ad
Deshabhimani

സ്‌ത്രീപക്ഷ നവകേരളത്തിലേക്ക്‌ ഒരു ചുവടുകൂടി

edit
വെബ് ഡെസ്ക്

Published on Feb 12, 2026, 12:01 AM | 2 min read


​‘ഇന്ന്‌ കേരളം നടപ്പാക്കുന്നത്‌ നാളെ ഇന്ത്യ പിന്തുടരും’ എന്നത്‌ പഴമൊഴിയായി. മറ്റാർക്കും ആലോചിക്കാൻപോലും പറ്റാത്തതാണ്‌ ഇന്ന്‌ കേരളം നടപ്പാക്കുന്നത്‌ എന്നു പറയുന്നതാകും കൂടുതൽ ശരി. അതിദാരിദ്ര്യം തുടച്ചുനീക്കാൻ ഒന്നിച്ചിറങ്ങി ലോകമാതൃക തീർത്തതിനു തൊട്ടുപിന്നാലെ ഇതാ മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്കും തുടക്കമായി.


സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കളല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള മഞ്ഞ കാർഡ്, പിങ്ക് കാർഡ് വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപവീതം നൽകുന്നതാണ്‌ പദ്ധതി. 35 മുതൽ 60 വയസ്സുവരെയുള്ള 31.34 ലക്ഷം സ്ത്രീകൾക്കാണ്‌ ധനസഹായം. ആദ്യഘട്ടം 10.18 ലക്ഷം പേരുടെ അക്ക‍ൗണ്ടുകളിൽ ബുധനാഴ്ച പണമെത്തി. വർഷം 3800 കോടി രൂപയാണ് സർക്കാർ ചെലവിടുക. ഇതിന്‌ ലോകത്തുതന്നെ സമാനതകളില്ല. സ്ത്രീകളുടെ ഇരട്ട അധ്വാനത്തിനും അദൃശ്യമായ ജോലിഭാരത്തിനുമുള്ള അംഗീകാരംകൂടിയാണിത്‌. ഇത്‌ സ്‌ത്രീകൾക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അത്യാവശ്യകാര്യങ്ങൾക്കടക്കം മറ്റുള്ളവർക്കുമുന്പിൽ കൈനീട്ടേണ്ട സ്ഥിതി ഒഴിവാക്കാനാകും. പ്രകടനപത്രികയിലെ വാഗ്‌ദാനംമാത്രമല്ല, സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത സ്‌ത്രീപക്ഷനയംകൂടിയാണ്‌ വ്യക്തമാക്കുന്നത്‌.


കേരളം വികസിതസമൂഹം എന്ന ലക്ഷ്യത്തിലേക്കാണ്‌ നടന്നടുക്കുന്നത്‌. വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക്‌ എത്തിക്കാനാണ്‌ ശ്രമം. അതിന്‌ സ്‌ത്രീകളുടെ പദവിയും സുരക്ഷയും സ്വാതന്ത്ര്യവും കൂടുതൽ ഉയർത്തേണ്ടതുണ്ട്‌. തീർച്ചയായും നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇ‍ൗ പദ്ധതിയും നിർണായക ചാലകശക്തിയാകുമെന്നതിൽ തർക്കമില്ല.


ഇന്ത്യയിലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീസമൂഹം വളരെ മുന്നിലാണ്. ഉയര്‍ന്ന സാക്ഷരത (92 ശതമാനം), ആയുർദൈർഘ്യം (76.9 വയസ്സ്),ലിംഗ പദവി വികസന സൂചിക എന്നിവയിൽ കേരളം ഒന്നാമതാണ്. മാതൃമരണനിരക്ക് വളരെ കുറവാണ്. ജനസംഖ്യ: ലിംഗാനുപാതം സ്ത്രീകൾക്ക് അനുകൂലമാണ്. കുടുംബത്തിലും സമൂഹത്തിലും മികച്ച തീരുമാനമെടുക്കാനുള്ള അധികാരം (സാമൂഹികപദവി), ആരോഗ്യരക്ഷാ സംവിധാനങ്ങൾ എന്നിവ കേരളത്തിലെ സ്ത്രീകൾക്കുണ്ട്‌.


മാറിമാറി വന്ന എൽഡിഎഫ് സർക്കാരുകൾ സ്ത്രീപക്ഷകേരളം എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഓരോ പദ്ധതിയും വിഭാവനംചെയ്തിട്ടുള്ളത്. സമ്പൂർണ സാക്ഷരതയും ജനകീയാസൂത്രണ പദ്ധതിയും കുടുംബശ്രീയും ഉൾപ്പെടെ, ഇ‍ൗ കാഴ്ചപ്പാടോടുകൂടിയാണ് നടപ്പാക്കിയത്. ഇതിന്റെ തുടർച്ചയാണ്‌ ഇ‍ൗ സുരക്ഷാപദ്ധതിയും. ഇടതുപക്ഷസർക്കാരുകൾ അധികാരത്തിലിരുന്നപ്പോഴാണ്‌ കേരളത്തിൽ വനിതാനയം രൂപീകരിക്കുന്നത്‌. സ്‌ത്രീപക്ഷ പദ്ധതികൾക്ക്‌ പ്രത്യേകവിഹിതം നൽകി ജെൻഡർ ബജറ്റ്‌ അവതരിപ്പിച്ച്‌ മാതൃക കാട്ടിയതും എൽഡിഎഫ്‌ സർക്കാരാണ്‌. 2016ല്‍ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ വനിതാ ശിശുവികസനവകുപ്പിന് രൂപംകൊടുത്തു.


സ്ത്രീസുരക്ഷയ്ക്കായി മിത്ര 181 വനിതാ ഹെല്‍പ്‌ലൈന്‍ നടപ്പാക്കി. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി ‘സഖി’ വണ്‍ സ്റ്റോപ്പ്‌ സെന്ററുകള്‍ എല്ലാ ജില്ലയിലുമുണ്ട്‌. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം എന്നിവയെ അതിജീവിച്ചവർക്ക് അതിജീവിത നഷ്ടപരിഹാരമായി ആശ്വാസനിധിയുണ്ട്.


യാത്രചെയ്യുന്ന സ്ത്രീകൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രഷ്നെസ് സെന്ററുകൾ ഒരുക്കി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള കുടുംബശ്രീവഴി ‘സ്നേഹിത’ ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തിക്കുന്നു. സ്‌ത്രീസുരക്ഷയ്ക്കായി പിങ്ക്‌ പൊലീസിന്‌ രൂപംനൽകി. എല്ലാ സ്റ്റേഷനിലും 24 മണിക്കൂർ 1091 വനിതാ ഹെൽപ്പ്‌ലൈന്‍ നമ്പരും ഹെൽപ്പ്‌ ഡെസ്കും ഒരുക്കി. സംസ്ഥാനത്ത് വനിതാ പൊലീസ്‌ ബറ്റാലിയന്‍ രൂപീകരിച്ചു. മൊത്തം സേനയുടെ 15 ശതമാനം വനിതകളെ നിയമിച്ചു. അഗ്നിരക്ഷാസേനയിലും വനസംരക്ഷണസേനയിലും വനിതകളെ നിയമിച്ചു. ജനമൈത്രി സുരക്ഷാപദ്ധതിയിൽ 60 ശതമാനം സ്ത്രീകള്‍ക്കും പ്രതിരോധ പരിശീലനം നല്‍കി. ഷീ -ടാക്സി, ഷീ -ഓട്ടോ എല്ലാ ജില്ലയിലും ആരംഭിച്ചു.


സ്ത്രീകളെ തൊഴില്‍രംഗത്ത് എത്തിക്കാനായി നൈപുണി വികസിപ്പിക്കാനും ഇടപെട്ടു. തെങ്ങുകയറ്റം, പ്ലംബിങ്‌, വയറിങ്‌, ലോക്കോ പൈലറ്റ് പോലുള്ള തൊഴിലുകളില്‍ പരിശീലനം നൽകി. തൊഴിലിടത്തിലെ ലൈംഗികപീഡനം തടയാൻ പോഷ് ആക്ടിന്റെ നോഡല്‍ ഏജന്‍സിയായി വനിതാ ശിശുവികസനവകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി കമ്മിറ്റി ഉറപ്പുവരുത്തി. കുടുംബശ്രീക്ക് നാലു ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കി സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെതന്നെ, വനിതകളുടെ സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിൽ വനിതാസെല്ലും രൂപീകരിച്ചു. ഇവയെല്ലാം ലിംഗനീതിയിൽ അധിഷ്‌ഠിതമായ നവകേരളത്തിലേക്കുള്ള പാതയിലെ ചുവടുവയ്‌പുകളാണ്‌. ഇവ നിലനിർത്തി മുന്നേറുകയാണ്‌ നമ്മുടെ കടമ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home