ad
Deshabhimani

എഴുത്തമ്മയെ അധിക്ഷേപിക്കാൻ അനുവദിക്കില്ല

m leelavathy
വെബ് ഡെസ്ക്

Published on Sep 17, 2025, 12:42 AM | 2 min read


വിശന്നൊട്ടിയ വയറുമായി ഗാസയിലെ കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുമ്പോൾ എനിക്കെങ്ങനെയാണ് ചോറിറങ്ങുക എന്ന് വിലപിച്ച ഡോ. എം ലീലാവതിയെ അധിക്ഷേപിക്കുന്ന സംഘപരിവാർ സൈബർ ഗുണ്ടകൾ കേരളത്തെ നാണംകെടുത്തുന്നു. വിശ്വമാനവികതയുടെ വിങ്ങൽ ഒരമ്മയുടെ നൊമ്പരമാർന്ന വാക്കുകളിൽ പ്രതിഫലിച്ചപ്പോൾ അതിൽ പങ്കുചേരാതിരിക്കാൻ മനുഷ്യരായി പിറന്ന മലയാളികൾക്കാർക്കും കഴിയുമായിരുന്നില്ല. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില വിദ്വേഷബുദ്ധികൾക്കൊഴികെ.


മലയാളഭാഷയുടെ മഹാഗുരുവും മലയാളസാഹിത്യത്തിന്റെ വഴികാട്ടിയായ നിരൂപകയുമായ എം ലീലാവതിയുടെ വാക്കുകൾ ഹൃദയവേദനയോടെയാണ് സാംസ്കാരിക കേരളം ഏറ്റെടുത്തത്. ഗാസയിൽ കുഞ്ഞുങ്ങൾ പട്ടിണിയിൽ മരിക്കുമ്പോൾ തന്റെ 98–ാം പിറന്നാൾ ആഘോഷിക്കേണ്ടതില്ലെന്നും ലീലാവതി ടീച്ചർ തീരുമാനിച്ചു. അതൊക്കെയും സംവേദനക്ഷമമായ ഒരമ്മമനസ്സിന്റെ സ്വാഭാവിക പ്രതികരണങ്ങളായിരുന്നു.

എന്നാൽ, ഗാസയിൽ മാത്രമല്ലല്ലോ കുഞ്ഞുങ്ങൾ മരിക്കുന്നത് എന്ന വിചിത്രവും വിലക്ഷണവുമായ ന്യായവുമായി സംഘപരിവാർ ഐഡികളിൽനിന്ന് അഭിവന്ദ്യയായ ആ ഗുരുനാഥയ്‌ക്കെതിരെ നിന്ദ്യമായ രീതിയിൽ സൈബർ ആക്രമണം നടക്കുകയാണ്. സംഘപരിവാർ കൂടാരത്തിലേക്ക് ക്രൈസ്തവരെ കൂട്ടാൻ ലക്ഷ്യംവച്ചുണ്ടാക്കിയ കാസ എന്ന സംഘടനയും വികൃത ആഖ്യാനങ്ങളുമായി രംഗത്തുണ്ട്. കൈരളിക്ക് മഹത്തായ സംഭാവനകൾ നൽകിയ, പല തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന ആ വന്ദ്യവയോധികയ്‌ക്കുനേരേ ചൊരിയുന്ന അധിക്ഷേപങ്ങൾ ഒരു മലയാളിക്കും പൊറുക്കാനാകില്ല.


ലീലാവതി ടീച്ചർ എഴുതിയ ‘കരിയുന്ന കുട്ടികള്‍ കരയുന്ന വലിയവർ’ എന്ന ലേഖനസമാഹാരത്തിൽ ദരിദ്രരും നിരാലംബരുമായ കുഞ്ഞുങ്ങളുടെ പരിതാപകരമായ അവസ്ഥ പറയുന്നുണ്ട്‌. 1979 മുതൽ 1988 വരെയുള്ള കാലത്ത്‌ എഴുതിയ ലേഖനങ്ങളാണിതിൽ. അതിൽ പറയുന്നതിൽനിന്ന്‌ കുട്ടികളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഒരു വ്യത്യാസവും വന്നിട്ടില്ല എന്നതും കൂട്ടിവായിക്കണം. കാലദേശങ്ങൾക്കപ്പുറം കുഞ്ഞുങ്ങളെയോർത്ത്‌ വേദനനിറഞ്ഞ അമ്മയുടെ സങ്കടമുഖമാണ്‌ ആ അക്ഷരങ്ങളിൽ തെളിയുന്നത്‌.


രണ്ടുവർഷമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ സൈനികനടപടിയിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് കൊച്ചുകുട്ടികളാണ്. കൊലക്കളമായി മാറിയ ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഇസ്രയേലിന്റെ ക്രൂരതയിൽ കൊച്ചുകുഞ്ഞുങ്ങൾ വിശന്നു മരിക്കുന്നു. 131 കുട്ടികൾ ഇതിനോടകം പട്ടിണിമൂലം മരിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകൾ. കഴിഞ്ഞ ജൂലൈ പകുതിക്കുശേഷം മാത്രം അഞ്ചുവയസ്സിൽ താഴെയുള്ള 16 കുഞ്ഞുങ്ങൾ ആഹാരക്കുറവുമൂലം മരിച്ചു. ഗാസ നഗരത്തിൽ അഞ്ചിലൊരു കുട്ടി കൊടുംപട്ടിണിയിലാണ്. 2023 ൽ ഇപ്പോഴത്തെ കടന്നാക്രമണം ആരംഭിച്ചശേഷം സൈനികനടപടിയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തത് അമ്പതിനായിരത്തിലേറെ പിഞ്ചുകുഞ്ഞുങ്ങളാണ്. ഭരണസംവിധാനങ്ങൾ പാടേ തകർന്ന് അരാജകാവസ്ഥയിലായ ഗാസയിലേക്ക് പുറത്തുനിന്നുള്ള ഒരു സഹായവും ഇസ്രയേൽ സൈന്യം അനുവദിക്കുന്നില്ല. കാലിയായ ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കുമുന്നിൽ ഒഴിഞ്ഞ വയറുമായി ഭിക്ഷാപാത്രവുമേന്തി വരിനിൽക്കുന്ന കുഞ്ഞുങ്ങളുടെ ദൈന്യമാർന്ന ദൃശ്യം മാനവികതയുടെ നോവായി നിലനിൽക്കുന്നു. മനുഷ്യനിർമിതമായ വൻദുരന്തമെന്ന് യുഎന്നും അന്താരാഷ്ട്ര ഏജൻസികളും വിശേഷിപ്പിക്കുന്ന ഗാസയിലെ ഈ സ്ഥിതിവിശേഷത്തിൽ ഏതൊരമ്മയ്ക്കാണ് ദുഃഖിക്കാതിരിക്കാനാവുക. എന്നാൽ, അന്താരാഷ്ട്രനിയമങ്ങളും ധാർമികതയും കാറ്റിൽപ്പറത്തി ചട്ടമ്പികളെപ്പോലെ പെരുമാറുന്ന ഇസ്രയേൽ, ഇന്ത്യയിലെ സംഘപരിവാറിന് മാതൃകാരാഷ്ട്രമാണ്.


യഹുദ മതതീവ്രവാദമായ സയണിസത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട ആർഎസ്എസിന്റെ അനുയായികൾക്ക് ഇസ്രയേൽ ചെയ്യുന്നതെന്തും പഥ്യമാണ്. അതിനെതിരെ പ്രതികരിക്കുന്നവർ അവർക്ക് ചതുർഥിയും. കലുഷിതമായ ലോകത്തിന്റെ പാതകങ്ങളോട് പ്രതികരിക്കുക എന്ന ഒരമ്മയുടെയും മനുഷ്യസ്നേഹിയുടെയും ധർമം നിർവഹിക്കുകമാത്രം ചെയ്ത ലീലാവതി ടീച്ചർക്കുനേരേ നടക്കുന്ന സൈബർ ആക്രമണം സാംസ്കാരിക കേരളത്തിന് അംഗീകരിക്കാനാകില്ല. മലയാളത്തിന്റെ എഴുത്തമ്മയായ ലീലാവതി ടീച്ചറെ വർഗീയവാദികളുടെ വിഷലിപ്ത ആക്രമണത്തിന് വിട്ടുകൊടുക്കാൻ കേരളത്തിന്റെ സാംസ്കാരികമനസ്സ്‌ തയ്യാറുമല്ല. ടീച്ചർക്ക് പ്രതിരോധം തീർത്ത് സമൂഹമാധ്യമങ്ങളിൽ നിറയുന്ന പ്രതികരണങ്ങൾ അത്‌ വിളിച്ചുപറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home