലാ ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരെ കണ്ടും നിവേദനം നൽകുമായിരുന്നു. നിരവധി ഗ്രാമങ്ങളെ ഇളക്കിമറിച്ച ബഹുജനമുന്നേറ്റമായി ഇൗ ജാഥകൾ ചെറിയ കാലത്തിനുള്ളിൽ മാറി. കർഷകസംഘത്തിന്റെ മുദ്രാവാക്യങ്ങൾ എളുപ്പത്തിൽ ജനങ്ങളിലെത്താൻ ഇത്തരം ജാഥകൾ വഹിച്ച പങ്ക് ചെറുതല്ല. 1938 ഡിസംബർ എട്ടിനാണ് കർഷകസംഘം കാസർകോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി എസ് തിരുമുന്പ് നേതൃത്വം നൽകിയ ജാഥ മംഗലാപുരത്തേക്ക് പുറപ്പെട്ടത്. ജന്മിമാരുടെ അക്രമ പിരിവുകൾക്കെതിരെ കർഷകരെ അണിനിരത്താൻ ഇൗ ജാഥയിലൂടെ കർഷകസംഘത്തിന് സാധിച്ചു. 40 ഗ്രാമങ്ങളിലെ പ്രാദേശിക സംഘങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 130 പേർ ഉൾക്കൊള്ളുന്നതായിരുന്നു ജാഥ. മംഗലാപുരത്ത് കലക്ടറുടെ ആസ്ഥാനത്തേക്ക് നടന്ന ജാഥ തുടങ്ങിയത് തൃക്കരിപ്പൂരിൽനിന്ന്. ജന്മിക്ക് വാരം കൊടുത്താൽ രശീത് നിർബന്ധമായും നൽകുക, അക്രമപ്പിരിവുകളായ വാശി, നുരി, മുക്കാൽ, ശീലക്കാശ്, പൊലി, വെച്ചുകാണൽ തുടങ്ങിയവ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജാഥ. കർഷകരുടെ ആവശ്യങ്ങളടങ്ങിയ നിവേദനം ജാഥാംഗങ്ങൾ കലക്ടർക്ക് നൽകി. ഇതിനുശേഷം ഇത്തരം എണ്ണമറ്റ ജാഥകൾ ജന്മിമാരുടെ വീടുകളിലേക്കും ഉദ്യോഗസ്ഥരുടെ അടുത്തേക്കും സംഘടിപ്പിച്ചു. 1939 ഒക്ടോബർ, നവംബർ മാസങ്ങളിലായി ഇത്തരം ആറ് ജാഥകൾ നടന്നു. ഏകദേശം ഏഴായിരത്തോളം കർഷകർ അണിചേർന്നു. എടനീർ മഠത്തിലേക്ക് എ കെ ജി നയിച്ച ജാഥയിൽ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. ജാഥയിൽ മുഴങ്ങിയത് ഒറ്റ ആവശ്യം മാത്രം. വാരം കൊടുത്താൽ രശീത് കിട്ടണം. ജാഥ എടനീർ മഠത്തിലെത്തി എ കെ ജി ജന്മിയെ കണ്ടു. ആവശ്യം പറഞ്ഞു. ജന്മി ആവശ്യം അംഗീകരിച്ചു.








0 comments