ad
Deshabhimani

കാലും പന്തും; അതിർത്തി മായ്‌ക്കുന്ന സ്‌നേഹശിൽപ്പം

നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിൽ ലോകകപ്പ് പ്രചരണാർഥം തയ്യാറാക്കിയ കാലും പന്തും ഇൻസ്റ്റലേഷൻ
avatar
സ്വന്തം ലേഖകൻ

Published on Jun 09, 2026, 01:03 AM | 1 min read

അഞ്ചാലുംമൂട്

കാൽപ്പന്തുകളിയുടെ ആവേശത്തിരയില്‍ ജില്ലയും. ലോകകപ്പ്‌ ഫുട്‌ബോളിനെ വരവേൽക്കാൻ പ്രകാശ്‌ കലാകേന്ദ്രവും ഒരുങ്ങി. പരിസ്ഥിതി ദിനത്തിൽ കലാകേന്ദ്രം പ്രവർത്തകർ നാട്ടിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പിയും കവറും ഉപയോഗിച്ച്‌ ബൂട്ടണിഞ്ഞ കൂറ്റൻ കാലും പന്തും ഇൻസ്റ്റലേഷൻ ഒരുക്കി. ഹരിതകർമ സേന അംഗങ്ങളാണ് ഇൻസ്റ്റലേഷൻ സമർപ്പിച്ചത്‌. ശിൽപ്പി അജി എസ് ധരന്റെ നേതൃത്വത്തിൽ കാളിദാസൻ, അകിര, അമാസ്, മഹേഷ് മഹി, ഗാഥ, മഹേഷ് മോഹൻ എന്നിവർ ചേർന്നാണ് ഇൻസ്റ്റലേഷൻ ഒരുക്കിയത്. വിവിധ ടീമുകളുടെ ആരാധകർ നീരാവിൽ ജങ്ഷനിൽ ഉയർത്തിയ ഫ്ലക്സ് ബോർഡുകൾക്കിടയിൽ ഇൻസ്റ്റലേഷൻ സ്ഥാപിക്കും. ബുധനാഴ്ച വൈകിട്ട് 5.30ന് കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോകകപ്പ്‌ ആവേശവുമായി അഞ്ചാലുംമൂട്ടിൽനിന്ന് നീരാവിലേക്ക് വിളംബര ജാഥ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ എസ് ആർ അരുൺബാബു ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. അധിനിവേശത്തിനെതിരായ സ്നേഹ സമർപ്പണം അതിർത്തി, വംശഭേദങ്ങളില്ലാതെ മനുഷ്യർ പരസ്‌പരം ആലിംഗനം ചെയ്യുന്ന ഫുട്ബോൾ, വസന്തത്തിന്റെ ഊഷ്മളമായ സ്നേഹരാവുകളെ ഓർമിപ്പിക്കുകയാണ് കാലും പന്തും ഇൻസ്റ്റലേഷൻ. അതിർത്തികളിലെ ചോരപ്പാടുകളെ മായ്‌ച്ച് ഉരുളുന്ന പന്തും അതിന് പിറകെ പായുന്ന കാലും യുദ്ധത്തിനും അധിനിവേശത്തിനുമെതിരായ സ്നേഹ സമർപ്പണമാണ്‌. രാജ്യങ്ങൾക്ക് അതിരുകളില്ലാതാകുന്ന ഒരു മാസക്കാലം പന്ത് അമേരിക്കയിലും ഇറാനിലും റഷ്യയിലും ഉക്രയിനിലും ഉപരോധങ്ങളെ തട്ടിമാറ്റി ഹോർമൂസ് കടലിടുക്കിലൂടെ പായും. റൊണാൾഡോയും മെസിയും എംബാപ്പെയും നെയ്മറും യെമാലും നമ്മുടെ അയൽക്കാരാകും. അവരുടെ സന്തോഷവും സങ്കടവും ഓരോ ഫുട്ബോൾ പ്രേമിയും ഏറ്റെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home