print edition പരീക്ഷാ കർമസമിതി; മോദിസർക്കാരിന്റെ അടുത്ത തട്ടിപ്പ്

പാഴ്‌വാഗ്‌ദാനങ്ങൾ നൽകുന്നതിലും പ്രഹസനങ്ങൾ കൊണ്ട് ആടിത്തിമിർക്കുന്നതിലും മോദിക്കും കൂട്ടർക്കും മീതെ മറ്റാരുമില്ല. രാജ്യത്തുനിന്ന് പുറത്തുപോയ കള്ളപ്പണം മുഴുവൻ തിരിച്ചുപിടിച്ച് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപവീതം നിക്ഷേപിക്കും, കാർഷികവിളകൾക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള ന്യായമായ താങ്ങുവില ലഭ്യമാക്കും, അഴിമതി ചെയ്യില്ല, അഴിമതിക്കാർക്ക് കൂട്ടുനിൽക്കില്ല എന്നീ വാഗ്‌ദാനങ്ങൾ നൽകിയാണ് 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനം നേടിയത്. അതിനുശേഷം തുടർച്ചയായ 12 വർഷം രാജ്യം ഭരിക്കുന്ന അദ്ദേഹം, ഇക്കാര്യങ്ങളിൽ ഏതെങ്കിലും നടപ്പാക്കുകയോ എന്തുകൊണ്ട് വാക്കുപാലിച്ചില്ലെന്ന സംശയങ്ങൾക്ക് മറുപടി നൽകുകയോ ചെയ്‌തിട്ടില്ല. അഴിമതിയുടെ കാര്യമെടുത്താൽ, രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയാകെ അഴിമതിയിൽ മുങ്ങിയെന്ന് ബിജെപി അനുകൂലികളും സമ്മതിക്കുന്നു. നീറ്റിലെ അട്ടിമറികൾക്കെതിരെ വിദ്യാർഥികളും യുവജനങ്ങളും നടത്തിയ പ്രക്ഷോഭത്തിന് ലഭിച്ച ബഹുജനപിന്തുണ ഇതിന് തെളിവാണ്.
ജനകീയരോഷത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുകയും ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളും ഒഴിവാക്കാനുള്ള പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യാൻ കർമസമിതി രൂപീകരിക്കുകയും ചെയ്‌തിരിക്കുകയാണ്. ഇൗ പ്രഖ്യാപനം അടുത്ത തട്ടിപ്പിനുള്ള സാവകാശം തേടൽമാത്രമാണെന്ന് അനുഭവം സാക്ഷി. 2024ൽ നീറ്റ്-–യുജി പരീക്ഷയിലടക്കം ഉണ്ടായ ക്രമക്കേടുകളെ തുടർന്ന് സംവിധാനം കുറ്റമറ്റതാക്കാൻ ഐഎസ്‌ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ ഉന്നതതലസമിതി രൂപീകരിച്ചിരുന്നു. ഇൗ സമിതി നിർദേശിച്ച പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ താൽപ്പര്യം കാട്ടിയില്ല. 2017–18ൽ നിലവിൽവന്നശേഷം ഒട്ടേറെ ദേശീയതല പരീക്ഷകൾക്ക് കാർമികത്വംവഹിച്ച എൻടിഎ (നാഷണൽ ടെസ്റ്റിങ് ഏജൻസി) എത്രത്തോളം ദുർബലവും ക്രമക്കേടുകൾക്ക് പഴുതുള്ളതുമാണെന്ന് മനസ്സിലാക്കുമ്പോഴാണ് മോദിസർക്കാരിന്റെ കുറ്റകരമായ നിലപാട് ബോധ്യമാവുക.
എൻടിഎയിൽ സ്ഥിരം ജീവനക്കാർ ആകെ 24 പേർമാത്രം. 15 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. കരാർ, പുറംതൊഴിൽ കരാർ സംവിധാനങ്ങളിൽ 197 പേരും ഇവിടെ ജോലി ചെയ്യുന്നതായി രാജ്യസഭയിൽ സർക്കാർ മറുപടി നൽകിയിട്ടുണ്ട്. ജനറൽ മാനേജർ, സീനിയർ അഡ്വൈസർ, സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, ഡാറ്റ അനലിസ്റ്റ് തുടങ്ങി തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിലാണ് ജോലി. പരീക്ഷകൾ നടത്താൻ സംസ്ഥാന, ജില്ല, സിറ്റി തലങ്ങളിൽ അതത് സമയം വാടകയ്‌ക്ക് ആളെ എടുക്കുന്നതാണ് പതിവ്. സ്വകാര്യവൽക്കരണമാണ് ഇതിന്റെ കാതൽ. ദശലക്ഷക്കണക്കിന് വിദ്യാർഥികൾ വർഷങ്ങളുടെ കഠിനാധ്വാനത്തിനുശേഷം എഴുതുന്ന മത്സരപരീക്ഷകൾ അങ്ങേയറ്റം അരാജകസംവിധാനത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന് അർഥം. സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തം ചോദ്യപേപ്പർ ചോർച്ചകൾക്കും മറ്റ് അട്ടിമറികൾക്കും സാധ്യത വർധിപ്പിക്കുന്നു.
എൻടിഎയുടെ കാര്യക്ഷമത കൂട്ടാൻ തയ്യാറാകാതെ വീണ്ടും വീണ്ടും അധികാരകേന്ദ്രീകരണത്തിനാണ് സർക്കാർ വ്യഗ്രത കാട്ടിയത്. കൂടുതൽ പരീക്ഷകൾ ഇവരുടെ പരിധിയിൽ കൊണ്ടുവന്നു. ഡൽഹി സർവകലാശാലയിൽ മലയാളിവിദ്യാർഥികളുംമറ്റും കൂടുതലായി പ്രവേശനം നേടുന്നത് സംസ്ഥാനതലത്തിൽ മാർക്ക് പെരുപ്പിച്ചുനൽകുന്നതുകൊണ്ടാണെന്ന ആഖ്യാനം സംഘപരിവാർ ചമച്ചു. ഇതേത്തുടർന്ന് കേന്ദ്ര സർവകലാശാലകളിൽ പ്രവേശനത്തിനായി സിയുഇടി എന്ന പേരിൽ പരീക്ഷ ഏർപ്പെടുത്തുകയും എൻടിഎയെ ഏൽപ്പിക്കുകയും ചെയ്‌തു. ജോലിഭാരം പതിന്മടങ്ങായി മാറിയ എൻടിഎയുടെ പരീക്ഷകൾ അടിക്കടി താളംതെറ്റിയിട്ടും മറുപടി നൽകാൻ കേന്ദ്രം ഉത്തരവാദിത്വം കാണിച്ചില്ല. നീറ്റ് പരീക്ഷകൾ അലങ്കോലമായപ്പോൾ 22 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. ഇവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിനുമുന്നിൽ മോദിസർക്കാർ ഹുങ്കും അലംഭാവവും തുടർന്നു.
ഇപ്പോൾ പ്രഖ്യാപിച്ച കർമസമിതിയിലെ അംഗങ്ങളുടെ പശ്ചാത്തലവും കേന്ദ്രത്തിന്റെ അജൻഡ വ്യക്തമാക്കുന്നു. ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങളും ഹിന്ദുത്വവർഗീയതയും ചാലിച്ച പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ സാധ്യതയുള്ളവരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയത്. ഗോമൂത്രം കുടിച്ചതോടെ തന്റെ കടുത്ത പനി മാറിയെന്ന് അവകാശപ്പെട്ട മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി ഇൗ സമിതിയിൽ അംഗമായത് പ്രത്യേകം ശ്രദ്ധിക്കണം. ശാസ്‌ത്രീയ കാഴ്‌ചപ്പാടോ വിദ്യാർഥികളുടെ ഭാവിയോ മോദിസർക്കാരിന് പ്രധാനമല്ല. ശാസ്‌ത്രവിരുദ്ധ, അന്ധകാര യുഗത്തിന്റെ ആരാധകരായ ബിജെപി നേതൃത്വത്തിന് രാജ്യത്തെ യുവജനങ്ങളെ പ്രകാശപൂരിതമായ നാളുകളിലേക്ക് നയിക്കാൻ കഴിയില്ല.










0 comments