പൊക്കുടന്റെ കണ്ടൽവഴിയിൽ മകനും

നീലേശ്വരം അച്ഛന്റെ പാത പിന്തുടർന്ന് പ്രകൃതി പ്രകൃതിസംരക്ഷണ പ്രവർത്തനത്തിൽ സജീവമാണ് രഘുനാഥൻ മുട്ടുകാടി. കണ്ടൽകാടുകളുടെ രക്ഷകൻ എന്നറിയപ്പെടുന്ന കല്ലേൻ പൊക്കുടന്റെ മകൻ രഘുനാഥൻ മുട്ടുകാടിയാണ് കണ്ടൽ സംരക്ഷണത്തിലും വ്യാപനത്തിലും അച്ഛന്റെ വഴിയേ സഞ്ചരിക്കുന്നത്. കാസർകോട് മൈ ഭാരത്, ബെള്ളിക്കോത്ത് തത്ത്വമസി യോഗകേന്ദ്രം, പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻസിസി, എൻഎസ്എസ് യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ പടന്നക്കാട് നീലേശ്വരം പുഴയോരത്ത് കണ്ടൽ തൈകൾ നട്ടു. രഘുനാഥൻ മുട്ടുകാടി ശേഖരിച്ച കണ്ടൽ തൈകൾ കല്ലേൻ പൊക്കുടന്റെ കണ്ടൽ വനവൽക്കരണരീതിയിൽ പുഴയോരത്ത് തൈകൾനട്ട് സമീപത്ത് താങ്ങായി ശീമക്കൊന്ന കമ്പുകൾ പിടിപ്പിച്ചു. വളരെ വേഗം പടർന്ന് പിടിക്കുന്ന ഭ്രാന്തൻ കണ്ടൽ തൈകളാണ് നട്ടത്. നൂറ് വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ നൂറ് കണ്ടൽ തൈകൾ നട്ടു. "കണ്ടൽകാടുകളും പരിസ്ഥിതി സംരക്ഷണവും’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഡോ.നന്ദകുമാർ കോറോത്ത് രഘുനാഥൻ മുട്ടുകാടിയെ ആദരിച്ചു. ഡോ.പി രജീഷ് അധ്യക്ഷനായി. അശോക് രാജ് ബെള്ളിക്കോത്ത് സ്വാഗതവും ഗൗതം കരിച്ചേരി നന്ദിയും പറഞ്ഞു.








0 comments