പ്രളയക്കെടുതിയിൽ കേന്ദ്രം കൈയൊഴിഞ്ഞ ഉത്തരേന്ത്യ

ഉത്തരേന്ത്യയിലെ ഒട്ടേറെ സംസ്ഥാനങ്ങൾ ആഴ്‌ചകളായി കടുത്ത പ്രളയക്കെടുതിയിലാണ്. പേമാരിക്കുപുറമെ മേഘവിസ്‌ഫോടനം, ഉരുൾപൊട്ടൽ, നദികൾ കരകവിയൽ എന്നിവയും ചേർന്ന് ജനജീവിതം താറുമാറാക്കി. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, ജമ്മു കശ്‌മീർ, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. നൂറുകണക്കിനുപേരുടെ ജീവനപഹരിച്ച പ്രളയം ലക്ഷക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയും നശിപ്പിച്ചു. 23 ജില്ല പ്രളയബാധിതമായ പഞ്ചാബിലാണ് ഏറ്റവും മോശം സ്ഥിതി. ഈ സംസ്ഥാനത്ത് മൂന്നുലക്ഷം ഏക്കറിൽ വിളകൾ നശിച്ചു. നാലുലക്ഷത്തോളംപേർ ദുരിതബാധിതരാണ്.
അണകൾ തുറന്നുവിട്ടതോടെ രവി, ബിയാസ്, സത്‌ലജ്, ഛഗ്ഗർ നദികൾ കരകവിഞ്ഞ് പഞ്ചാബിലും ഹരിയാനയിലും വ്യാപക നാശനഷ്ടം നേരിടുന്നു. ഹരിയാനയിൽ 12 ജില്ലയിൽ 1402 ഗ്രാമത്തിലായി 2.5 ലക്ഷം ഏക്കർ കൃഷിയാണ് മുങ്ങിയത്. ജമ്മു കശ്‌മീരിൽ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി ഒലിച്ചുപോയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും റോഡുകൾ, പാലങ്ങൾ, വീട്, ഭൂമി, കന്നുകാലികൾ, വിളകൾ എന്നിവ വൻതോതിൽ നശിച്ചു. ഉദ്ദേശം 25,000 ഏക്കറിലെ ഫലവൃക്ഷത്തോട്ടങ്ങൾ നാമാവശേഷമായി.
രാജ്യത്തെ തന്ത്രപ്രധാന മേഖലകളിൽ പ്രകൃതിദുരന്തം അതിതീവ്രമായി തുടരവെ കേന്ദ്രസർക്കാർ കുറ്റകരമായ നിഷ്‌ക്രിയത്വത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടുപോലും കേന്ദ്രം സഹായഹസ്‌തം നീട്ടുന്നില്ല.
തെരഞ്ഞെടുപ്പുകാലങ്ങളിൽ സംസ്ഥാനംതോറും അടിക്കടി ചുറ്റിക്കറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഈ സമയത്ത് മറ്റു തിരക്കുകൾ ഭാവിക്കുന്നു. ദുരന്തനിവാരണ നിയമത്തിൽ ഭേദഗതി വരുത്തി മോദിസർക്കാർ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ്. ‘നഷ്ടപരിഹാരം’ എന്നതിനുപകരം ‘ആശ്വാസം’ എന്ന പദം കൊണ്ടുവന്ന് നിയമപരമായ ബാധ്യതയിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് കേന്ദ്രം ചെയ്‌തത്. പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് പദ്ധതി മറ്റൊരു ദുരന്തമാണ്. നേരത്തേ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കൊടുംചതി ചെയ്‌തപ്പോൾ മൗനത്തിൽ അഭയംതേടിയവരും നീതികേടിനെ ന്യായീകരിച്ചവരും ഇപ്പോഴെങ്കിലും കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം.
ഹിമാലയൻ മേഖലാ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ അശാസ്ത്രീയ പദ്ധതികളും സർക്കാരുകളുടെ കെടുകാര്യസ്ഥതയും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്. വികസനപദ്ധതികൾ കോർപറേറ്റ് കൊള്ളയ്ക്കുള്ള അവസരമാക്കി മാറ്റുകയായിരുന്നു. അടിസ്ഥാനസൗകര്യ വികസനവും ജനക്ഷേമവും ഒന്നിച്ച് കൊണ്ടുപോകുന്നതിനുപകരം ഏകപക്ഷീയ നടപടികൾവഴി ജനങ്ങളെ ദ്രോഹിക്കുകയാണ് ചെയ്തത്. പരിസ്ഥിതി ആഘാത പഠനങ്ങൾ ഒഴിവാക്കി വൻതോതിൽ മരങ്ങൾ മുറിക്കുന്നത് ഹിമാലയൻ വനങ്ങളെ തുടച്ചുനീക്കുമെന്ന് സുപ്രീംകോടതിയും കഴിഞ്ഞദിവസം നിരീക്ഷിച്ചു. കോർപറേറ്റ് സേവയിൽ അഭിരമിക്കുന്ന സർക്കാർ ഇതൊന്നും വകവയ്ക്കുന്നില്ല.
ഇത്രയേറെ സംസ്ഥാനങ്ങളെ ബാധിച്ച പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. സാങ്കേതികന്യായങ്ങൾ പറഞ്ഞ് അത്യന്തം മനുഷ്യത്വവിരുദ്ധ സമീപനം കൈക്കൊള്ളുകയാണ് ബിജെപി സർക്കാർ. ഇതിനെതിരെ രാഷ്ട്രീയാതീതമായി ശബ്ദം ഉയരണം. ദുരന്തബാധിതർക്ക് സഹായം എത്തിക്കാൻ മനുഷ്യസ്നേഹികളായ എല്ലാവരും രംഗത്തിറങ്ങണം. സിപിഐ എം പ്രവർത്തകർ വിവിധ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. പ്രകൃതിദുരന്തങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കേരളം സൃഷ്ടിച്ച മാതൃക ഏവർക്കും ഓർക്കാവുന്നതാണ്. ഒത്തൊരുമയും സഹകരണവും വഴി ഏതു ദുരന്തത്തെയും അതിജീവിക്കാം.











0 comments