ഫുഡ് സ്റ്റോറീസ്
കരീം അണ്ണന്റെ കടയിൽ ‘ഒൺലി ഏഷ്യാഡ്’

പാത്തുമ്മ കപ്പബിരിയാണി വിളന്പുന്നു
കൊച്ചി
അന്പതുവർഷം പഴക്കമുള്ള ചെറിയൊരു ഭക്ഷണശാല. ഇക്കാലയളവിൽ വിളന്പിയതാകട്ടെ, ഒരേയൊരു വിഭവംമാത്രം. പുതിയ രുചിവൈവിധ്യങ്ങൾ തേടുന്ന കാലത്ത് ഇതെങ്ങനെയെന്ന് അത്ഭുതം തോന്നിയേക്കാം. പക്ഷേ, മൂവാറ്റുപുഴ–തൊടുപുഴ റൂട്ടിൽ വാഴക്കുളത്തിനടുത്ത് മടക്കത്താനത്തെ ‘കരീം അണ്ണന്റെ കപ്പബിരിയാണി’ക്കടയിൽ ഒരു വിഭവമേയുള്ളൂ – എല്ലും കപ്പയും. കപ്പയും പോത്തിന്റെ എല്ലുംചേർത്ത് ഉണ്ടാക്കുന്ന ഹൈറേഞ്ചുകാരുടെ ഇഷ്ടവിഭവത്തിന് ഇടുക്കി ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലും ‘ഏഷ്യാഡ്’ എന്നാണ് വിളിപ്പേര്. മറ്റ് പ്രദേശങ്ങളിൽ കപ്പയും എല്ലും, കപ്പ ബിരിയാണി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
കരീം അണ്ണനും ഭാര്യ പാത്തുമ്മയും ചേർന്നാണ് 50 വർഷംമുന്പ് കട തുടങ്ങിയത്. അന്നുമുതൽ എല്ലും കപ്പയുമാണ് ഇവിടത്തെ താരം. വീട്ടിലെ വിറകടുപ്പിൽ പാത്തുമ്മയും കരീം അണ്ണനും ചേർന്നായിരുന്നു പാചകം. അഞ്ചുവർഷംമുന്പ് കരീം അണ്ണൻ മരിച്ചതോടെ പാത്തുമ്മയ്ക്ക് സഹായികളായി മകൻ നിസാറും മരുമകൾ നിസയും ഒപ്പംകൂടി. ബിരുദവിദ്യാർഥിയായ കൊച്ചുമകൻ ഫയാസും കൂട്ടിനുണ്ട്. ദിവസവും 30 കിലോ കപ്പയാണ് പാചകത്തിന് ഉപയോഗിക്കുന്നത്. പകൽ ഒന്നുമുതൽ രാത്രി ഏഴുവരെയാണ് കടയുടെ സമയം.
കുറച്ചുനാൾമുന്പുവരെ പ്രദേശത്തുള്ളവർമാത്രമാണ് സ്ഥിരം എത്തിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ മറ്റ് ജില്ലകളിൽനിന്നുവരെ എത്തിത്തുടങ്ങി. മുൻകൂട്ടി ബുക്ക്‌ചെയ്ത് ഗൾഫിലേക്കുവരെ വാങ്ങിക്കൊണ്ട് പോകുന്നവരുമുണ്ട്. ഒരു പ്ലേറ്റിന് 110 രൂപയാണ് വില. സിംഗിൾ ആണെങ്കിൽ 70 രൂപ.









0 comments