ad
Deshabhimani

നടപടിയെടുക്കാതെ അധികൃതർ

എങ്ങും മാലിന്യം; മമ്പാട്‌ പനി പടരുന്നു

aa
വെബ് ഡെസ്ക്

Published on Sep 04, 2026, 12:15 AM | 1 min read

മമ്പാട്

മമ്പാട് പഞ്ചായത്തിൽ പനി പടർന്നുപിടിക്കുമ്പോഴും പൊതുസ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരം. അനക്കമില്ലാതെ പഞ്ചായത്ത്‌. നിലമ്പൂർ– -പെരിന്തൽമണ്ണ പാതയിലും നിലമ്പൂർ-– മഞ്ചേരി പാതയിലും പലയിടങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞു. മമ്പാട്– -നടുവക്കാട്– -പുളിക്കലോടി പാതയിലും സ്ഥിതി വ്യത്യസ്‌തമല്ല. ഇവിടെ വാർഡംഗം ഉൾപ്പെടെയുള്ള നാട്ടുകാർ പലതവണ രംഗത്തിറങ്ങി മുന്നറിയിപ്പുനൽകിയിട്ടും മാലിന്യം തള്ളലിന് അറുതിയില്ല. കഴിഞ്ഞ ദിവസവും ഇവിടെ മാലിന്യം തള്ളിയതായി നാട്ടുകാർ പറയുന്നു. വിവിധയിടങ്ങളിലെ മാലിന്യക്കൂമ്പാരം ആരോഗ്യ പ്രശ്നങ്ങൾക്ക്‌ പുറമേ തെരുവുനായശല്യം രൂക്ഷമാകാൻ കാരണമാകുന്നതായും നാട്ടുകാർ പറഞ്ഞു. മാലിന്യം തള്ളലിനെതിരെ അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്‌. ഹരിതകർമ സേനയും ആരോഗ്യവിഭാഗവും ഇടപെടുന്നില്ലെന്നാണ്‌ ആക്ഷേപം. ആശുപത്രികളിൽനിന്നും മറ്റുമുള്ള മാലിന്യങ്ങളും പാതയോരങ്ങളിൽ ചാക്കുകളിലാക്കി തള്ളുന്നുണ്ട്. എൽഡിഎഫ്‌ ഭരണസമിതിയായിരിക്കെ പഞ്ചായത്തിലെ ആരോഗ്യവിഭാഗം നിരന്തരം പരിശോധന നടത്തിയിരുന്നു. മാലിന്യചാക്കുകൾ പരിശോധിച്ച്‌ കുറ്റവാളികളെ കണ്ടെത്തി പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങളായി പരിശോധനയില്ലെന്നാണ്‌ ആക്ഷേപം. സ്ഥിരമായി മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ നിരീക്ഷണ കാമറകൾ ഒരുക്കാൻ നേരത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിലും തുടർ നടപടികളായില്ല. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയം ചർച്ചചെയ്ത് പരിഹാരം കാണണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home