ad
Deshabhimani

print edition നവകേരളത്തിന് വ്യവസായവികസനം , സാമൂഹ്യക്ഷേമം

modi and Us Trade Agreement
വെബ് ഡെസ്ക്

Published on Oct 25, 2025, 12:00 AM | 2 min read


രാജ്യത്ത്‌ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ 1956 നവംബർ ഒന്നിന്‌ പിറവികൊണ്ട കേരളം. മലയാളികളുടെ മാതൃഭൂമി. കേരളപ്പിറവിക്ക്‌ 75 വർഷം തികയുന്പോൾ ലോകം ഉറ്റുനോക്കുന്ന ഒരു വികസിത സംസ്ഥാനമായി മാറുന്നതിനുള്ള മാർഗരേഖകളാണ്‌ വിഷൻ 2031 വികസന സെമിനാറുകൾ ചർച്ച ചെയ്യുന്നത്‌. സമകാല വെല്ലുവിളികളെ വിജയകരമായി അതിജീവിക്കുന്നതിനൊപ്പം ഏറ്റവും ഉന്നതമായ ശാസ്‌ത്രസാങ്കേതിക നേട്ടങ്ങൾ ഉപയോഗിച്ച്‌ സ്വപ്‌നകേരളം പടുത്തുയർത്തുന്നതിനുള്ള ഭാവനാപൂർണമായ നടപടികൾക്ക്‌ അടിത്തറയിട്ടുകഴിഞ്ഞു.


കേരളത്തിലെ വ്യവസായപദ്ധതികൾക്ക്‌ ഭാവിയില്ലെന്ന്‌ പതിറ്റാണ്ടുകളായുള്ള വലതുപക്ഷ പ്രചാരണങ്ങളെ പിന്നോട്ട്‌ ചവിട്ടിമാറ്റിയാണ്‌ വ്യവസായവകുപ്പ്‌ കുതിക്കുന്നത്‌. ഇന്ന്‌ നിക്ഷേപകരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായിരിക്കുന്നു കേരളം. ജനസാന്ദ്രത, ഭൂമിദ‍ൗർലഭ്യം, മലിനീകരണം എന്നിവ പ്രധാന പ്രശ്‌നമായി മുന്നിൽ കണ്ടുകൊണ്ടാണ്‌ ആധുനിക വ്യവസായങ്ങൾക്കായുള്ള നിക്ഷേപങ്ങൾക്ക്‌ അനുയോജ്യമാംവിധം കേരളത്തെ മാറ്റിയെടുക്കാൻ ഇന്നൊവേഷൻ ഹബ്ബുകളും വ്യവസായ പാർക്കുകളും വിഭാവനം ചെയ്യുന്നത്‌. വിജ്ഞാന സന്പദ്‌ഘടനയെന്ന ആശയത്തിലൂന്നിക്കൊണ്ട്‌ ഇലക്‌ട്രോണിക്‌സ്‌, ഐടി, ഐടി ഹാർഡ്‌വെയർ, എഐ, റോബോട്ടിക്‌സ്‌, ലോജിസ്റ്റിക്‌സ്‌, ഭക്ഷ്യസംസ്‌കരണം, സ്‌മാർട്ട്‌ മാനേജ്‌മെന്റ്‌, ടെക്‌സ്റ്റൈൽസ്‌ തുടങ്ങിയ നവകാല വ്യവസായസംരംഭ സ‍ൗഹൃദ ആവാസവ്യവസ്ഥ എന്ന ലക്ഷ്യത്തിനാണ്‌ ഉ‍ൗന്നൽ.


ഇരുനൂറ്‌ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ, 1700 ഏക്കറിൽ വിഴിഞ്ഞം–കൊല്ലം–പുനലൂർ വളര്‍ച്ചാ ത്രികോണം, 358 ഏക്കറിൽ കൊച്ചി ഗ്ലോബൽ സിറ്റി പ്രോജക്ട്‌, പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നൈപുണ്യവികസന- സംരംഭക സർവകലാശാല, കൊല്ലത്ത് മെഗാ ഭക്ഷ്യസംസ്‌കരണ പാർക്ക്, വിഴിഞ്ഞം വികസന ഇടനാഴി എന്നിവയാണ്‌ വിഷൻ 2031 രേഖയിലെ സുപ്രധാന ലക്ഷ്യങ്ങൾ. തിരുവനന്തപുരത്ത്‌ വിഎസ്‌എസ്‌സിക്കും ഐഎസ്‌ആർഒയ്‌ക്കും സമീപം എയ്‌റോ -ഡിഫൻസ് ആൻഡ് ഡ്രോൺ ഇൻഡസ്ട്രിയൽ ക്ലസ്റ്റർ, കോഴിക്കോട്,- മലപ്പുറം വ്യവസായ ക്ലസ്റ്ററിന്റെ ഭാഗമായി ബയോടെക് ആന്‍ഡ് ലൈഫ് സയൻസസ് ക്യാന്പസ്‌, മൾട്ടി- സെക്ടറൽ മെഗാ പ്രോജക്ടായ അരീന മലബാർ എന്നിവയ്‌ക്കൊപ്പം ഫിൻടെക്, ഐടിഇഎസ്, എഐ ആന്‍ഡ് റോബോട്ടിക്‌സ്, കൈത്തറി, ലോജിസ്റ്റിക്‌സ് മേഖലകൾക്കായി കണ്ണൂർ–കാസർകോട് വ്യവസായ ഇടനാഴിയും വിഭാവനം ചെയ്യുന്നു.


കൊല്ലത്ത് മെഗാ ഭക്ഷ്യസംസ്‌കരണ പാർക്ക്‌, ആലപ്പുഴയിൽ മാരിടൈം ആൻഡ് മറൈൻ പാർക്ക്‌, തിരുവനന്തപുരത്ത് 500 ഏക്കറിൽ മെഡിക്കൽ ബയോടെക് ഹബ്ബ്‌, കോട്ടയത്ത് 2000 ഏക്കറിൽ ചെറുകിടവ്യവസായ സിറ്റി, തൃശൂരിൽ റോബോട്ടിക്‌സ്‌ പാർക്കും ജെം ആൻഡ് ജ്വല്ലറി പാർക്കും, വയനാട്ടിൽ കോഫി പാർക്കും പാലക്കാട്ട്‌ ഗ്രഫീൻ അറോറ പാർക്കും, കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ വാലി പ്രോജക്ടും നയരേഖ മുന്നോട്ടുവയ്‌ക്കുന്നു.


വ്യവസായവികസനത്തിനൊപ്പം സാമൂഹ്യമേഖലയിലെ ഇടപെടലിലൂടെ എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുകയാണ്‌ സർക്കാർ. നവംബർ ഒന്നിന്‌ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്‌. 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവരെ ആ അവസ്ഥയിൽനിന്ന്‌ മോചിപ്പിക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കപ്പെടുകയാണ്‌. 50 വീടുകൾ ഇ‍ൗ വിഭാഗത്തിനായി ആലപ്പുഴയിൽ ഒരുങ്ങുന്നു. ഒപ്പം കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്‌പ്‌)ക്ക്‌ സർക്കാർ 250 കോടി രൂപകൂടി അനുവദിച്ചു. ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്ക്‌ ഇതുവഴി സൗജന്യചികിത്സ ലഭ്യമാകും. മുടങ്ങാത്ത ക്ഷേമപെൻഷൻ വിതരണമടക്കമുള്ള കാര്യങ്ങൾ ഇ‍ൗ സർക്കാരിനെ ജനങ്ങൾക്ക്‌ പ്രിയങ്കരമാക്കുന്നു.


കേരളപ്പിറവിക്കുശേഷം 1957ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന്‌ ഒരുങ്ങുംമുന്പുതന്നെ കമ്യൂണിസ്റ്റ്‌ പാർടി തൃശൂരിൽ പ്രത്യേകമായി സമ്മേളനം ചേർന്ന്‌ കേരളത്തിന്റെ ഭാവിവികസനം ചർച്ച ചെയ്‌തിരുന്നു. പാർടി അധികാരത്തിൽ വന്നാൽ പിന്തുടരേണ്ട വ്യവസായനയത്തെക്കുറിച്ച്‌ അന്ന്‌ കൈക്കൊണ്ട തീരുമാനത്തിന്റെ ഫലമായാണ്‌ ബിർല അടക്കമുള്ളവർ കേരളത്തിൽ വ്യവസായമാരംഭിച്ചത്‌. അത്‌ കേരളത്തിന്റെ സന്പദ്‌ഘടനയ്‌ക്ക്‌ ഉ‍ൗർജമായി. കേരളപ്പിറവിയുടെ 75–ാം വാർഷികത്തിൽ കേരളത്തെ വികസിത സംസ്ഥാനമാക്കി ഉയർത്താനുള്ള രണ്ടാം പിണറായി സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ സംസ്ഥാനത്തിന്റെയാകെ തുടർപിന്തുണ ഉണ്ടാകുമെന്നുറപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home