print edition പാചകവാതക വിലവർധന കൊടിയ ജനവഞ്ചന

പ്രതീകാത്മക ചിത്രം
രാജ്യത്തെ ജനങ്ങളോട് കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന് അൽപ്പംപോലും ഉത്തരവാദിത്വമില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കൂട്ടിയ നടപടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് വർധിപ്പിച്ചത് 993 രൂപ. 50 ശതമാനത്തിന്റെ വർധന. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി 62 ദിവസത്തിൽ ഇതുവരെ കൂട്ടിയത് 1303 രൂപ. ഈ വർഷം ജനുവരി ഒന്നിന് 1698 രൂപയായിരുന്ന സിലിണ്ടറിന് ഇപ്പോൾ 3100 രൂപയിലധികമായി. അഞ്ചുകിലോ സിലിണ്ടറിന് 261.50 രൂപയും കൂട്ടി. കുടിയേറ്റ തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന ഇൗ സിലിണ്ടറിന് വില 800ന് മുകളിലായി.
പാചകവാതക ക്ഷാമംമൂലം പ്രതിസന്ധിയിലായ ഹോട്ടൽ മേഖല ഇതോടെ പൂർണമായും അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ്. നിലനിൽക്കണമെങ്കിൽ ഭക്ഷണ സാധനങ്ങളുടെ വില അമിതമായി വർധിപ്പിക്കണം. അത് ഹോട്ടൽ ഭക്ഷണംമാത്രം ആശ്രയമായ കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് ആളുകളുടെ അന്നം മുട്ടിക്കും. നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കുള്ള പലായനങ്ങൾക്കും വഴിവയ്ക്കും. അത് സാമ്പത്തിക സാമൂഹിക രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതവും വലുതായിരിക്കും.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചകവാതകക്ഷാമം മുന്നേ രൂക്ഷമാണ്. ചെറിയ ഹോട്ടലുകൾ പലതും അടച്ചു. കരിഞ്ചന്തയിൽനിന്ന് അമിത വിലയ്ക്ക് സിലിണ്ടർ വാങ്ങിയാണ് പല സ്ഥാപനങ്ങളും ഇപ്പോൾ നടത്തിക്കൊണ്ടുപോകുന്നത്. ഇൗ സാഹചര്യത്തിലാണ് വലിയ തോതിലുള്ള വിലവർധന ഇടിത്തീപോലെ വന്നുപതിച്ചത്. തട്ടുകടകൾ, ചായക്കടകൾ, ഹോട്ടലുകൾ, ക്യാന്റീനുകൾ, ഹോസ്റ്റലുകളിലെ മെസുകൾ തുടങ്ങി എല്ലാ ഭക്ഷണശാലകളും ഇതോടെ പൂട്ടുകയല്ലാതെ മറ്റ് മാർഗമില്ലാതായിരിക്കുന്നു.
വാണിജ്യാവശ്യത്തിനുള്ള എൽപിജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറുകിട വ്യവസായങ്ങളും ഇതോടെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഹോട്ടൽ മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുന്ന സ്ഥിതിയും സംജാതമായി. ആഗോള സാഹചര്യങ്ങൾ മൂലമുണ്ടായ ക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും ഭാരം അപ്പാടെ ജനങ്ങൾക്കുമേൽ ചുമത്തി, കേന്ദ്രം തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. പാചകവാതക ഇറക്കുമതിക്ക് ബദൽ മാർഗം ആരായാനോ വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് താൽക്കാലിക സബ്സിഡി ഏർപ്പെടുത്താനോ, എന്തിന് ആഭ്യന്തര സാധ്യത പ്രയോജനപ്പെടുത്താൻപോലും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ഭാരമത്രയും ജനങ്ങളിലേക്ക് ഇറക്കിവച്ച് ഊറിച്ചിരിക്കുകയാണ് ജനവിരുദ്ധത നയമാക്കിയ മോദി സർക്കാർ.
പാചകവാതകത്തിനുപിന്നാലെ പെട്രോൾ, ഡീസൽ വിലയും കുത്തനെ കൂട്ടുമെന്ന സൂചനകൾ വന്നുകഴിഞ്ഞു. അതുകൂടിയായാൽ രാജ്യം കടുത്ത വിലക്കയറ്റത്തിന്റെ പിടിയിലാകും. ക്രൂഡ് ഓയിൽ വില കുറഞ്ഞുനിൽക്കുമ്പോൾ ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാത്ത എണ്ണക്കമ്പനികൾ വില കൂടുമ്പോൾ വില വർധനയ്ക്കായി മുറവിളി കൂട്ടുന്നു. പൊതുമേഖലയിലെ എണ്ണക്കമ്പനികൾ ജനങ്ങളോടുള്ള പ്രതിബദ്ധതയേക്കാൾ ലാഭത്തിനാണ് മുൻതൂക്കം നൽകുന്നത്. ഇപ്പോഴാകട്ടെ കേന്ദ്ര ഭരണകക്ഷിയുടെ പ്രിയപ്പെട്ടവരുടെ സ്വകാര്യ എണ്ണക്കമ്പനികൾകൂടി രംഗത്തെത്തിയതോടെ അവരുടെ താളത്തിനൊത്ത് തുള്ളാൻ താൽപ്പര്യമേറുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ഉണർന്ന് ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയാത്ത സർക്കാർ പരാജയമാണ്. എല്ലാ ഭാരവും സാധാരണക്കാരുടെയും ദരിദ്രരുടെയും മേൽ അടിച്ചേൽപ്പിക്കുന്ന സർക്കാരിനെ ജനാധിപത്യ സർക്കാരെന്ന് പറയാനുമാകില്ല. വിരലിലെണ്ണാവുന്ന ഏതാനും സമ്പന്നർക്കുവേണ്ടിമാത്രം നിലകൊള്ളുന്ന സർക്കാർ ഉത്തരവാദിത്വങ്ങളിൽനിന്ന് ബോധപൂർവം ഒഴിഞ്ഞുമാറുകയാണ്. അതിന്റെ ഫലമായുണ്ടാകുന്ന കൊടിയ ദുരിതങ്ങളിൽ വീർപ്പുമുട്ടുന്ന ജനതയെ വർഗീയതയുടെ കൺകെട്ടുവിദ്യയിൽ മയക്കിക്കിടത്താമെന്നും അവർ കരുതുന്നു. എന്നാൽ, ഇനിയത് സാധ്യമല്ലെന്ന് രാജ്യത്തുയരുന്ന പ്രതിഷേധം തെളിയിക്കുന്നു. അതിന് സംഘടിത രൂപം നൽകാൻ സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. നാല് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ കടുത്ത ജനദ്രോഹ നടപടിക്ക് മുതിർന്ന കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. അതിനെതിരെ ജനരോഷം ഉയരുക തന്നെ ചെയ്യും.










0 comments