ad
Deshabhimani

ചികിത്സാസഹായവും യുഡിഎഫുകാരുടെ പോക്കറ്റിലേക്ക്‌

editorial today
വെബ് ഡെസ്ക്

Published on Jul 16, 2026, 12:01 AM | 2 min read

​തെരഞ്ഞെടുപ്പുസമയത്ത്‌ വോട്ട്‌ വാങ്ങാൻ യുഡിഎഫ്‌ നൽകിയ വാഗ്‌ദാനങ്ങളെല്ലാം ഓരോ ദിവസം കഴിയുന്തോറും വിഴുങ്ങുകയാണ്‌. വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നില്ലെന്നുമാത്രമല്ല, എൽഡിഎഫ്‌ സർക്കാർ ആരംഭിച്ച ക്ഷേമപദ്ധതികളും അട്ടിമറിക്കുന്നു. സ്‌ത്രീസുരക്ഷാ പദ്ധതിയും യുവജനങ്ങൾക്കുള്ള കണക്ട്‌ ടു വർക്ക്‌ പദ്ധതിയും നിർത്തലാക്കി. ഇതിനുപിന്നാലെയാണ്‌ ആരോരുമില്ലാത്തവർക്കും ഗുരുതര രോഗബാധിതർക്കും ആശ്വാസമായിരുന്ന, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള ചികിത്സാസഹായത്തിനും അനാവശ്യനിയന്ത്രണം ഏർപ്പെടുത്തുന്നത്‌.


എൽഡിഎഫ്‌ ഭരണകാലത്ത്‌ സുതാര്യമായും രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെയും അർഹരായ എല്ലാവർക്കും ലഭ്യമാക്കിയ ചികിത്സാസഹായത്തെ അഴിമതിക്ക്‌ കളമൊരുക്കാനായി അട്ടിമറിക്കുകയാണ്‌. ഇതിന്റെ ആദ്യപടിയാണ്‌ സുതാര്യമായ ഓൺലൈൻ സംവിധാനം നിർത്തലാക്കി പഴയതുപോലെ കടലാസ്‌ അപേക്ഷകൾ സ്വീകരിക്കാനുള്ള തീരുമാനം. സർക്കാരിന്റെ നൂറുദിനപരിപാടി എന്നപേരിൽ കോൺഗ്രസ്‌ പ്രവർത്തകർ അപേക്ഷ സ്വീകരിക്കുകയും വേണ്ടപ്പെട്ടവർക്കുമാത്രം സഹായം അനുവദിച്ച്‌ കമീഷൻ കൈപ്പറ്റുകയും ചെയ്യുന്ന അഴിമതിരാജിന്‌ സർക്കാർതന്നെ അവസരം സൃഷ്ടിക്കുകയാണ്‌.


ഓൺലൈനായി അപേക്ഷ സ്വീകരിച്ച്‌, അർഹരായവർക്ക്‌ നൂറുമണിക്കൂറിനുള്ളിൽ രോഗാവസ്ഥയുടെ ഗ‍ൗരവമനുസരിച്ച്‌ 5000 മുതൽ അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സാസഹായം അക്ക‍ൗണ്ടിലെത്തിയിരുന്നതാണ്‌ നിലവിലെ സംവിധാനം. എംഎൽഎമാരിലൂടെയും ജില്ലാ ഭരണസംവിധാനംവഴിയും കൃത്യമായ പരിശോധനയും ഇതിന്റെ ഭാഗമായിരുന്നു. എൽഡിഎഫ്‌ സർക്കാർ പത്തുവർഷത്തിനിടെ 8500 കോടിയിലേറെ രൂപ ചികിത്സാസഹായമായും മറ്റു ദുരിതാശ്വാസമായും വിതരണം ചെയ്‌തിരുന്നു. 2011–16ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ ആകെ നൽകിയത്‌ 809 കോടി രൂപമാത്രമാണ്‌.


ഒന്നരമാസത്തിനിടയിൽ പുതിയ യുഡിഎഫ്‌ സർക്കാർ ചികിത്സാസഹായമായി ആകെ നൽകിയത്‌ ഒമ്പതരക്കോടി രൂപമാത്രം. മെയ്‌ 18 മുതൽ ജൂൺ 30 വരെ കലക്ടർമാർവഴിയുള്ള അപേക്ഷപ്രകാരം നൽകിയത്‌ രണ്ടുകോടിയും അപേക്ഷകരുടെ അക്ക‍ൗണ്ടിലേക്ക്‌ നേരിട്ട്‌ നൽകിയത്‌ ഏഴരക്കോടിയും മാത്രം. അതുതന്നെ രാഷ്‌ട്രീയതാൽപ്പര്യം പരിഗണിച്ചും മന്ത്രിസഭാതീരുമാനമനുസരിച്ചും അനുവദിച്ചത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്‌ ലഭിച്ച്‌ പരിശോധനയ്‌ക്കയച്ചതും യുഡിഎഫ്‌ സർക്കാർ വന്നശേഷം ലഭിച്ചതുമായ ആയിരക്കണക്കിന്‌ അപേക്ഷകൾ തീരുമാനമാകാതെ കിടക്കുന്നു. സാങ്കേതികത്തകരാറും ജീവനക്കാരുടെ ക്ഷാമവുമാണ്‌ ഓൺലൈൻ സംവിധാനം പ്രവർത്തിക്കാത്തതിന്‌ കാരണമായി എംഎൽഎമാരുടെ ചോദ്യത്തിനുള്ള മറുപടിയിൽ നൽകിയത്‌.


ദുരിതാശ്വാസനിധിയിൽനിന്നുള്ള ചികിത്സാസഹായം കൃത്യമായി അർഹരുടെ പക്കൽ എത്തിയിരുന്ന കാലം കഴിഞ്ഞെന്ന്‌ സ്ഥിരീകരിക്കുകയാണ്‌ മുഖ്യമന്ത്രി വി ഡി സതീശനും. ഓൺലൈൻവഴി നൽകുന്നത്‌ കാലതാമസമാണെന്നും തങ്ങൾ നേരിട്ട്‌ നൽകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ദുരിതാശ്വാസനിധിയിൽനിന്ന്‌ പണം കൊടുക്കാൻ മുഖ്യമന്ത്രിക്ക്‌ അധികാരമുണ്ടെന്ന ധിക്കാരസ്വരമാണ്‌ സതീശനിൽനിന്നുണ്ടായത്‌.


സുതാര്യമായ പോർട്ടൽ പൂട്ടിയതിനൊപ്പം സമാന്തരമായി മറ്റൊരു നീക്കമുണ്ട്‌. ചികിത്സാസഹായം വാങ്ങി നൽകാമെന്ന വാഗ്‌ദാനവുമായി പോസ്റ്ററുകളും നോട്ടീസും പ്രാദേശികതലത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രചരിപ്പിക്കുന്നു. വെള്ളക്കടലാസിൽ അപേക്ഷ നൽകുന്നതിനൊപ്പം റേഷൻ കാർഡിന്റെയും ബാങ്ക്‌ പാസ്‌ബുക്കിന്റെയും കോപ്പിയും ഡോക്ടറുടെ സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ ചികിത്സാസഹായം വാങ്ങി നൽകാമെന്നാണ്‌ മുഖ്യമന്ത്രിയുടെ ചിത്രം സഹിതമുള്ള പ്രചാരണം. നേതാവിന്റെ ശുപാർശസഹിതം അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കുമെന്നും അക്ക‍ൗണ്ടിൽ പണം വരുമ്പോൾ കമീഷൻ നൽകണമെന്നും ആവശ്യപ്പെടുന്നു.


ഓൺലൈൻ അപേക്ഷകളിൽ പരിശോധന നടക്കുമ്പോൾ ഡോക്ടർമാരിൽനിന്നുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയത്‌ കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. വെള്ളക്കടലാസിൽ അപേക്ഷ സ്വീകരിക്കുമ്പോൾ വ്യാജൻ കൂടും. രാഷ്‌ട്രീയസ്വാധീനമില്ലാത്ത അർഹരായ അപേക്ഷകർ തഴയപ്പെടുകയും ചെയ്യും. കമീഷൻ നൽകാൻ തയ്യാറുള്ള അനർഹർക്ക്‌ ചികിത്സാസഹായം നൽകുന്ന സംവിധാനമായി മാറും. സുനാമി ദുരിതാശ്വാസഫണ്ട്‌ വെട്ടിപ്പിൽ കോൺഗ്രസ്‌ കോടികൾ വെട്ടിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെപേരിലും വൻ തട്ടിപ്പുകൾക്ക്‌ വഴിയൊരുക്കും.


​ദുരിതാശ്വാസനിധിയുടെ കുറ്റമറ്റ ഓൺലൈൻ സംവിധാനം യുഡിഎഫ്‌ സർക്കാർ അട്ടിമറിക്കുന്നത്‌ വലിയ അഴിമതി ലക്ഷ്യമിട്ടാണെന്ന്‌ വ്യക്തം. രാഷ്‌ട്രീയ പക്ഷപാതിത്വം കാണിച്ചും കമീഷൻ വാങ്ങിയും ദുരിതാശ്വാസനിധിയിൽനിന്നുള്ള ചികിത്സാസഹായം നൽകിയിരുന്ന, യുഡിഎഫ് സർക്കാരിന്റെ കാലത്തെ രീതി തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയപ്രതിഷേധം ഉയരണം.​





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home