Deshabhimani

print edition പശ്ചിമേഷ്യൻ യുദ്ധം 
കെടുതികളും ആശങ്കയും പടരുന്നു

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 24, 2026, 01:30 AM | 2 min read

ഒട്ടും ആശാവഹമല്ല പശ്ചിമേഷ്യയിൽനിന്നുള്ള വാർത്തകൾ. യുദ്ധബാധിത പ്രദേശങ്ങളിലെ ജനതയ്‌ക്ക്‌ പെട്ടെന്നൊന്നും സമാധാനപൂർണമായ ജീവിതത്തിലേക്ക്‌ തിരിച്ചെത്താനാകില്ലെന്ന അശുഭാപ്‌തിവിശ്വാസം കൂടുതൽ ദൃഢമാകുകയാണ്‌. ഇറാനിൽ അമേരിക്കയും ഇസ്രയേലും ചേർന്ന്‌ നടത്തിവരുന്ന അധിനിവേശ ആക്രമണങ്ങൾ, ഗാസയിലും ലെബനനിലും തുടരുന്ന ആക്രമണങ്ങളും കൂട്ടമരണങ്ങളും മറ്റു നാശനഷ്‌ടങ്ങളും, യമനിൽ വീണ്ടും സജീവമാകുന്ന ആഭ്യന്തരയുദ്ധം, സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള പുതിയ സംഘർഷം എന്നിവയെല്ലാം പരസ്‌പരബന്ധിതമാണ്‌.


ഒരു യുദ്ധമുന്നണിയിലെ സംഘർഷം മറ്റൊന്നിനെ സ്വാധീനിക്കുന്ന ആപത്ഘട്ടമാണിത്. വെടിനിർത്തലിനുശേഷമുള്ള ക്രമീകരണങ്ങൾ കാറ്റിൽപ്പറത്തി ഗാസയിൽ ഇസ്രയേലിന്റെ ആക്രമണങ്ങൾ തുടരുകയാണ്‌. അതിന്‌ അമേരിക്കയുടെ സർവപിന്തുണയുണ്ട്‌. ഇറാനെ തീർത്തുകളയുമെന്ന്‌ യുദ്ധവെറിയനായ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ആവർത്തിക്കുന്പോൾ, ഇറാനിലെ ഭരണമാറ്റം ആസന്നമാണെന്നാണ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഭീഷണി.


എന്നാൽ, ആക്രമണം ആരംഭിച്ച്‌ എട്ടുമാസത്തോളമാകുമ്പോഴും അമേരിക്കയ്‌ക്കും ഇസ്രയേലിനും ഇറാനിൽനിന്ന്‌ തലയൂരാൻ കഴിയുന്നില്ല. പലസ്‌തീനിൽ വ്യാഴാഴ്‌ച ഇസ്രയേൽ ആക്രമണങ്ങളിലും വെടിവയ്‌പിലും നാലുപേരാണ്‌ കൊല്ലപ്പെട്ടത്‌. ഇതുകൂടാതെയാണ്‌ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാർ പലസ്‌തീൻകാർക്കുനേരെ നടത്തുന്ന ആക്രമണങ്ങൾ. കഴിഞ്ഞദിവസങ്ങളിലെ ഒലിവ് വിളവെടുപ്പ് അക്രമത്തിന്റെകൂടി വിളവെടുപ്പുകാലമായിരിക്കുന്നു. പലസ്‌തീനി കർഷകരെ ആക്രമിക്കുന്നതും ഒലിവ് തോട്ടങ്ങൾക്ക് തീയിടുന്നതും മാധ്യമപ്രവർത്തകരെയും യൂറോപ്യൻ നയതന്ത്രജ്ഞരെയും ലക്ഷ്യമിടുന്നതും പതിവായിരിക്കുന്നു.


യമനിലെ സാഹചര്യം അതീവ ഗുരുതരം. ഐക്യരാഷ്ട്രസംഘടനയുടെ യമൻ പ്രത്യേക പ്രതിനിധി, രാജ്യത്തെ പല മുന്നണികളിലും ആഭ്യന്തരസംഘർഷം വീണ്ടും വ്യാപക യുദ്ധത്തിന്റെ സ്വഭാവത്തിലേക്ക് നീങ്ങിയതായി ഒക്‌ടോബർ ഒമ്പതിനുതന്നെ മുന്നറിയിപ്പ് നൽകി. അതേസമയം, ഏത് സേനയ്‌ക്കാണ് ബാബ് അൽ മന്ദേബ് തീരത്ത് പൂർണനിയന്ത്രണമെന്നതിൽ വ്യക്തത വന്നിട്ടില്ല.


സൗദി പിന്തുണയുള്ള യമനി സേനയും ഹൂതികളും തമ്മിൽ ചെങ്കടലിനോട്‌ ചേർന്ന പ്രദേശങ്ങളിലും തായിസ് മേഖലയിലും പോരാട്ടം രൂക്ഷമാണ്‌. 2022-ലെ ഐക്യരാഷ്‌ട്രസംഘടനയുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തലിനുശേഷം വീണ്ടും ഇ‍ൗ മേഖല അശാന്തമായിരിക്കുകയാണ്‌. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദേബ് കടലിടുക്ക് ആഗോള ചരക്കുനീക്കത്തിന്റെയും ഊർജവ്യാപാരത്തിന്റെയും നിർണായക പാതയാണ്. ഇവിടെ നിയന്ത്രണത്തിനായുള്ള പോരാട്ടം യമന്റെ ആഭ്യന്തരപ്രശ്നത്തെ ആഗോള സാമ്പത്തിക-സുരക്ഷാ പ്രതിസന്ധിയുമായി ബന്ധിപ്പിക്കുന്നു.


സ‍ൗദി അറേബ്യയിലാകട്ടെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും സ‍ൗദി നടത്തുന്ന പ്രത്യാക്രമണങ്ങളും ഗൾഫ്‌ മേഖലയിൽ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ്‌. ദമാമിലെ കിങ്‌ ഫഹദ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിനുനേരെ ഉണ്ടായ ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരനും സ‍ൗദി പ‍ൗരനും കൊല്ലപ്പെട്ട വാർത്ത ഏറെ ആശങ്കാജനകമാണ്‌.


റിയാദിലെ വിമാനത്താവളങ്ങൾക്കും തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസിലാകട്ടെ, ഇറാന്റെ വിലക്ക്‌ ലംഘിച്ച്‌ കടലിടുക്കിലൂടെ എണ്ണക്കപ്പലുകളെ കടത്തിവിടാനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക്‌ കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്‌. ഏഴു കപ്പലുകൾക്കാണ്‌ ബുധനാഴ്‌ചമാത്രം ഡ്രോൺ, മിസൈൽ, സമുദ്രമൈൻ ആക്രമണങ്ങളിൽ ചേതമുണ്ടായത്‌.


വിവിധ രാജ്യങ്ങളിലെ എണ്ണസമ്പത്തും അതുവഴി അധികാരവും നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന അമേരിക്കയുടെ സാമ്രാജ്യത്വവിപുലീകരണ താൽപ്പര്യങ്ങളാണ്‌ വിശാലമായ ഒരു മേഖലയിൽ വിവിധ രാജ്യങ്ങളിലെ സൈനിക ഇടപെടലുകൾക്കും രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കും കാരണമാകുന്നത്‌. എണ്ണസമ്പത്തിന്റെയും വിഭവങ്ങളുടെയും നിയന്ത്രണത്തിനും സമുദ്രവ്യാപാര പാതകളുടെ പ്രാദേശിക ആധിപത്യത്തിനും ഇസ്രയേലിനെ കൂട്ടുപിടിച്ച്‌ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക്‌ ആത്യന്തികമായി ഇരയാകുന്നത്‌ ആ നാടുകളിലെ സാധാരണ മനുഷ്യരാണ്‌. ആകാശത്തുനിന്ന്‌ മരണം വർഷിക്കുകയാണ്‌.


മിസൈലുകളും ബോംബുകളും ഡ്രോണുകളും സൃഷ്‌ടിക്കുന്ന നാശത്തിന്റെ തുടർച്ചയാണ്‌ ദാരിദ്ര്യവും പലായനവുമെല്ലാം. വിവിധ രാജ്യങ്ങളിൽ സംഘർഷവും അസ്ഥിരതയും സൃഷ്‌ടിച്ച്‌ അവിടെ തങ്ങളുടെ ഇംഗിതങ്ങൾക്ക്‌ വഴങ്ങുന്ന പാവസർക്കാരുകളെ അവരോധിക്കുകയാണ്‌ അമേരിക്കൻലക്ഷ്യം.


പുതിയ സാഹചര്യത്തിൽ ഒരു രാജ്യത്തെ യുദ്ധത്തിന്റെയും ആഭ്യന്തരസംഘർഷത്തിന്റെയും പ്രത്യാഘാതം അന്നാട്ടിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല. അത്‌ ഭൂഖണ്ഡാതിർത്തികൾ കടന്ന്‌ മറ്റു രാജ്യങ്ങളിലേക്കും ഒഴുകിപ്പരക്കും. യുദ്ധക്കെടുതി നേരിടുന്ന ഒരു പ്രധാന പ്രദേശം കേരളമാണ്‌. കാരണം പശ്ചിമേഷ്യയിൽ ഒരുകോടിയോളം ഇന്ത്യക്കാരുണ്ട്‌. അതിൽ 30 ലക്ഷത്തിലേറെപ്പേർ സൗദി അറേബ്യയിലാണ്.


അതിൽത്തന്നെ അഞ്ചിലൊന്ന്‌ മലയാളികൾ. ഗൾഫ് രാജ്യങ്ങളിൽനിന്ന്‌ മലയാളികൾ കേരളത്തിലേക്ക് പ്രതിവർഷം ശരാശരി 1.72 ലക്ഷം കോടി രൂപയാണ് നാട്ടിലേക്ക്‌ അയക്കുന്നത്. ഇതിൽ സൗദി അറേബ്യയുടെ പങ്ക്‌ 34,000 കോടി രൂപ. കെടുതികൾ യുദ്ധഭൂമിയിൽമാത്രം ഒതുങ്ങുന്നില്ല എന്നറിയാൻ ഇ‍ൗ കണക്കുകൾ ധാരാളം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home