ad
Deshabhimani

print edition രാഷ്‌ട്രീയ അൽപ്പത്തരം ​ആവർത്തിക്കുന്ന ​ബിജെപിയും കേന്ദ്രവും

editorial today
വെബ് ഡെസ്ക്

Published on Mar 12, 2026, 12:00 AM | 2 min read

​നഷ്ടമായ സ്വപ്‌നങ്ങൾ തിരിച്ചുപിടിക്കുകയും വികസനക്കുതിപ്പ്‌ തുടരുകയുമാണ്‌ കേരളം. പിന്നിടുന്ന പത്ത്‌ വർഷം സംസ്ഥാനം കൈവരിച്ച അഭൂതപൂർവമായ മുന്നേറ്റം രാഷ്‌ട്രീയഭേദമന്യേ സാധാരണജനങ്ങൾ സമ്മതിക്കുന്നതാണ്‌. പുരോഗതിയുടെയും ക്ഷേമത്തിന്റെയും തിളക്കം ഏതുരംഗത്തും കാണാനാകും. യുഡിഎഫ്‌ ഭരണകാലത്ത്‌ നിലച്ചുപോയ, ഇനി നടക്കില്ലെന്ന്‌ പലരും കരുതിയ ദേശീയപാത 66ന്റെ വികസനം എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയുടെയും നിശ്‌ചയദാർ--ഢ്യത്തിന്റെയും ഫലമായി യാഥാർഥ്യമായത്‌ ഇതിന്‌ ഉദാഹരണം മാത്രം. ദേശീയപാത വികസനം മുടക്കാൻ ശ്രമിച്ചവർ ഇപ്പോൾ ഇ‍ൗ വികസനനേട്ടത്തിന്റെ ഖ്യാതി തട്ടിയെടുക്കാൻ അപഹാസ്യമായ രാഷ്‌ട്രീയനാടകം കളിക്കുകയാണ്‌. ദേശീയപാതയുടെ പൂർത്തീകരിച്ച രണ്ട്‌ ഘട്ടങ്ങളുടെ ഉദ്‌ഘാടന ചടങ്ങിൽനിന്ന്‌ സംസ്ഥാന പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെ ഒഴിവാക്കുകയും ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തുകയും ചെയ്‌ത കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ അൽപ്പത്തരം നാട്‌ കണ്ടുകൊണ്ടിരിക്കുകയാണ്‌. വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനത്തിൽ ഉൾപ്പെടെ മുന്പും സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌.

ഗതാഗതക്കുരുക്ക്‌ രൂക്ഷമായിരിക്കെത്തന്നെയാണ്‌ 2014ൽ യുഡിഎഫ്‌ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ---ഫലമായി ദേശീയപാത വികസനം മുടങ്ങിപ്പോയത്‌. ദേശീയപാത അതോറിറ്റി അവരുടെ ഓഫീസ്‌ പൂട്ടി മടങ്ങിയത്‌ ഇന്ന്‌ ഓർക്കേണ്ടതാണ്‌. ദേശീയപാത വികസനം സാധ്യമാക്കുമെന്നത്‌ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായും ഉപരിതല ഗതാഗത മന്ത്രിയുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്‌ പദ്ധതിക്ക്‌ പുനരുജ്ജീവനം ഉണ്ടായത്‌. സ്ഥലം ഉടമകൾക്ക്‌ നൽകേണ്ട നഷ്ടപരിഹാരത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനം വഹിക്കണമെന്ന്‌ കേന്ദ്രം നിബന്ധന വച്ചു. ഇതേത്തുടർന്ന് സംസ്ഥാന സർക്കാർ 5600 കോടിയോളം രൂപ നൽകിയാണ്‌ ദേശീയപാത വികസനം ഉറപ്പാക്കിയത്‌. കിഫ്‌ബി വഴി വായ്‌പ എടുത്താണ്‌ ഇത്രയും പണം സംസ്ഥാനം സമാഹരിച്ചത്‌. കേരളത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഇ‍ൗ തുക ഉൾപ്പെടുത്തിയും കേന്ദ്രം ദ്രോഹിച്ചു. ഫലത്തിൽ പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ ബാധ്യതയാണ്‌ സംസ്ഥാനത്തിന്‌ ഏറ്റെടുക്കേണ്ടിവന്നത്‌. സ്ഥലം നഷ്ടമായവർക്ക്‌ അർഹമായ നഷ്ടപരിഹാരം നീതിപൂർവം ലഭിച്ചു.


ദേശീയപാത വികസനം മുടക്കാൻ ബിജെപി കേരളഘടകം നിരന്തരം ശ്രമിച്ചതും മറക്കാൻ കഴിയില്ല. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കേന്ദ്രത്തിന്‌ കത്തയച്ചും തളിപ്പറന്പിൽ ‘വയൽക്കിളികൾ’ എന്ന പേരിൽ വിചിത്രസമരം സംഘടിപ്പിച്ചും വികസനം തടസ്സപ്പെടുത്താൻ ശ്രമിച്ചു. യുഡിഎഫ്‌ ഇതിനെല്ലാം ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകി. ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുകയും സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യങ്ങൾക്ക്‌ എതിരെ നിൽക്കുകയും ചെയ്യുന്ന ബിജെപിക്ക്‌ രാഷ്‌ട്രീയമായ പിന്തുണ നൽകാൻപോലും യുഡിഎഫ്‌ നേതൃത്വം പല ഘട്ടങ്ങളിലും മുതിർന്നു. ഇപ്പോൾ ഉദ്‌ഘാടന ചടങ്ങിൽനിന്ന്‌ പൊതുമരാമത്ത്‌ മന്ത്രിയെ ഒഴിവാക്കിയതിനെ അപലപിക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകാത്തതും ശ്രദ്ധേയമാണ്‌. അതേസമയം ദേശീയപാത വികസനം സാക്ഷാൽക്കരിച്ചത്‌ ആഘോഷിക്കാൻ എൽഡിഎഫ്‌ സംഘടിപ്പിച്ച പരിപാടികൾ ജനങ്ങളുടെ ഉത്സവമായി മാറി. എൻഡിഎ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കമിടാൻ എത്തിയ പ്രധാനമന്ത്രിയുടെ പരിപാടികളുടെ കൂട്ടത്തിൽ ദേശീയപാത ഉദ്‌ഘാടനവും ഉൾപ്പെടുത്തിയ രാഷ്‌ട്രീയ കുബുദ്ധിക്ക്‌ ജനങ്ങൾ തിരിച്ചടി നൽകി. കേരളത്തോടുള്ള അവഹേളനം പൊറുക്കില്ലെന്ന സന്ദേശമാണ് ജനങ്ങൾ നൽകുന്നത്. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടത്തിയ പരിപാടി മുഖ്യമന്ത്രി അടക്കം ബഹിഷ്കരിക്കുകയും ചെയ്തു.


​ദേശീയപാത വികസനത്തിന്റെ ഖ്യാതി അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ മൂന്ന്‌ വർഷം ടോൾ ഇനത്തിൽ പിരിച്ചെടുത്തത്‌ 1.65 ലക്ഷം കോടി രൂപയാണ്‌; കേരളത്തിൽനിന്ന്‌ മാത്രം 1600 കോടി രൂപ പിരിച്ചു. സെസ്‌, സർചാർജ് ഇനങ്ങളിൽ കേന്ദ്ര സർക്കാരിന്‌ ലഭിക്കുന്ന വരുമാനം 2025–26ൽ 5.82 ലക്ഷം കോടിയായി പെരുകിയെന്ന്‌ ധന മന്ത്രാലയം ഇ‍ൗയിടെ പാർലമെന്റിൽ മറുപടി നൽകി. ഇ‍ൗ വരുമാനമെല്ലാം കേന്ദ്ര ഖജനാവിലേക്ക്‌ പോകുകയാണ്‌. സംസ്ഥാനങ്ങളുമായി ഇത്തരം വരുമാനം പങ്കിടാൻ വ്യവസ്ഥ ചെയ്‌തിട്ടില്ല. ഇത്തരത്തിൽ ജനങ്ങളെ കൊള്ളയടിക്കുകയും സംസ്ഥാനങ്ങളെ ഞെരുക്കുകയും ചെയ്യുന്ന നയസമീപനത്തിന്റെ ഭാഗമാണ്‌ ബിജെപി സർക്കാരിന്റെ ഓരോ നീക്കവും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home