ad
Deshabhimani

പരിമിതികളെ തുന്നിത്തീര്‍ത്ത കഥ

ആശ്രാമം എയ്റ്റ് പോയിന്റ് ആർട്ട് കഫേയിൽ നടക്കുന്ന എമ്പ്രോയ്‌ഡറി എക്സിബിഷനിൽ ക്രോസ്സ് സ്റ്റിച്ചിങ്  ചെയ്യുന്ന ബീന
avatar
അഖിൽ സദാശിവൻ

Published on Jun 09, 2026, 01:01 AM | 2 min read

കൊല്ലം

ഒരു കഥ പറയാം, തന്റെ പരിമിതികളെ തന്നിലെ കഴിവുകൊണ്ടുതന്നെ നേരിട്ട ഒരാളുടെ കഥ. തിരുവനന്തപുരം സ്വദേശിയും നാല്‍പ്പത്തിരണ്ടുകാരനുമായ കണ്ണനാണ് നായകന്‍. മാനസിക വെല്ലുവിളിയെ കലയിലൂടെയാണ് കണ്ണന്‍ നേരിട്ടത്. പിന്തുണ നൽകി കൂടെ നിന്നത് അമ്മ. ഒപ്പം ചേര്‍ന്നത് കസിനായ മയ്യനാട് അജന്തയിൽ ഡി എസ് ബീനയും. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന കണ്ണനെ വിരൽത്തുമ്പിൽ വിസ്മയം തീർക്കുന്ന തുന്നൽ കലയുടെ ലോകത്തേക്ക് കൊണ്ടുവന്നത് അമ്മ പ്രസന്നകുമാരിയാണ്. 2016ലാണ് തുന്നലിലെ ലോങ്‌ സ്റ്റിച്ചിങ് എംബ്രോയ്‌ഡറിയിലേക്ക് എത്തിക്കുന്നത്. ലോങ്‌ സ്റ്റിച്ചിൽ വേഗത്തിൽ ചിത്രങ്ങൾ ചെയുന്ന കണ്ണന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ചു. ഈ സമയത്താണ് തിരുവനന്തപുരത്തെ കെഎസ്ഇ ബി സീനിയർ സൂപ്രണ്ടായിരുന്ന ബീന കണ്ണന്റെ വീട്ടിലേക്ക് എത്തുന്നത്. കണ്ണന്റെ വിരലുകളിൽ വിരിയുന്ന ചിത്രങ്ങൾക്ക് പിന്തുണ നല്‍കി. വില്‍ക്കാന്‍ സാഹായിച്ചു. ഒപ്പം ചേര്‍ന്ന് ബീനയും ലോങ്‌ സ്റ്റിച്ചിങ് പഠിച്ചു. കണ്ണന്റെ അച്ഛന്‍ സുധാകരൻ നായർ 25വർഷം മുന്പ്‌ മരണപ്പെട്ടതാണ്. അച്ഛന്റെ മരണശേഷവും തളരാതെ അമ്മ പഠിപ്പിച്ച ലോങ്‌ സ്റ്റിച്ചിങ്ങിനെ നെഞ്ചോടു ചേർത്തുപിടിച്ചു. ഒപ്പം പിന്തുണയുമായി സഹോദരി കവിതയും. 2023ൽ ചാത്തന്നൂർ ഇലക്ട്രിക്കൽ സെക്‌ഷനിൽനിന്നു വിരമിച്ച ശേഷം ബീന പൂർണ സമയം ക്രോസ്‌ സ്റ്റിച്ചിങ്ങിലേക്കു മാറി. 2024ല്‍ കണ്ണന്റെ അമ്മയുടെ മരണശേഷം കുടുംബത്തിനൊപ്പം ചേര്‍ന്ന്നിന്നു. ഇന്ന് കണ്ണനും ബീനയും ലോങ്‌ സ്റ്റിച്ചിങ്ങിലൂടെയും ക്രോസ്സ് സ്റ്റിച്ചിങ്ങിലൂടെയും തുന്നിയെടുക്കുന്ന ചിത്രങ്ങൾക്ക് പറയുന്ന വില നൽകി സ്വന്തമാക്കാൻ ആളുകളുടെ തിരക്കാണ്. ആക്രിലിക്കിലും കണ്ണാടി ഫ്രെയിമുകളിലുമായി തുണിയിലും ക്യാൻവാസിലും നൂലുകൾ കൊണ്ടാണ് ഇരുവരും ചിത്രങ്ങൾ തീര്‍ക്കുന്നത്. ഉപയോക്താക്കൾ പറയുന്ന രീതിയിൽ ചിത്രങ്ങളും അക്ഷരങ്ങളും ചെയ്തു നൽകുന്നുണ്ട്. നൂലുകളുടെ എണ്ണം, സമയം, വലുപ്പം എന്നിവ അനുസരിച്ചാണ് വില. ലോങ്‌ സ്റ്റിച്ചിങ്ങിനേക്കാൾ സമയം ക്രോസ്‌ സ്റ്റിച്ചിങ് ചെയ്യാനാണ്. ശനിയാഴ്ച മുതൽ ആശ്രാമം എയ്റ്റ് പോയിന്റ് ആർട്ട് കഫേയിൽ ഇവരുടെ ആദ്യത്തെ എക്സിബിഷന്‍ ആരംഭിച്ചു. "ത്രെഡ് സ് ഓഫ് പേഷ്യൻസ്" എന്ന പേരിലുള്ള പ്രദര്‍ശനത്തിന് ഇതിനകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു. ദൈവങ്ങളുടെ രൂപങ്ങൾ, ബുദ്ധൻ, കടൽ, പക്ഷികൾ, ഡാ വിഞ്ചിയുടെ സ്റ്റാറി നൈറ്റ് എന്നിവയാണ് പ്രദർശനത്തിനുള്ളത്. പ്രതിസന്ധികളിൽ തളർന്നിരിക്കുന്നവർക്ക് പ്രചോദനമാകുന്നതിനും കണ്ണന്റെ കഴിവുകളെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമാണ് പ്രദർശനം സംഘടിപ്പിച്ചതെന്നു ബീന പറഞ്ഞു. ചൊവ്വ വൈകിട്ട് അഞ്ചിനു പ്രദർശനം അവസാനിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home