ad
Deshabhimani

സിനിമാ വിലക്കെന്ന ഭീരുത്വം

modi and Us Trade Agreement
വെബ് ഡെസ്ക്

Published on Dec 18, 2025, 12:00 AM | 2 min read


പത്തൊമ്പത്‌ ചിത്രങ്ങൾക്ക്‌ പ്രദർശനാനുമതി നിഷേധിച്ച്‌ ‘ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ ഓഫ്‌ കേരള – 2025 ’ നെ പ്രതിസന്ധിയിലാക്കി കേന്ദ്ര സർക്കാർ വീണ്ടും തനിസ്വരൂപം കാണിച്ചു. ആർഎസ്‌എസ്‌ – ബിജെപി നേതൃത്വത്തിന്റെ ഫാസിസ്‌റ്റ്‌ മനോഭാവമാണ്‌ ലോകസിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഇ‍ൗ ചലച്ചിത്രമേളയിൽ കരിനിഴൽ വീഴ്‌ത്തിയത്‌. രാജ്യത്ത്‌ ആവിഷ്കാര സ്വാതന്ത്ര്യം എത്ര ഭീതിദമായ അവസ്ഥയിലാണെന്ന യാഥാർഥ്യവും ഇ‍ൗ വിലക്കിൽ തെളിയുന്നു.


ഡിസംബർ 12ന്‌ തുടങ്ങി 19ന്‌ അവസാനിക്കുന്ന മേളയിൽ നേരത്തേ തന്നെ പ്രഖ്യാപിച്ച, എ പോയറ്റ്: അൺകൺസീൽഡ് പോയട്രി ( ഇന്തോനേഷ്യ ), ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു ( ജർമൻ ), ബമാക്കോ (ഫ്രഞ്ച്‌ ), ബാറ്റില്‍ഷിപ് പൊട്ടെംക്കിന്‍ ( യുഎസ്‌എസ്‌ആർ – നോ ലാംഗ്വേജ്‌), ബീഫ്‌ ( സ്‌പാനിഷ്‌ ), ക്ലാഷ്‌ ( ഇ‍ൗജിപ്ത്‌, ഫ്രാൻസ്‌, ജർമനി ), ഇ‍ൗഗിൾസ്‌ ഓഫ്‌ ദി റിപ്പബ്ലിക്‌ ( അറബിക്‌, ഫ്രഞ്ച്‌ ), ഹാർട്ട്‌ ഓഫ്‌ ദി വുൾഫ്‌ ( സ്വീഡിഷ് ), വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ ( അറബിക്‌ ), പലസ്തീൻ 36 ( അറബിക്‌ ), റിവർസ്‌റ്റോൺ ( സിംഹള ), ദി അവര്‍ ഓഫ് ദ ഫര്‍ണസസ് ( സ്‌പാനിഷ്‌ ), ടണൽസ്: സൺ ഇൻ ദ ഡാർക്, യെസ് ( ഫ്രഞ്ച്‌,അറബിക്‌, ടർക്കിഷ്‌, ഹീബ്രു), ഫ്ലെയിംസ് ( ഹിന്ദി ), ടിംബക്‌തു ( ഫ്രഞ്ച്‌, അറബിക്‌ ), വാജിബ്‌ ( അറബിക്‌ ), സന്തോഷ് ( ഹിന്ദി ) എന്നിവയാണ്‌ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കിയത്‌.


ഇതിൽ പശുഇറച്ചിയുമായി ഒരു ബന്ധവുമില്ലാത്ത സിനിമയാണ്‌ ബീഫ്‌. യാഥാസ്ഥിതിക ചുറ്റുപാടില്‍നിന്ന് സംഗീതലോകത്ത് വളരാനാഗ്രഹിക്കുന്ന യുവതിയും അമ്മയുമായുള്ള ആത്മ സംഘര്‍ഷങ്ങളാണ്‌ ഉള്ളടക്കം. അതായത്‌, പേര്‌ മാത്രം നോക്കിയും വിലക്ക്‌. എന്നാൽ, ഓലപ്പാമ്പിന്‌ വഴങ്ങില്ലെന്നും വിലക്കിയവ പ്രദർശിപ്പിക്കുമെന്നും കേരളം നിലപാടെടുത്തു. മത–രാഷ്‌ട്രീയ അന്ധത ബാധിച്ച നിലപാടുകൾക്കുമുന്നിൽ മതനിരപേക്ഷതയുടെ മണ്ണ്‌ മുട്ടുമടക്കില്ലെന്ന ധീരത. ഒടുവിൽ, ബീഫ്‌, പലസ്തീൻ 36 ഉൾപ്പെടെ ഏതാനും സിനിമകൾക്കുള്ള വിലക്ക്‌ നീക്കേണ്ടി വന്നു. അനുമതി നിഷേധം അപേക്ഷ വൈകിയതുമൂലമാണെന്ന കേന്ദ്രവാദവും ഇതോടെ പൊളിഞ്ഞു. മുൻവർഷങ്ങളിലെ നടപടിക്രമങ്ങൾ തന്നെയാണ്‌ ഇക്കുറിയും പിന്തുടർന്നതെന്ന്‌ കേരള ചലച്ചിത്ര അക്കാദമിയും വ്യക്തമാക്കി.


വ്യത്യസ്ത ആശയങ്ങളോടും വിമർശങ്ങളോടും അസഹിഷ്ണുത പുലർത്തുന്നത്‌ ഫാസിസ്‌റ്റ്‌ രീതിയാണ്‌. ചില പേരുകളും വാക്കുകൾ പോലും ഇവരെ ചൊടിപ്പിക്കുന്നു. ബീഫ്‌, പലസ്തീൻ, വിയറ്റ്‌നാം യുദ്ധം, കമ്യൂണിസ്‌റ്റ്‌ വേട്ട, സ്വാതന്ത്ര്യം, ദാരിദ്ര്യമോചനം... മാനവികതയെ കുറിക്കുന്ന എല്ലാത്തിനേയും ഭയക്കുന്നു. ലോക സിനിമാചാര്യൻ ഐസൻസ്റ്റീനിന്റെ ‘ ബാറ്റില്‍ഷിപ് പൊട്ടെംക്കിലും ’ ( 1925 ) വിലക്കി ! യുട്യൂബിൽ അടക്കം എവിടെയും ലഭ്യമാണിത്‌.

പച്ചയായ രാഷ്‌ട്രീയമല്ലാതെ മറ്റൊന്നുമല്ല ഇ‍ൗ വിലക്കുകൾ. കേന്ദ്ര സഹമന്ത്രി തന്നെ അഭിനയിച്ച സിനിമയുടെ പേരിൽനിന്ന്‌ ‘ ജാനകി ’ തിരുത്തിയത്‌ അടുത്തിടെയാണ്‌. എമ്പുരാനിൽ 17 വെട്ടാണ്‌ വെട്ടിയത്‌. ‘ ഹാൽ ’ സിനിമയിൽ കത്തിവച്ചത്‌ പോരെന്ന്‌ ഇപ്പോഴും ആക്രോശിക്കുന്നു.


ലോകസമാധാനത്തിനുവേണ്ടിയും ഫാസിസത്തിനും വിജ്ഞാന വിരുദ്ധതയ്ക്കും ദുരാചാരങ്ങൾക്കുമെതിരെയും പൊരുതിയ പാരന്പര്യമുള്ള രാജ്യമാണ്‌ ഇന്ത്യ. സിനിമയും അതിൽ വലിയ പങ്ക്‌ വഹിച്ചു. എന്നാൽ, നിഗൂഢത മുഖമുദ്രയാക്കിയ ഭരണാധികാരികൾ വിലക്കുപോലുള്ള ആയുധങ്ങൾ എക്കാലത്തും പ്രയോഗിച്ചിട്ടുണ്ട്‌. ‘ സത്യത്തിൽനിന്ന്‌ അകന്നുപോകുന്തോറും അവർ, സത്യം പറയുന്നവരെ കൂടുതൽ വെറുത്തുകൊണ്ടിരിക്കും ’ എന്നാണ്‌ വിഖ്യാത നോവലിസ്‌റ്റും പത്രപ്രവർത്തകനുമായിരുന്ന ജോർജ്‌ ഓർവെൽ പറഞ്ഞത്‌. ഇന്ത്യയിൽ അത്‌ വ്യക്തമാണ്‌. ആശയങ്ങളെയും അഭിപ്രായങ്ങളെയും ഹിംസിച്ച്‌ ഇല്ലാതാക്കാൻ ശ്രമിക്കുന്നിടത്തോളം ഭീരുത്വം മറ്റൊന്നില്ല. തുറന്ന സംവാദത്തിലാണ്‌ ധീരത. അടിച്ചമർത്തലിന്റെ സ്വരൂപമായ സാമ്രാജ്യത്വത്തിന്റെ ചെരുപ്പ്‌ നക്കിയവരുടെ പിൻമുറക്കാരിൽനിന്ന്‌ അത്‌ പ്രതീക്ഷിക്കുന്നിടത്തോളം മ‍ൗഢ്യമില്ലല്ലോ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home