ad
Deshabhimani

കാക്കണം ഈ കാവൽകോട്ട

Pallipuram Fort

പള്ളിപ്പുറം കോട്ട

വെബ് ഡെസ്ക്

Published on Aug 13, 2026, 03:13 AM | 2 min read

കൊച്ചി

‘കാലത്തെ വെല്ലുവിളിക്കുന്ന നിര്‍മിതി' അങ്ങനെവിളിക്കാം വൈപ്പിന്‍കരയുടെ സ്വന്തം പള്ളിപ്പുറം കോട്ടയെ. 1498ല്‍ വാസ്‌കോ ഡ ഗാമയില്‍ തുടങ്ങിയ ഇന്ത്യയിലെ യൂറോപ്യന്‍ അധിനിവേശത്തിന് അഞ്ചുവര്‍ഷത്തിനിപ്പുറം 1503ലാണ് പോര്‍ച്ചുഗീസുകാരിലൂടെ പള്ളിപ്പുറം കോട്ട തലയുയര്‍ത്തിയത്. യൂറോപ്യന്‍മാര്‍ പണിത ആദ്യകോട്ടയിലൊന്ന്; രാജ്യത്ത് നിലനില്‍ക്കുന്ന ഏറ്റവും പഴയ യൂറോപ്യന്‍ നിര്‍മിതി.


40 ലക്ഷം രൂപ ചെലവിട്ട് ഒന്നാം പിണറായി സർക്കാർ 2019ല്‍ നവീകരിച്ച് തുറന്ന കോട്ട, വീണ്ടും നാശോന്മുഖമാകുന്ന സ്ഥിതിയാണിപ്പോൾ. കോട്ടയില്‍ ചെറിയവൃക്ഷങ്ങളും ചെടികളും വേരാഴ്ത്തിയിരിക്കുന്നു. വൈപ്പിന്‍–മുനമ്പം സംസ്ഥാനപാതയില്‍നിന്ന് കിഴക്ക് 100 മീറ്റര്‍ മാറിയാണ് കോട്ടയുടെ സ്ഥാനം. പുരാവസ്തുവകുപ്പ് അടിയന്തരമായി സ്മാരകം വീണ്ടും നവീകരിച്ചില്ലെങ്കില്‍ നിലംപൊത്തുക 523 വര്‍ഷം പഴക്കമുള്ള ചരിത്രമാകും.

നിർമാണം 
ഷഡ്ഭുജാകൃതിയില്‍


വൈപ്പിന്‍ ദ്വീപിന്റെ വടക്കേയറ്റത്ത് വീരന്‍പുഴയുടെ തീരത്ത് (വേമ്പനാട്ടുകായല്‍) തന്ത്രപ്രധാനമായ സ്ഥാനത്താണ് പോര്‍ച്ചുഗീസുകാര്‍ ഷഡ്ഭുജാകൃതിയില്‍ പള്ളിപ്പുറംകോട്ട നിര്‍മിച്ചത്. ആയക്കോട്ട, വൈപ്പിന്‍കോട്ട എന്നും ഇതിന് പേരുണ്ട്. പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, കൊച്ചി, തിരുവിതാംകൂര്‍, സാമൂതിരി സൈന്യം തുടങ്ങിയവരുടെ നിരവധി പടയോട്ടങ്ങള്‍ക്ക് സാക്ഷിയായ ഇടം. പ്രധാന കച്ചവടകേന്ദ്രമായ കൊടുങ്ങല്ലൂരിനടുത്ത് കോട്ട നിര്‍മിച്ചത് തീരത്ത് വ്യാപാരാധിപത്യവും സൈനികസുരക്ഷയും ഉറപ്പുവരുത്താന്‍ പോര്‍ച്ചുഗീസുകാരെ സഹായിച്ചു. പെരിയാര്‍ വേമ്പനാട്ടുകായലില്‍ ലയിച്ച് അറബിക്കടലിലേക്ക് പതിക്കുന്ന മുനമ്പം അഴീക്കോട് അഴിമുഖത്തിന് സമീപമുള്ള കോട്ടയുടെ സ്ഥാനം തന്ത്രപ്രധാനമായിരുന്നു. കടലില്‍നിന്ന് കായലിലേക്ക് പ്രവേശിക്കുന്ന യാനങ്ങളെ കൃത്യമായി നിരീക്ഷിക്കാന്‍ കോട്ടയുടെ സ്ഥാനം സഹായിച്ചു.

​1663-ല്‍ ഡച്ചുകാര്‍ കൊച്ചി കീഴടക്കിയപ്പോള്‍ കോട്ട പിടിച്ചെടുത്തു. 1789ല്‍ ടിപ്പു സുല്‍ത്താനും തിരുവിതാംകൂറും തമ്മില്‍ നടന്ന നെടുങ്കോട്ട യുദ്ധകാലത്ത് പള്ളിപ്പുറംകോട്ട ഡച്ചുകാര്‍ തിരുവിതാംകൂറിന് വിറ്റു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറിന്റെ നിയന്ത്രണം കൈയടക്കിയതോടെ കാലക്രമേണ, പള്ളിപ്പുറംകോട്ടയുടെ പ്രാധാന്യം നഷ്ടപ്പെട്ടു.1909ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കോട്ടയ്‌ക്കുമുന്നില്‍ ഒരു സ്‌മാരകഫലകം സ്ഥാപിച്ചു. 1964ല്‍ കോട്ടയെ സംരക്ഷിത സ്മാരകമായി കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരക പട്ടികയിലുള്ള കോട്ട, മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗവും കേരള പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുമാണ്.

സുര്‍ക്കിയിൽ തീർത്ത 
കാവൽനിലയം


കാവല്‍നിലയം എന്ന രീതിയിലായിരുന്നു കോട്ടയുടെ നിര്‍മാണം. ശര്‍ക്കരയും കുമ്മായവും കലര്‍ത്തിയ സുര്‍ക്കി മിശ്രിതമാണ് കല്ലുകെട്ടിനും ചുവര്‍തേയ്ക്കാനും ഉപയോഗിച്ചത്. 34 അടിയുള്ള കോട്ടയ്ക്ക് മേല്‍ക്കൂരയില്ല. തറനിരപ്പില്‍നിന്ന്‌ അഞ്ചടി ഉയര്‍ത്തി, മൂന്ന് നിലകളുള്ള കൊത്തളംപോലെയാണ് നിര്‍മാണം. പതിനെട്ട് പീരങ്കികള്‍ സ്ഥാപിക്കാനുള്ള വെടിപ്പഴുത് ജനലുകളും മൂന്നടി സമചതുരത്തില്‍ 16 അടി ആഴമുള്ള കിണറും പ്രവേശനകവാടത്തില്‍നിന്ന് എട്ടടി വലതുവശത്തായി വെടിക്കോപ്പുകള്‍ സൂക്ഷിക്കാനുള്ള തുരങ്കസമാനമായ മുറിയുമുണ്ട്. മുറിയിലേക്കുള്ള പ്രവേശനമാര്‍ഗത്തിന്‌ രണ്ടരയടി ഉയരവും മൂന്നരയടി നീളവുംമാത്രമുള്ളതാണ്. കുനിഞ്ഞുവേണം അകത്തുകയറാന്‍. മുറിക്ക് ആറരയടിയോളം ഉയരമുണ്ട്. ഇവിടെനിന്ന്‌ കൊടുങ്ങല്ലൂര്‍ കോട്ടയിലേക്ക് രഹസ്യതുരങ്കമുണ്ടെന്നാണ് പഴമക്കാരുടെ വിശ്വാസം. മൃഗങ്ങളും മനുഷ്യരും ഇതുവഴി കടന്നുപോയിട്ടുണ്ടെന്നും പോയവരാരും തിരികെവന്നിട്ടില്ലെന്നുമാണ് ‘വായ്‌മൊഴി കഥ'. ഇത് വെടിക്കോപ്പുമുറിയാണെന്നാണ് അധികൃതര്‍ പറയുന്നത്.

പടയോട്ടങ്ങൾക്കും 
തകർക്കാനായില്ല


ടിപ്പുവിന്റെ കോട്ടയെന്നും ഇതിനെ ചിലര്‍ തെറ്റി വിളിക്കാറുണ്ട്. എന്നാല്‍, ടിപ്പുവിന് കോട്ടയുമായി നേരിട്ടുബന്ധമില്ല. മലബാര്‍ കീഴടക്കി അദ്ദേഹം തെക്കോട്ടു മുന്നേറിയപ്പോള്‍ ഇവിടേക്കുള്ള മുന്നേറ്റം പെട്ടെന്ന് കായലിലുണ്ടായ കനത്ത മൂടല്‍മഞ്ഞും പെരിയാറിലെ വെള്ളപ്പൊക്കവുംമൂലം തടസ്സപ്പെട്ടു. മഞ്ഞുണ്ടായത് കോട്ടയ്ക്കുസമീപം 1507ല്‍ പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച പള്ളിയിലെ മാതാവിന്റെ ശക്തിയാലെന്ന് പ്രാദേശവാസികളായ ഒരുവിഭാഗം വിശ്വസിച്ചു. അവര്‍ മാതാവിനെ മഞ്ഞുമാതാവെന്ന് വിളിച്ചു. ബസിലിക്ക ഓഫ് ഔവര്‍ലേഡി ഓഫ് സ്‌നോസ് എന്ന ഈ പള്ളി ഇന്നുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home