ad
Deshabhimani

താലിബാനും മോദിസർക്കാരും ​ഒരേതൂവൽപ്പക്ഷികൾ

modi taliban relations
വെബ് ഡെസ്ക്

Published on Oct 14, 2025, 12:01 AM | 2 min read


ഡൽഹിയിൽ അഫ്‌ഗാൻ എംബസിയിൽ കഴിഞ്ഞ 10ന്‌ താലിബാൻ സർക്കാരിന്റെ വിദേശമന്ത്രി അമീർഖാൻ മുത്താഖിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയത്‌ സാമാന്യബോധമുള്ള എല്ലാവരെയും അന്പരപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്‌തു. താലിബാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയായാണ്‌ മുത്താഖി ഇന്ത്യയിൽ എത്തിയത്‌. വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ തൊട്ടുപിന്നാലെയാണ്‌ താലിബാൻ മന്ത്രി മാധ്യമങ്ങളെ കണ്ടത്‌. വാർത്താസമ്മേളനത്തിലേക്ക്‌ ക്ഷണിച്ചില്ലെന്നുമാത്രമല്ല, വിവരമറിഞ്ഞ്‌ എത്തിയ വനിതാ മാധ്യമപ്രവർത്തകരെ ഗേറ്റിൽ തടയുകയും ചെയ്‌തു. ഇതിൽ കടുത്ത പ്രതിഷേധവും രോഷവും ഉയർന്നപ്പോൾ തങ്ങൾക്ക്‌ ഇതിൽ പങ്കില്ലെന്ന്‌ പ്രസ്‌താവനയിറക്കി കൈകഴുകാനാണ്‌ മോദിസർക്കാർ ശ്രമിച്ചത്‌.


പ്രതിഷേധം ശക്തമായതോടെ മുത്താഖിയുടെ രണ്ടാമത്തെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക്‌ പ്രവേശനം നൽകി. ആദ്യ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക്‌ പ്രവേശനം നിഷേധിച്ചത്‌ ബോധപൂർവമല്ലെന്നും സാങ്കേതികപ്രശ്‌നങ്ങൾമൂലമാണെന്നും വിശദീകരിക്കാനാണ്‌ താലിബാൻ മന്ത്രി ശ്രമിച്ചത്‌. പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതിൽ സംഭവിച്ച പിഴവാണെന്ന അവിശ്വസനീയ വിശദീകരണവും മുത്താഖിയിൽനിന്നുണ്ടായി. പിഴവാണെന്ന്‌ അവകാശപ്പെടുന്പോഴും പേരിനുപോലും ഖേദപ്രകടനം ഉണ്ടായില്ല. താലിബാന്റെ സ്‌ത്രീവിരുദ്ധ നിലപാടിന്‌ കുടപിടിച്ച മോദിസർക്കാരിന്റെ പ്രതിനിധികളിൽനിന്ന്‌ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായില്ല. എല്ലാ വർഗീയവാദികളും സ്‌ത്രീവിരുദ്ധനിലപാടിൽ ഒരേതൂവൽപ്പക്ഷികളാണെന്ന്‌ അടിവരയിട്ട്‌ ഉറപ്പിക്കുന്ന സംഭവവികാസമാണിത്‌.


സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണത്തിന്‌ തടസ്സം സൃഷ്ടിക്കുന്ന നയങ്ങളാണ്‌ മോദിസർക്കാർ പിന്തുടരുന്നത്‌. സ്‌ത്രീകളെ കേവലം ഉപഭോഗവസ്‌തുക്കളായി കണ്ടുള്ള പ്രസ്‌താവനകൾ സംഘപരിവാർ നേതാക്കൾ അടിക്കടി നടത്തുന്നു. ബിജെപിയുടെയും മോദിസർക്കാരിന്റെയും ശാസ്‌ത്രവിരുദ്ധവും ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്‌തുള്ള നിലപാടുകളുടെയും മുഖ്യ ഇരകൾ സ്‌ത്രീകളാണ്‌. വർഗീയവിഭജന ലക്ഷ്യത്തോടെ ഇളക്കിവിടുന്ന കലാപങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതങ്ങൾ സഹിക്കേണ്ടിവരുന്നതും മറ്റാരുമല്ല.


മോദിസർക്കാർ ജിഡിപിയുടെ അരശതമാനംപോലും വിദ്യാഭ്യാസമേഖലയിൽ ചെലവിടുന്നില്ല. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ സർക്കാർവിഹിതം വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നു. ആഗോള പട്ടിണിസൂചികയിൽ 2014ൽ ഇന്ത്യയുടെ സ്ഥാനം 63 ആയിരുന്നെങ്കിൽ, ഇപ്പോൾ 105 ആയി ഇടിഞ്ഞു. രാജ്യത്ത്‌ ദരിദ്രജനവിഭാഗങ്ങളിലെ സ്‌ത്രീകൾക്കും കുട്ടികൾക്കും ഇരുളിൽ കഴിയേണ്ടിവരുന്നതായി പ്രത്യേകം പറയേണ്ടതില്ല. അഫ്‌ഗാനിലാകട്ടെ, 2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തശേഷം സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്ന നൂറിൽപ്പരം ഉത്തരവാണ്‌ ഇറക്കിയത്‌. ഉന്നതവിദ്യാഭ്യാസം നേടാനും തൊഴിൽ ചെയ്യാനുമുള്ള അവകാശം അഫ്‌ഗാൻ വനിതകൾക്ക്‌ നിഷേധിച്ചിരിക്കുന്നു. ഉദ്യാനങ്ങളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനമില്ലെന്നുമാത്രമല്ല, അടുത്ത ബന്ധുക്കളായ പുരുഷന്മാരുടെ അകന്പടിയില്ലാതെ ദൂരയാത്ര ചെയ്യാനും സ്‌ത്രീകൾക്ക്‌ അനുമതിയില്ല. ഉറക്കെ പാടുകയോ മറ്റുള്ളവർക്കുമുന്നിൽ പുസ്‌തകം വായിക്കുകയോ ചെയ്യുന്ന സ്‌ത്രീകളും അഫ്ഗാനിൽ പീഡനം നേരിടേണ്ടിവരുന്നു.


മോദിസർക്കാരും താലിബാനും സഹവർത്തിത്വത്തിലാണെന്ന്‌ കരുതാൻ മറ്റു കാരണങ്ങളുമുണ്ട്‌. സങ്കുചിത രാഷ്‌ട്രീയനേട്ടങ്ങൾക്കായി ആരുമായി കൂടാനും ബിജെപിക്ക്‌ മടിയില്ല. ഏറ്റവും ഒടുവിൽ, ഇക്കഴിഞ്ഞ ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിൽ വിഘടനവാദികളുമായി ഒളിഞ്ഞും തെളിഞ്ഞും ബിജെപി സഹകരിച്ചു. ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ആക്രമിക്കുകയും ചെയ്‌ത പ്രസ്ഥാനങ്ങളുമായി അവർ കൈകോർത്തു. കുൽഗാം മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം ജമ്മു കശ്‌മീർ ജമാഅത്തെ ഇസ്ലാമിയെ പ്രോത്സാഹിപ്പിക്കുകയും സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുകയും ചെയ്‌തു. വോട്ടർമാർക്കുമുന്നിൽ ഇ‍ൗ പരിഹാസ്യനാടകം വിലപ്പോയില്ലെന്നുമാത്രം. ഇന്ത്യയിൽ ഏഴുദിവസത്തെ സന്ദർശനത്തിനായി എത്തിയ താലിബാൻ മന്ത്രി, സംഘപരിവാർ സംഘടനയായ വിവേകാനന്ദ ഇന്റർനാഷണൽ ഫ‍ൗണ്ടേഷനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതും അവരുടെ സമീപനം വ്യക്തമാക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home