ad
Deshabhimani

ഗാന്ധിജി ഇന്നുമുണ്ട് നാരായണൻനായരുടെ കൺമുന്നിൽ

narayanan nair

വാരനാട്ട്‌ നാരായണൻനായർ ഗാന്ധിച്ചിത്രത്തിനുമുന്നിൽ

avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Aug 13, 2026, 03:08 AM | 2 min read

കൊച്ചി


മഹാത്മാഗാന്ധിയെ നേരിൽക്കണ്ട ഓർമകളുടെ കരുത്തുമായി ജീവിക്കുകയാണ്‌ സ്വാതന്ത്ര്യ സമരസേനാനി വാരനാട്ട്‌ നാരായണൻനായർ. പതിമൂന്നാംവയസ്സിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ ഗാന്ധിജിയെ കണ്ടതാണ്‌ കാലടി കാഞ്ഞൂർ സ്വദേശി വാരനാട്ട്‌ നാരായണൻനായരുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. ആ കാഴ്‌ച അദ്ദേഹത്തിന്റെയുള്ളിൽ ദേശസ്നേഹത്തിന്റെ ആവേശംനിറച്ചു. വീണ്‌ പരിക്കേറ്റതിനെത്തുടർന്ന്‌ ഇപ്പോൾ കിടപ്പിലാണെങ്കിലും ഗാന്ധിജിയുടെ ഓർമകളാണ്‌ ഇ‍ൗ നൂറ്റിരണ്ടു വയസ്സുകാരനെ മുന്നോട്ടുനയിക്കുന്നത്‌. മകൻ സുരേഷിനൊപ്പം കാഞ്ഞൂർ പുതിയേടം ‘സ‍ൗപർണിക വാരനാട്ട്‌’ വീട്ടിലാണ്‌ താമസം.


നാരായണൻനായർക്ക്‌ രാഷ്ട്രപിതാവിനോടുള്ള സ്‌നേഹം എത്രയെന്ന് മനസ്സിലാക്കാൻ രണ്ട്‌ ഉദാഹരണങ്ങൾ മതി. നാരായണൻനായർ നേതൃത്വം നൽകിയാണ് വല്ലം റോഡിൽനിന്ന് പുതിയേടം ആറങ്കാവ് റോഡിലേക്ക് 1960ൽ റോഡ് നിർമിച്ചത്. ഇതിന്റെ പേരിൽ പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടിവന്നു. അദ്ദേഹത്തിന്റെ ആവശ്യത്തെ തുടർന്ന്‌ പഞ്ചായത്ത്‌ അധികൃതർ ‘ഗാന്ധി ജന്മശതാബ്ദി ’ റോഡ്‌ എന്ന്‌ പേര്‌ നൽകി. ഗാന്ധിജിയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗാമായാണ്‌ പേര്‌ നൽകിയത്‌.


ശാരീരികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഒരു ബഡ്സ് സ്‌കൂൾ ആരംഭിക്കാൻ സ്ഥലം കിട്ടാതെ കാഞ്ഞൂർ പഞ്ചായത്ത് വിഷമിക്കുന്നത് അദ്ദേഹം അറിഞ്ഞു. സ്‌കൂളിനായി മൂന്ന് സെന്റ് നൽകാൻ നാരായണൻനായർ തീരുമാനിച്ചു. പകരം ഒരു നിബന്ധന മുന്നോട്ടുവച്ചു. സ്‌കൂളിനുമുന്നിൽ ഗാന്ധിപ്രതിമ സ്ഥാപിക്കണം. ദീപം ബഡ്‌സ്‌ സ്‌കൂളിനുമുന്നിൽ ചർക്കയിൽ നൂൽനൂൽക്കുന്ന ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചു. ഇതിനായി രണ്ട്‌ സെന്റും അദ്ദേഹം സൗജന്യമായി വിട്ടുനൽകിയിരുന്നു. വീണ്‌ പരിക്കേൽക്കുന്നതുവരെ എല്ലാദിവസവും നാരായണൻനായർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു.


പെരുമ്പാവൂർ മുടിക്കലിലെ വഞ്ചിനാട് തീപ്പെട്ടി കമ്പനിയിൽ നടത്തിയ സമരവും അദ്ദേഹത്തിന്റെ ഓർമകളിലുണ്ട്‌.‍ 1945ലായിരുന്നു സംഭവം. തീപ്പെട്ടി കമ്പനിയിൽ അന്ന് പത്തണയായിരുന്നു ദിവസക്കൂലി. ഇ‍ൗ കൂലികൊണ്ട്‌ കുടുംബം പോറ്റാൻ ബുദ്ധിമുട്ടായിരുന്നു. കൂലി കൂട്ടാൻ കമ്പനി തയ്യാറായതുമില്ല. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ആവേശം പടർന്നതോടെ നാരായണൻനായരും മറ്റു തൊഴിലാളികളും സമരം ചെയ്യാൻ തീരുമാനിച്ചു. കുത്തിയിരുപ്പുസമരം മൂന്നാംദിവസത്തേയ്‌ക്ക്‌ കടന്നു. ആലുവയിൽനിന്ന് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ്‌ സംഘമെത്തി. പൊലീസ്‌ വെടിവയ്‌ക്കുമെന്ന്‌ മുന്നറിയിപ്പു നൽകി. എല്ലാവരും ഇരുന്ന സ്ഥലത്ത്‌ കമിഴ്‌ന്ന്‌ കിടന്നു. ഒടുവിൽ പൊലീസിന്‌ പിന്മാറേണ്ടി വന്നു. പിറ്റേന്ന് കൂടുതൽ സന്നാഹവുമായി എത്തിയ പൊലീസ്‌ ഏഴുപേരെ അറസ്‌റ്റ്‌ ചെയ്‌തു. താനും മറ്റൊരു സുഹൃത്തും ഒളിവിൽ പോയെന്നും നാരായണൻനായർ പറയുന്നു.


മദ്യനിരോധന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫ. എം പി മന്മഥനുമായി ഒന്നിച്ചു പ്രവർത്തിക്കാനും അദ്ദേഹത്തിന്‌ അവസരമുണ്ടായി. മദ്യവർജന സന്ദേശമെഴുതിയ ഗാന്ധിജിയുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളിൽ വീടുവിടാന്തരം കയറിയിറങ്ങി പതിച്ചു. മദ്യനിരോധനം ആവശ്യപ്പെട്ട് മലയാറ്റൂർനിന്ന്‌ തിരുവനന്തപുരത്തേക്ക് നടത്തിയ കാൽനടജാഥയുടെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. തൊണ്ണൂറുകാരിയായ ദേവകിയമ്മയാണ്‌ ഭാര്യ. മക്കൾ: നന്ദകുമാർ, പ്രസാദ്, ഗീത, രാധാകൃഷ്ണൻ, സുരേഷ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home