Deshabhimani

കാവി അജണ്ടക്കെതിരെ 
ഒറ്റക്കെട്ടായി വിദ്യാർഥി സമൂഹം

കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികമെന്ന പേരിൽ ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു
വെബ് ഡെസ്ക്

Published on Oct 07, 2026, 03:00 AM | 1 min read

കാസർകോട്‌ കേരള കേന്ദ്ര സർവകലാശാലയിൽ ആർഎസ്‌എസ് കൂറുകാട്ടി വിദ്യാർഥികൾക്കെതിരെ പൊലീസ്‌ നടപടി. വർഗീയ സെമിനാറിനെതിരെ പ്രതിഷേധിച്ച വിദ്യാർഥി സമൂഹത്തെ അടിച്ചവശരാക്കിയാണ്‌ ആർഎസ്‌എസ്‌ നേതാവിന്‌ വഴിയൊരുക്കിയത്‌. സെമിനാറിന്‌ സംസ്ഥാന പൊലീസ്‌ പൂർണസമയ കരുതലും കാവലുമായി. ആർഎസ്‌എസ്‌ നേതാവ്‌ ജെ നന്ദകുമാറിനെ പൊതിഞ്ഞുസംരക്ഷിച്ചാണ്‌ വർഗീയ സെമിനാറിന്റെ വേദിയിലെത്തിച്ചത്‌. സെൻട്രൽ ലൈബ്രറിയിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനും ആർഎസ്‌എസ്‌ പ്രഭാഷണത്തിനും ഭംഗംവരാതിരിക്കാൻ മണിക്കൂറുകളോളം സർവ സഹ്നാഹവുമുപയോഗിച്ചു. പ്രതിഷേധമറിയിച്ച വിദ്യാർഥികളെ അടിച്ചു തള്ളിമാറ്റി. ചോദ്യംചെയ്‌ത വിദ്യാർഥികൾക്കുനേരെ സർവകലാശാല അധികൃതരുടെ നിർദേശപ്രകാരമാണ്‌ തങ്ങൾ എത്തിയത്‌ എന്ന്‌ ആക്രോശിച്ചു. വനിതാ പൊലീസുകാരെ വിന്യസിക്കാതെയാണ്‌ പെൺകുട്ടികളെ ഉൾപ്പെടെ തള്ളിയിട്ടത്‌. ചൊവ്വ അതിരാവിലെതന്നെ സർവകലാശാല കാമ്പസിനകത്ത്‌ പൊലീസ്‌ എത്തിയിരുന്നു. ബേക്കൽ ഡിവൈഎസ്‌പിയും രാജപുരം, ബേക്കൽ, മേൽപ്പറമ്പ്‌ സിഐമാരും സർവകലാശാലയിൽ ക്യാമ്പുചെയ്‌തു. പൊലീസ്‌ അതിക്രമം അറിഞ്ഞ്‌ സർവകലാശാലയിലേക്കെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അദിനാൻ, പ്രസിഡന്റ് എം അനുരാജ്, സംസ്ഥാന കമ്മിറ്റി അം​ഗം സജേഷ് കൊവ്വൽപള്ളി, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ വി റോഷിൻ, വൈസ് പ്രസിഡന്റ് കാർത്തിക് രാജീവ്, സെക്രട്ടറിയറ്റ് അം​ഗങ്ങളായ പി കെ മഞ്ജിഷ, ആദർശ് ബേപ്പ്, ദയ കുമ്പള, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഷ്ണു തൃക്കരിപ്പൂർ, ചിരാ​ഗ് എന്നിവരെ വലിച്ചിഴച്ച്‌ അറസ്റ്റുചെയ്തു. സെൻട്രൽ ലൈബ്രറിയുടെ മുഖ്യ കവാടം ഉൾപ്പെടെ അഞ്ച്‌ പ്രവേശനമാർഗങ്ങളും പൊലീസ്‌ നിയന്ത്രണത്തിലായിരുന്നു. സെമിനാർ കഴിഞ്ഞ്‌ ജെ നന്ദകുമാറിനൊപ്പം പുറത്തിറങ്ങിയ എബിവിപി, ആർഎസ്‌എസ്സുകാർ പ്രതിഷേധക്കാരായ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്തപ്പോൾ ലൈബ്രറി പരിസരത്ത്‌ സംഘർഷമുണ്ടായി. ഇ‍ൗ സമയം പൊലീസ്‌ നോക്കിനിന്നു. എസ്‌എഫ്‌ഐ കേരള കേന്ദ്ര സർവകലാശാല യൂണിറ്റ്‌ സെക്രട്ടറി എസ്‌ സെയ്‌ദ്‌ അലി, പ്രസിഡന്റ്‌ നിയതിതാര, ജോയിന്റ്‌ സെക്രട്ടറി മുരളീകൃഷ്‌ണൻ, വിദ്യാർഥി ക‍ൗൺസിലർ എം എസ്‌ വിവേക്‌, രാജലക്ഷമി എന്നിവർക്കുനേരെയും പൊലീസിന്റെ കൈയേറ്റശ്രമമുണ്ടായി. അതിക്രമത്തിൽ എട്ടു വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. എസ്‌ സെയ്‌ദ്‌ അലി, മുരളീകൃഷ്‌ണൻ, നിയതിതാര, അഭിരാഗ്‌, അഭിനന്ദ്‌, ശ്രേയ, വിവേക്‌, ദിയ എന്നിവർക്കാണ്‌ പരിക്കേറ്റത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home