യുഡിഎഫ് നയം സ്വജനപക്ഷപാതവും പിരിവും കോഴയും

പഴഞ്ചൊല്ലുകൾ എത്രമാത്രം അന്വർഥമാണെന്ന് തെളിയുന്ന സന്ദർഭങ്ങളുണ്ട്. ‘ആന കയറിയ കരിമ്പിൻതോട്ടം’ എന്ന ചൊല്ലിനെ ഓർമപ്പെടുത്തുന്നതാണ് പത്തുവർഷത്തിനുശേഷം യുഡിഎഫ് സർക്കാർ വന്നതിനെ തുടർന്ന് സംസ്ഥാന ഭരണസംവിധാനം എത്തിച്ചേർന്ന അവസ്ഥ. ദീർഘകാലം അധികാരത്തിന് പുറത്തായിരുന്ന കോൺഗ്രസും ഘടകകക്ഷികളും ലക്കും ലഗാനുമില്ലാതെ ഓരോന്ന് കാട്ടിക്കൂട്ടുന്നു; ഇവരുമായി ബന്ധമുള്ള സർവീസ് സംഘടനകളാകട്ടെ തെരഞ്ഞെടുപ്പുഫലം വന്ന മണിക്കൂറുകളിൽത്തന്നെ ജീവനക്കാരെ രാഷ്‌ട്രീയപ്രേരിതമായി സ്ഥലംമാറ്റാൻ സമ്മർദവും ഭീഷണിയും തുടങ്ങി. ഗുരുതര രോഗബാധിതർ, വിരമിക്കാൻ ദിവസങ്ങൾ ശേഷിക്കുന്നവർ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവരെ അടക്കം ഭരണവിലാസം സംഘടനകൾ ലെറ്റർഹെഡിൽ നൽകുന്ന കത്തുകളുടെ അടിസ്ഥാനത്തിൽ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. പ്രധാന തസ്‌തികകളിലെ നിയമനത്തിന് വൻതുക നിശ്ചയിച്ച് ലേലം വിളി നടക്കുകയാണ്.
യുഡിഎഫിനുവേണ്ടി ഇറക്കുന്ന പ്രമുഖ പത്രമാകട്ടെ, യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ താൽപ്പര്യങ്ങൾക്ക് കൂട്ടുനിൽക്കാത്ത സിവിൽ സർവീസ് ഉദ്യോഗസ്ഥരെയെല്ലാം കസേരയിൽനിന്ന് തെറിപ്പിക്കുമെന്ന് വാർത്തകൾവഴി ഭീഷണിപ്പെടുത്തുന്നു. സമ്മർദം സഹിക്കാനാകാതെ പല വകുപ്പുകളിലും ഉന്നതർ അവധിയിൽ പ്രവേശിച്ചു. യുഡിഎഫ് ഘടകകക്ഷികളുടെ സർവീസ് സംഘടനാപ്രവർത്തകർ സ്ഥലംമാറ്റത്തിന്റെ പേരിൽ പരസ്യമായി ഏറ്റുമുട്ടിയതിനും തലസ്ഥാനം സാക്ഷിയായി. ഭരണമാറ്റത്തെ തുടർന്ന് ഓഫീസുകളിൽ പ്രധാന ചുമതലകൾ ഏറ്റെടുത്തുവെന്ന് അവകാശപ്പെട്ട് യുഡിഎഫ് അനുകൂലികളായ ജീവനക്കാർ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കുന്നു. ഇത്തരത്തിൽ ഭരണമെന്നത് സങ്കുചിതതാൽപ്പര്യങ്ങൾ നിറവേറ്റാനുള്ള ഉപാധിയാണെന്ന് യുഡിഎഫും കൂട്ടാളികളും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനിടെയാണ് കെപിസിസി പ്രസിഡന്റുകൂടിയായ വൈദ്യുതിമന്ത്രി സണ്ണി ജോസഫ് സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. സ്വജനപക്ഷപാതം കാട്ടിയെന്ന ആരോപണം ഉയർന്നപ്പോൾ ആദ്യം പ്രതികരിക്കാതിരുന്ന മന്ത്രി, പിന്നീട് നടപടിയെ ന്യായീകരിക്കാൻ ശ്രമിച്ചു. ബെന്നി കോൺഗ്രസ് നേതാവാണെന്നും സഹോദരീഭർത്താവാണെന്നത് മറച്ചുവച്ചല്ല നിയമനം നടത്തിയതെന്നും സണ്ണി ജോസഫ് വാദിച്ചു. ബെന്നിയുടെ നിയമനം കോൺഗ്രസിന് ബോധ്യപ്പെട്ടതായും വിവാദം കെട്ടടങ്ങിയെന്നും യുഡിഎഫ് പത്രം എഴുതി. എന്നാൽ, മുൻകാലങ്ങളിൽ സണ്ണി ജോസഫിന്റെ ബന്ധുക്കൾക്ക് ലഭിച്ച നിയമനങ്ങളുടെ ദീർഘപട്ടിക ജനശ്രദ്ധയിൽ വന്നതോടെ ബെന്നി തോമസ് രാജിവച്ചിരിക്കുകയാണ്. മറ്റു ചില മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ സംബന്ധിച്ചും യുഡിഎഫിനുള്ളിൽത്തന്നെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംഘപരിവാർ ബന്ധമുള്ളവർ മന്ത്രിമാരുടെ ഓഫീസുകളിൽ കടന്നുകൂടിയതായും പരാതിയുണ്ട്. എംജി സർവകലാശാല സെനറ്റിൽ സംഘപരിവാറുകാരെ ഗവർണർ കൂട്ടത്തോടെ നാമനിർദേശം ചെയ്‌തിട്ടും യുഡിഎഫ് മൗനത്തിലാണ്.
മന്ത്രിസഭ അധികാരമേറ്റ് മൂന്നാഴ്‌ച പിന്നിടുമ്പോഴും തമ്മിൽ തർക്കവും കോഴയ്‌ക്കായുള്ള വിലപേശലും കാരണം, ഭൂരിഭാഗം മന്ത്രിമാരുടെയും ഓഫീസുകളിൽ പ്രധാന തസ്‌തികകളിൽ നിയമനം നടന്നിട്ടില്ല. പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനങ്ങൾക്കായി പിടിവലി തുടരുകയാണ്. നേരിട്ടും സർക്കാർ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷൻ വഴിയും നിയമിക്കാൻ ജംബോ പട്ടികകളാണ് നൽകിയിട്ടുള്ളത്. നിയമനം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ചില നേതാക്കൾ പണപ്പിരിവ് നടത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ തിരക്ക് കൂടുതലാണെന്ന് ചില മാധ്യമങ്ങൾ പറയുമ്പോഴും ഫയൽനീക്കം പേരിനുമാത്രം. മന്ത്രിമാരുടെ ഓഫീസുകളിൽ -ഫയലുകളും നിവേദനങ്ങളും കെട്ടിക്കിടക്കുന്നു. മന്ത്രിമാരുടെ ഓഫീസുകളിൽ ലഭിക്കുന്ന നിവേദനങ്ങളുംമറ്റും ബന്ധപ്പെട്ട സെക്‌ഷനുകളിലേക്ക് കൈമാറേണ്ടത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്.
പിഎസ്‌സി റാങ്ക് ലിസ്റ്റ് മറികടന്ന് പിൻവാതിൽ നിയമനങ്ങൾക്കുള്ള നീക്കങ്ങളും തകൃതിയാണ്. മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ഒഴിവുകളിൽ നിയമനത്തിനായി കോൺഗ്രസ് അനുകൂല സംഘടനകൾ ലേലം വിളി നടത്തുന്നു. എൽഡിഎഫ് സർക്കാർ സൃഷ്‌ടിച്ച 60 തസ്‌തികയിൽ ഭരണമാറ്റത്തിനുപിന്നാലെ നിയമന അട്ടിമറി നടത്താനാണ് ശ്രമം. പിഎസ്‌സിയെ അറിയിക്കാതെ ബൈട്രാൻസ്‌ഫർ പഴുത് ഉപയോഗിച്ച് ക്ലർക്കുമാരെ ഇൗ തസ്‌തികകളിൽ നിയമിക്കാനാണ് നീക്കം. നിയമനത്തിന് കോഴ നൽകാൻ ചെലവാകുന്ന തുക കൈക്കൂലി വാങ്ങി മുതലാക്കാമെന്നാണ് ധരിപ്പിക്കുന്നത്. വ്യവസ്ഥാപിതവും സുതാര്യവുമായ മാനദണ്ഡങ്ങൾ പാലിച്ചതിനാൽ എൽഡിഎഫ് ഭരണകാലത്ത് സ്ഥലംമാറ്റങ്ങളും നിയമനങ്ങളും വിവാദരഹിതമായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ പിരിവും കോഴയും അധികാരദുർവിനിയോഗവും മുഖമുദ്രയായ ഇരുണ്ട കാലം അതിവേഗം കേരളത്തിൽ തിരിച്ചെത്തുകയാണ്.










0 comments