തൊഴിലുറപ്പ് അട്ടിമറിക്കുന്നു

അവകാശത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ ഉറപ്പു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പടിക്കുപുറത്താക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. പകരം, ലഭ്യമായ പണവിഹിതത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ ദാനം ചെയ്യുന്ന വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ ) എന്ന പദ്ധതി (വിബി ജി റാം ജി) നടപ്പാക്കും. ഇതിനുള്ള ബിൽ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ അവതരിപ്പിച്ചു. തൊഴിൽ അവകാശം എന്ന ആശയത്തെ പുതിയ ബിൽ അട്ടിമറിക്കുന്നു. ഒപ്പം മഹാത്മാഗാന്ധി എന്ന പേരും ഒഴിവാക്കുന്നു. എൻഡിഎയുടെ വർഗീയ–കോർപറേറ്റ് അജൻഡയ്ക്ക് തികച്ചും അനുസൃതമായ ബില്ലിനെ പ്രതിപക്ഷം നഖശിഖാന്തം എതിർക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ ബഹുമാനം ലേശവുമില്ലാത്ത ഗവൺമെന്റ് അത് വകവയ്ക്കുമെന്ന് കരുതാനാകില്ല.
സാർവത്രിക തൊഴിൽ അവകാശം നടപ്പാക്കുന്നതായിരുന്നു ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാർ ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഇൗ പദ്ധതി നമ്മുടെ ഗ്രാമങ്ങളുടെ സാമ്പത്തിക, സാമൂഹ്യതലങ്ങളിലുണ്ടാക്കിയ മാറ്റം അത്ഭുതാവഹമായിരുന്നു. ഒപ്പം ഗ്രാമവികസനത്തിലും പദ്ധതി ഏറെ പ്രയോജനംചെയ്തു. ഗ്രാമീണ തൊഴിലില്ലായ്മയ്‌ക്ക് അത് ഒരളവുവരെ പരിഹാരമായി. പദ്ധതിയിലൂടെ ലഭ്യമാക്കിയ തൊഴിലിന്റെ 50 മുതൽ 60 ശതമാനംവരെ കൈയാളിയ സ്ത്രീകൾക്ക് അത് സ്വയംശാക്തീകരണത്തിന്റെ വഴിതെളിച്ചു. തൊഴിൽ തേടി നഗരങ്ങളിലേക്കു പലായനം ചെയ്യേണ്ട ഗതികേടിൽനിന്ന് ഗ്രാമീണർക്ക് ഒരു പരിധി വരെ രക്ഷയായി. ജലസേചന സൗകര്യങ്ങൾ ഒരുക്കിയും കുളങ്ങളും കിണറുകളും റോഡുകളും തീർത്തും പദ്ധതി ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റി. മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുന്നതിനും ജലസംരക്ഷണത്തിനും പദ്ധതികൾ ആവിഷ്കരിച്ചു. അങ്ങനെ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സമഗ്രമായ ദാരിദ്ര്യ നിർമാർജന സാമൂഹ്യനവീകരണ പദ്ധതിയായി മാറി.
ബിജെപിയുടെ ജന്മിത്ത–മുതലാളിത്ത വർഗീയ രാഷ്ട്രീയത്തിന് രുചിക്കുന്നതായിരുന്നില്ല ഇതൊന്നും. ഒപ്പം മഹാത്മാഗാന്ധി എന്ന പേരും അവരെ ഏറെ അലോസരപ്പെടുത്തി. 2047ൽ വികസിത ഭാരതം എന്ന ലക്ഷ്യം നേടുന്നതിനുള്ള പദ്ധതി എന്ന പേരിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് ബദൽ കൊണ്ടുവരാൻ എൻഡിഎ സർക്കാരിനെ പ്രേരിപ്പിച്ചത് അതാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ഘടന തന്നെ തകർത്ത് അതിന്റെ ആശയങ്ങൾക്കും ലക്ഷ്യങ്ങൾക്കും തുരങ്കം വയ്ക്കുന്ന നിർദേശങ്ങളാണ് വിബി ജി റാം ജി ബില്ലിലുള്ളത്. പദ്ധതി പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതാണ് ബില്ലിലെ നിർദേശങ്ങൾ. എന്നാൽ, സാമ്പത്തിക ബാധ്യതയുടെ 40 ശതമാനം സംസ്ഥാനങ്ങളുടെമേൽ കെട്ടിവയ്ക്കുകയും ചെയ്യുന്നു. നിലവിൽ 10 ശതമാനമായിരുന്നു സംസ്ഥാനം വഹിക്കേണ്ടത്.
പ്രതിവർഷം ഒന്നര ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കായി സംസ്ഥാനങ്ങൾ 55,000 കോടി രൂപ മുടക്കേണ്ടിവരുമെന്ന് കണക്കാക്കുന്നു. ഓരോ സാമ്പത്തിക വർഷവും സംസ്ഥാനങ്ങൾക്ക് എത്ര തുക നൽകണമെന്ന് കേന്ദ്രം തീരുമാനിക്കും. വിഹിതത്തിനപ്പുറമുള്ള ചെലവുകൾ സംസ്ഥാനം വഹിക്കണം. തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലില്ലായ്മ അലവൻസും സംസ്ഥാനം നൽകണം. പദ്ധതിക്ക് ഫണ്ട് അനുവദിക്കേണ്ട ഉത്തരവാദിത്വത്തിൽനിന്ന് നിയമപരമായി തന്നെ കേന്ദ്ര സർക്കാർ ഒഴിവാകുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടിയത് അതിനാലാണ്.
തൊഴിലുറപ്പ് എന്ന ഉദ്ദേശ്യത്തെ അട്ടിമറിക്കുന്ന വിവിധ വ്യവസ്ഥകൾ ബില്ലിലുണ്ട്. ഏറ്റവും തിരക്കേറിയ കൃഷിപ്പണിക്കാലത്ത് 60 ദിവസംവരെ പദ്ധതി മരവിപ്പിക്കാമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. വൻകിട ഭൂവുടമകളുടെ ചൂഷണത്തിൽ തൊഴിലാളികളെ നിലനിർത്തുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഈ നിർദേശത്തിനു പിന്നിലില്ല. കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന മേഖലകളിലാകണം പദ്ധതി നടപ്പാക്കേണ്ടതെന്ന ഏറെ അപകടകരമായ വ്യവസ്ഥയും ബില്ലിലുണ്ട്. തൊഴിൽദിനം പ്രതിവർഷം 100ൽനിന്ന് 125 ആക്കുമെന്ന പ്രഖ്യാപനവും ഉൾപ്പെടുത്തി.
2014ൽ മോദി സർക്കാർ അധികാരമേറ്റതുമുതൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിന് നടത്തിയ നീക്കങ്ങളുടെ അവസാനപടിയാണിത്. ബജറ്റ് നീക്കിയിരിപ്പ് വെട്ടിക്കുറച്ച് പദ്ധതിയെ ശ്വാസംമുട്ടിച്ച കേന്ദ്രം ഇപ്പോൾ പദ്ധതിയെത്തന്നെ ഞെരിച്ചു കൊന്നു.
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തതിന്റെ ജാള്യത മറയ്ക്കാൻ സ്വാതന്ത്ര്യ സമരചരിത്രം തന്നെ തിരുത്തിയെഴുതാൻ വെമ്പുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താൽപ്പര്യപ്രകാരം ഗാന്ധിജിയെത്തന്നെ ഒഴിവാക്കുകയാണ് കേന്ദ്ര സർക്കാർ. ഗാന്ധിജിയെ വധിച്ച ഗോഡ്സെയുടെ രാഷ്ട്രീയ ഗുരു വി ഡി സവർക്കറെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ തിരുകിക്കയറ്റിയും ഗോഡ്സെയെത്തന്നെ വെള്ളപൂശിയും ഗാന്ധിജിയെ അപ്രസക്തമാക്കാൻ ശ്രമിക്കുന്നു. റിച്ചാർഡ് ആറ്റൻബറോ ‘ഗാന്ധി' എന്ന ചലച്ചിത്രം എടുത്തതോടെയാണ് ഗാന്ധിജിയെ ലോകമറിഞ്ഞതെന്ന വലിയ ഗാന്ധിനിന്ദ നടത്തിയ ‘വിശ്വഗുരു' നരേന്ദ്ര മോദിയാണ് ഇക്കാര്യത്തിൽ അവർക്ക് വഴികാട്ടി. ഗാന്ധിജി എന്ന പേരിനോടും ആശയത്തോടും സംഘപരിവാറിന് എത്ര വിദ്വേഷമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന കേരളത്തിന് പുതിയ ബിൽ നിയമമാകുന്നതോടെ പ്രതിവർഷം 1600 കോടി രൂപയോളം അധിക ബാധ്യതയുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിൽപ്പെട്ട് വലയുന്ന സംസ്ഥാനത്തിന് ഇത് താങ്ങാനാകില്ല. കേരളത്തിലെ 22. 61 ലക്ഷം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആശങ്കയിലാക്കുന്നതാണ് ഈ സ്ഥിതിവിശേഷം.










0 comments