ad
Deshabhimani

സ്വപ്‌നം പൂവണിഞ്ഞ നിമിഷങ്ങൾ

editorial today
വെബ് ഡെസ്ക്

Published on Mar 09, 2026, 12:00 AM | 2 min read

നമ്മുടെ നാടിന് വേണ്ടത് എന്തൊക്കെ. അത് എങ്ങനെ സാധിക്കാം. ഈ ആത്യന്തിക പ്രശ്നങ്ങളിൽ മനുഷ്യസാധ്യമായ എല്ലാ വഴികളിലും നടന്ന അന്വേഷണമായിരുന്നു പത്തുവർഷത്തെ തുടർച്ചയായ എൽഡിഎഫ് ഭരണം. തീരുമാനിച്ച കാര്യങ്ങൾ സാധിച്ചേ പറ്റൂ എന്നത് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ മുഖമുദ്രയാണ്. വാക്കും കർമവും രണ്ടല്ലെന്ന് ആവർത്തിച്ച് വെളിപ്പെട്ട ദിനങ്ങൾ. നിശ്ചയിച്ച കാര്യങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ രാപകൽ അധ്വാനിച്ച ഒരു ഭരണ സംവിധാനം. എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി ഒരുതരം പടയോട്ടത്തിന്റെ വേഗത്തിൽ ഈ സർക്കാർ മുന്നേറുകയായിരുന്നു. വികസനമെന്നാൽ യാന്ത്രികമായ ഒരു സമീപനമല്ല, മനുഷ്യാവശ്യങ്ങളോടുള്ള സർഗാത്മകമായ സമീപനമാണെന്നും സർക്കാരിന്റെ ഓരോ ചുവടും തെളിയിച്ചു.


പെരുമ്പളം ദ്വീപുകാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമായിരുന്നു ഒരു പാലം. 12000 ആളുകൾ താമസിക്കുന്ന ഈ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലം ശനിയാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിച്ചപ്പോൾ ഈ മണ്ണിൽ ജനിച്ചവരുടെ, അവിടെ വസിക്കുന്നവരുടെ അഭിമാനം വാനോളം ഉയരുകയായിരുന്നു. അവരുടെയെല്ലാം ജീവിതാഭിലാഷമാണ് പൂവണിഞ്ഞത്. 106 കോടി രൂപ ചെലവിൽ 1.157 കിലോമീറ്റർ നീളത്തിൽ പാലം. പാലത്തിലൂടെ കെഎസ്ആർടിസി ബസും ഓടിത്തുടങ്ങി. എൽഡിഎഫ് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടും വീണ്ടും വെളിപ്പെടുന്ന വാക്കുകളാണ് അവിടെ എല്ലാ മനുഷ്യരിൽനിന്നും കേട്ടത്. അവർക്ക് അക്ഷരാർഥത്തിൽ ശനിയാഴ്ച ഉത്സവമായിരുന്നു. നവാഹ്ലാദത്തിന്റെയും ആവേശത്തിന്റെയും നിമിഷങ്ങൾ. പെരുമ്പളത്ത് ഇപ്പോൾ താമസിക്കുന്നവർ മാത്രമല്ല, അവിടെ ജനിച്ചുവളർന്ന്, ഇപ്പോൾ മറ്റിടങ്ങളിൽ താമസിക്കുന്ന അനേകം പേരും ശനിയാഴ്ച ഓടിയെത്തി ജന്മനാടിന്റെ സ്വപ്നസാഫല്യത്തിന് സാക്ഷികളായി. ഒരു പെരുമ്പളത്തുകാരൻ പറയുന്നതു കേട്ടു "മനുഷ്യർക്ക് എന്താണോ വേണ്ടത്, അതുണ്ടാക്കുകയാണ് വികസനം. അത് ഈ സർക്കാർ ചെയ്തിരിക്കുന്നു. ഞങ്ങളുടെ സന്തോഷം പറയാൻ വാക്കുകളില്ല’. വേമ്പനാട്ട്‌ കായലിലെ ഏറ്റവും വലിയ ദ്വീപാണ് പെരുമ്പളം.


ആറര കിലോമീറ്റർ നീളം. രണ്ടു കിലോമീറ്റർ വീതി. കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്. ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുമെങ്കിലും എറണാകുളം, കോട്ടയം ജില്ലകളോടും ചേർന്നുകിടക്കുന്നു. വടക്കേ അതിർത്തിയായ വടയാഴത്തുനിന്ന് ആലപ്പുഴ ജില്ലയിലെ വടുതലയിലേക്കാണ് 11 മീറ്റർ വീതിയിൽ പാലം പണിതിട്ടുള്ളത്. കേരളത്തിലെ ഏറ്റവും നീളംകൂടിയ കായൽ റോഡ് പാലം. ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. കിഫ്ബി മുഖേനയാണ് നിർമാണത്തിന് പണം സമാഹരിച്ചത്. ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. 2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. 2026 മാർച്ച് ഏഴിന് പാലം തുറന്നുകൊടുക്കുമ്പോൾ അത് തുടർഭരണത്തിന്റെ നേട്ടമായി ജനങ്ങൾ തൊട്ടറിയുന്നു. ഇതോടൊപ്പം തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യഇരുനില പാലമായ കരുവാറ്റ - കുപ്പപ്പുറം പാലം (പടഹാരം പാലം ), തൃശൂരിൽ കൊണ്ടാഴി - കുത്താമ്പുള്ളി പാലം, ആലപ്പുഴ - ചങ്ങനാശേരി റോഡിൽ സെമി എലിവേറ്റഡ് ഹൈവേ എന്നിവയും യാഥാർഥ്യമായി.


ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. കണ്ണമാലി ഭാഗത്ത് രണ്ടാംഘട്ട നിർമാണത്തിന് തുടക്കവുമായി. രാജ്യത്തെ രണ്ടാമത്തെ വലിയ തുരങ്കപാതയായ വയനാട് തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റ് വെള്ളിയാഴ്ച നടന്നു. ഇങ്ങനെ എത്രയെത്ര പദ്ധതികൾ, പാലങ്ങൾ, റോഡുകൾ, മേൽപ്പാലങ്ങൾ. 2016 മുതൽ ഇതുവരെ 1, 16,000 കോടിയുടെ പദ്ധതികളാണ് കിഫ്ബി മുഖേന നടപ്പായത്. പെരുമ്പളം പാലം എന്ന സ്വപ്നം സഫലമായതിനെ മുൻനിർത്തി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇങ്ങനെ പറഞ്ഞു." ഇന്നലെ വരെ പെരുമ്പളവും ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ, സമയത്തിന് ജോലിക്ക് പോകാൻ കഴിയാത്ത വേവലാതികൾ, വിവാഹാലോചനകൾ വന്നാൽപ്പോലും ‘അക്കരെ' എന്ന ദൂരം വില്ലനായ നിമിഷങ്ങൾ. എല്ലാറ്റിനും അറുതിയായിരിക്കുന്നു’. ഇങ്ങനെ ഓരോ കേരളീയനും എത്രയെത്ര കാര്യങ്ങൾ പറയാനുണ്ടാകും. നടക്കില്ലെന്നുപറഞ്ഞ് എഴുതിത്തള്ളിയതെല്ലാം ഈ പത്തു വർഷത്തിനകം നടന്നിരിക്കുന്നു. മലയാളിയുടെ ജീവിതത്തിലാകെ മാറ്റം വന്ന കാലം. മഹാകവി പാടിയ ‘കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്ന വരികൾ അർഥപൂർണമായ കാലം. ഈ കാലം തുടരണമെന്ന് ഓരോ കേരളീയനും നിഷ്‌കളങ്കമായി ആഗ്രഹിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ തുടർഭരണത്തിന്റെ അലയൊലികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home