Deshabhimani

print edition സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക്‌ പുതിയ ആവേശം

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 30, 2026, 12:01 AM | 2 min read

ആഗോള രാഷ്‌ട്രീയ ഭൂപടത്തിൽ തീവ്ര വലതുപക്ഷ-–സാമ്രാജ്യത്വ കടന്നുകയറ്റത്തിനെതിരെ ജനകീയ പ്രതിരോധവും ബദൽ ചിന്താഗതിയും ശക്തിപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭൂഖണ്ഡങ്ങളിലായി മൂന്നു രാജ്യങ്ങളിൽ നടന്ന പൊതു തെരഞ്ഞെടുപ്പുകളിലെ ജനവിധിയിൽ പ്രകടമാകുന്നത്. യുഎസ്‌ അധിനിവേശത്തിന്‌ കോപ്പുകൂട്ടുന്ന ലാറ്റിനമേരിക്കയിൽ ബ്രസീലും തീവ്ര വലതുപക്ഷം തലപൊക്കുന്ന യൂറോപ്പിൽ സെർബിയയും സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെ മുറിവുകൾ പേറുന്ന പശ്ചിമേഷ്യയിൽ ഇസ്രയേലും ജനവിധിയിലൂടെ നൽകുന്ന സൂചന ലോകത്തിന്‌ പ്രതീക്ഷ പകരുന്നതാണ്‌. ഇസ്രയേലിലും സെർബിയയിലും വലതുപക്ഷ സർക്കാരുകൾക്ക്‌ വലിയ തിരിച്ചടിയേറ്റപ്പോൾ, ബ്രസീലിൽ ഇടതുപക്ഷത്തിന്‌ സുവ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച സമ്മാനിക്കാനാണ്‌ ജനങ്ങൾ തീരുമാനിച്ചത്‌ എന്നത്‌ ശ്രദ്ധേയം.


മൂലധന ശക്തികളുടെയും ജനവിരുദ്ധ നയങ്ങളുടെയും വക്താക്കളായ വലതുപക്ഷ ശക്തികൾക്ക് ജനങ്ങൾ നൽകിയ ശക്തമായ പ്രഹരമാണ് ബ്രസീൽ, സെർബിയ, ഇസ്രയേൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൂടുതാങ്ങികളായി പ്രവർത്തിക്കുന്ന പ്രതിലോമ ശക്തികൾക്ക് ശരിക്കും കരണത്തടിയാണിത്‌. ബ്രസീലിൽ ഇടതുപക്ഷത്തിന്റെ പരിണതപ്രജ്ഞനായ നേതാവ്‌ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ നേടിയ തിളക്കമാർന്ന തുടർഭരണം കേവലം ഒരു വ്യക്തിയുടെ വിജയമല്ല, സാമ്രാജ്യത്വ നവഉദാരവൽക്കരണ നയങ്ങൾക്കെതിരായ ജനകീയ വിജയമാണ്. ആദ്യ റ‍ൗണ്ടിൽ പിന്നിലായശേഷമാണ്‌ നേർക്കുനേർ മത്സരത്തിൽ തീവ്ര വലതുപക്ഷക്കാരനായ ഫ്ലാവിയോ ബോൾസനാരോയെ തറപറ്റിച്ച്‌ നാലാം തവണയും ലുല അധികാരത്തിലെത്തുന്നത്‌. അമേരിക്കയുടെ ആഗോള മേധാവിത്വ മോഹങ്ങൾക്കേറ്റ കനത്ത ആഘാതമാണിത്‌. തൊഴിൽ സമയം കുറയ്‌ക്കുമെന്നും ആമസോൺ വനങ്ങളെ സംരക്ഷിക്കുമെന്നുമുള്ള പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചാണ്‌ ലുല വീണ്ടും ജനവിധി തേടിയത്‌. ബ്രസീലിനെ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാമെന്ന് കരുതിയ സാമ്രാജ്യത്വ കോർപറേറ്റ് അച്ചുതണ്ടിന് ലുലയുടെ വിജയം ശക്തമായ താക്കീതാണ്. ‘ബ്രസീൽ ആരുടെയും പിന്മുറ്റമല്ല’ എന്ന ലുലയുടെ വാക്കുകൾ അക്ഷരാർഥത്തിൽ ബ്രസീലിയൻ ജനത ഏറ്റെടുത്തു. അമേരിക്കയുടെ കടന്നാക്രമണഭീഷണിയും ഉപരോധവും നേരിടുന്ന ക്യൂബയും പ്രസിഡന്റിനെത്തന്നെ തട്ടിക്കൊണ്ടുപോയി സാമ്രാജ്യത്വഭീകരത അരങ്ങേറിയ വെനസ്വേലയും ഉൾപ്പെടുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ- പുരോഗമന ചേരിക്ക് ബ്രസീൽ കൂടുതൽ കരുത്തുപകരും.


​യൂറോപ്പിൽ ബാൾക്കൻ മേഖലയിലെ സെർബിയയിൽ കണ്ടത്‌ ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള വലതുപക്ഷ ഭരണകൂടങ്ങൾക്കെതിരായി ശക്തമായ ജനവികാരം ഉയർന്നുവന്നതാണ്‌. പന്ത്രണ്ട് വർഷത്തിലേറെയായി രാജ്യം ഭരിച്ച അലക്‌സാണ്ടർ വുസിചിന്റെ സർക്കാരിനെ താഴെയിറക്കി ചരിത്രം രചിച്ചത്‌ രണ്ടുവർഷമായി തെരുവിൽ സമരം നയിക്കുന്ന വിദ്യാർഥിക്കൂട്ടായ്‌മയാണ്‌. നോവി സാദ് റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തത്തിൽ പ്രതിഷേധിച്ച്‌ ആരംഭിച്ച വിദ്യാർഥിപ്രക്ഷോഭം പൊതുസമൂഹത്തിന്റെ പിന്തുണയോടെ സർക്കാരിന്റെ അഴിമതിക്കും അനാസ്ഥയ്‌ക്കുമെതിരായ മഹാസമരമായി പടർന്നു. വിദ്യാർഥി മുന്നണിയായ സ്റ്റുഡന്റ്‌ ലിസ്റ്റ്‌ മുന്നോട്ടുവച്ച രാഷ്‌ട്രീയമാണ്‌ വുസിചിന്റെ ദീർഘകാല സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിച്ചത്. ജനകീയ ചെറുത്തുനിൽപ്പുകൾക്കു മുന്നിൽ എത്ര വലിയ അധികാരശക്തികളും തകർന്നടിയും എന്നതിന്റെ ഉദാഹരണമാണ് സെർബിയയിലെ സാധാരണ മനുഷ്യർ നേടിയ ഈ അട്ടിമറി വിജയം. ഇന്ത്യയിലെ ഭരണാധികാരികൾക്കടക്കം ഉറക്കംകെടുത്തുന്ന പാഠമാണിത്‌.

​ഗാസയിൽ കൊടും ക്രൂരതകളും വംശഹത്യയും കെട്ടഴിച്ച ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തിന് ഇസ്രയേലി സമൂഹത്തിലും വലിയ എതിർപ്പാണെന്ന്‌ തെരഞ്ഞെടുപ്പു-ഫലം വ്യക്തമാക്കുന്നു. നെതന്യാഹുവും ഡോണൾഡ്‌ ട്രംപും അവകാശപ്പെട്ട അപ്രമാദിത്വം നിലനിർത്താനായില്ലെന്നു മാത്രമല്ല, കേവല ഭൂരിപക്ഷം നഷ്‌ടപ്പെടുകയും ചെയ്‌തു. പ്രതിപക്ഷ സഖ്യവും അറബ്‌–ഇടതുപക്ഷ കക്ഷികളും ചേർന്നാൽ നെതന്യാഹു പ്രതിപക്ഷത്ത്‌ ഇരിക്കേണ്ടിവരും. ഗാസയിലും ലെബനനിലും സാമ്രാജ്യത്വ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന നരനായാട്ടിനെതിരെ കനത്ത ജനരോഷമാണ് പ്രതിഫലിച്ചത്. നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്കുഡ് ബ്ലോക്കിന് ഭൂരിപക്ഷം ലഭിക്കാതെ വന്നതും ചരിത്രത്തിലാദ്യമായി അറബ് ജനവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർടികൾ വൻ മുന്നേറ്റം നടത്തി 19 സീറ്റ്‌ കരസ്ഥമാക്കിയതും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവാണ്. വംശീയ അധിനിവേശ രാഷ്‌ട്രീയത്തിനെതിരെ പുരോഗമന ഇടതുപക്ഷ ചേരിയും അറബ് ജനവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുകയാണ്‌ ഇസ്രയേലിൽ. വംശീയ വേർതിരിവുകൾക്കുള്ള ശ്രമങ്ങൾക്കിടയിലും മാറ്റത്തിനായി ജനങ്ങൾ വോട്ട്‌ രേഖപ്പെടുത്തി എന്നത് സാമ്രാജ്യത്വചേരിയുടെ യുദ്ധാർത്തിക്കുള്ള തിരിച്ചടിയാണ്.


​മാനവികതയിലൂന്നിയ ഇ‍ൗ പുരോഗമന തരംഗം വരുംദിവസങ്ങളിൽ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന സൂചനകളാണ് ഇടതുപക്ഷ ജനകീയ മുന്നേറ്റങ്ങൾ നൽകുന്നത്. ഫ്രാൻസും സ്‌പെയിനും പോർച്ചുഗലും ജർമനിയും ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിലെല്ലാം ശക്തമായ ജനകീയപ്രക്ഷോഭങ്ങൾ അലയടിക്കുകയാണ്‌. അമേരിക്കൻ കോർപറേറ്റ് താൽപ്പര്യങ്ങൾക്കനുസരിച്ച് ആഗോള രാഷ്ട്രീയത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വ ശക്തികൾക്ക് അടിസ്ഥാന ജനവിഭാഗങ്ങളുടെ ഈ ജാഗ്രത വലിയ വെല്ലുവിളിയാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികളും പീഡിത ജനവിഭാഗങ്ങളും നടത്തുന്ന പോരാട്ടങ്ങൾക്ക് ഈ രാഷ്‌ട്രീയമാറ്റങ്ങൾ വലിയ ആവേശം പകരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home