മായില്ല മെസിഗാഥ

ലയണൽ മെസിക്ക് മുന്നിൽ ലോകം നമിക്കുന്നു. രണ്ട് പതിറ്റാണ്ട് കളിജീവിതത്തിൽ നേടാനുള്ളതൊക്കെ നേടി മെസി ബൂട്ടഴിക്കുമ്പോൾ ചരിത്രംതന്നെയാണ് അവസാനിക്കുന്നത്. ലോക ഫുട്‌ബോളിൽ ഇതുപോലൊരു ഇതിഹാസമുണ്ടായിട്ടില്ല. വെറുമൊരു കളിക്കാരൻ മാത്രമായിരുന്നില്ല മെസി; പ്രചോദനവും പ്രത്യാശയുമായിരുന്നു. ഹൃദയം തകരുന്ന വേദനയോടെ കളംവിടാൻ തീരുമാനിച്ചതായിരുന്നു 2016ൽ. പക്ഷേ, ലോകം ആ മനുഷ്യനെ സ്‌നേഹത്തോടെ തിരിച്ചുവിളിച്ചു. ഒന്നുമല്ലെന്ന തോന്നലിൽനിന്നുള്ള തിരിച്ചുവരവ് പിന്നെ കണ്ടു. ഒരു ലോകകപ്പ് ഉൾപ്പെടെ നാല് വിഖ്യാത കിരീടങ്ങൾ ഉയർത്തി. വിരമിക്കൽ പ്രഖ്യാപനം തിരുത്തിയശേഷം അർജന്റീനയ്‌ക്കായി 94 കളിയിൽ 70 ഗോളാണ് നേടിയത്.
ഒരു നാപ്‌കിൻ പേപ്പറിലെഴുതിയ കരാറിൽനിന്നായിരുന്നു പതിമൂന്നുകാരന്റെ കളിജീവിതം ആരംഭിക്കുന്നത്. അർജന്റീനയിലെ റൊസാരിയോയിൽനിന്ന് അച്ഛൻ ഹോർഹെ മെസിക്കൊപ്പം സ്‌പെയ്‌നിലെ ബാഴ്‌സലോണയിലേക്ക് പറക്കുമ്പോൾ ജീവിതം മാറുകയാണെന്ന് ആ ബാലന് മനസ്സിലായിരുന്നില്ല. വളർച്ചാഹോർമോണിന്റെ അഭാവം കാരണം ആരോഗ്യം ക്ഷയിച്ചിരുന്നു. ബാഴ്‌സ ചികിത്സ ഏറ്റെടുക്കാമെന്ന് ഉറപ്പുനൽകി. ബാഴ്‌സയിലെ ലാ മാസിയ അക്കാദമിയിൽ അവൻ ഉൾവലിഞ്ഞുനിന്നു. ആരുടെയും മുഖത്തുനോക്കാതെ, നാണംകുണുങ്ങിയായ കുട്ടി. പക്ഷേ, മൈതാനത്ത് പന്ത് കാലിൽ കിട്ടുമ്പോഴൊക്കെ അവൻ കുതിച്ചു. എത്ര കടുത്ത എതിരാളിയും ആ മാന്ത്രിക നീക്കത്തിന് മുന്നിൽ പതറി. ബാഴ്‌സയുടെ ഹൃദയം മെസി കീഴടക്കി. ഒടുവിൽ ക്ലബ്ബുമായി വേർപിരിയുമ്പോൾ ഹൃദയം തകർന്ന് വിലപിച്ചു.
ഫുട്‌ബോളായിരുന്നു മെസിയുടെ ഭാഷയും സംഗീതവും നൃത്തവും. നീണ്ട കാലയളവിൽ ഒരിക്കൽപ്പോലും പരിക്ക് മെസിയെ പൂർണമായി തളർത്തിയിട്ടില്ല. പ്രായവും ഘടകമായില്ല. കാലം കഴിഞ്ഞുവെന്ന് സംശയിച്ചവർക്കുള്ള മറുപടിയായിരുന്നു കഴിഞ്ഞ ലോകകപ്പ്. മെസിയുടെ ജീവിതകഥ ഓരോ തലമുറയ്‌ക്കുമുള്ള പ്രചോദനമാണ്. അർജന്റീന മാത്രമല്ല, ലോകം മുഴുവൻ ആ ലിറ്റിൽ മജീഷ്യനെ സ്‌നേഹിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലുമൊക്കെ മെസി വികാരമായി. ആഫ്രിക്കയിൽ തരംഗമായി. പതിറ്റാണ്ടുകളായി മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുമാണ് ബാല്യ, കൗമാര, യൗവനങ്ങളുടെ ആവേശം. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടന്ന ലോകകപ്പിൽപ്പോലും അതിനൊരു മാറ്റമുണ്ടായില്ല. നേട്ടങ്ങളിൽ ഒരിക്കൽപ്പോലും അമിതമായി ആഹ്ലാദിച്ചില്ല. ഗോളടിക്കുന്നതിൽ മാത്രമല്ല സഹതാരങ്ങളെ ഗോളടിപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തി. കൂട്ടായ്‌മയിൽ വിശ്വസിച്ചു. കളത്തിലും പുറത്തും അകത്തും മിതഭാഷിയായിരുന്നു. വിവാദങ്ങളിൽനിന്ന് അകന്നുനിന്നു.
പത്ത് വർഷംമുമ്പ് വിരമിക്കൽ പ്രഖ്യാപിച്ച് മടങ്ങുമ്പോൾ ഒരിക്കൽപ്പോലും മെസി മനോഹരമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 2006, 2010, 2014, 2018 വർഷങ്ങളിൽ സ്വപ്‌നമായി അവശേഷിച്ച ലോകകപ്പ് 2022ൽ, മുപ്പത്തിനാലാം വയസ്സിൽ ഉയർത്തുമ്പോൾ കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെപ്പോലെയായിരുന്നു മെസി. ബാഴ്‌സലോണ പരിശീലകനായിരുന്ന പെപ് ഗ്വാർഡിയോള പറഞ്ഞു ‘നിങ്ങൾ അയാളിൽ സ്‌നേഹം നിറയ്‌ക്കൂ, മാറ്റങ്ങൾ കാണാം’. റോഡ്രിഗോ ഡി പോളും എൺസോ ഫെർണാണ്ടസും അലെക്‌സിസ് മക് അല്ലിസ്‌റ്ററും ജൂലിയൻ അൽവാരസും തുടങ്ങിയ യുവതാരങ്ങൾ മെസിയെ ആവോളം സ്‌നേഹിച്ചു. മെസിക്കുവേണ്ടി എന്തിനും തയ്യാറായി നിൽക്കുന്ന പടയാളികളെപ്പോലെയായി അവർ. ലയണൽ സ്‌കലോണിയെന്ന കൂട്ടുകാരൻ പരിശീലകനായി വന്നതും മെസിയുടെ കളിജീവിതത്തിൽ നിർണായകമായി.
ഫുട്‌ബോളായിരുന്നു മെസിയുടെ ഭാഷയും സംഗീതവും നൃത്തവും. നീണ്ട കാലയളവിൽ ഒരിക്കൽപ്പോലും പരിക്ക് മെസിയെ പൂർണമായി തളർത്തിയിട്ടില്ല. പ്രായവും ഘടകമായില്ല. കാലം കഴിഞ്ഞുവെന്ന് സംശയിച്ചവർക്കുള്ള മറുപടിയായിരുന്നു കഴിഞ്ഞ ലോകകപ്പ്. മെസിയുടെ ജീവിതകഥ ഓരോ തലമുറയ്‌ക്കുമുള്ള പ്രചോദനമാണ്.
അവസാന പത്ത് വർഷങ്ങൾ ദേശീയ കുപ്പായത്തിൽ ആവോളം ആസ്വദിച്ചുകളിച്ചു. 2022ൽ ഖത്തറിൽ ലോകകപ്പുയർത്തിയ നായകനായി. 2021ലും 2024ലും കോപ അമേരിക്ക. 2022ൽ ഫൈനലിസിമ കിരീടം. 2008ൽ ഒളിമ്പിക്‌സ് സ്വർണം. 207 കളിയിൽ 125 ഗോൾ. 68 എണ്ണത്തിന് അവസരമൊരുക്കൽ. എട്ട് തവണ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ. ആറ് ലോകകപ്പ് കളിച്ചു. 34 കളിയിൽ 21 ഗോളടിച്ചു. 12 എണ്ണത്തിന് അവസരമൊരുക്കി. രണ്ട് തവണ ലോകകപ്പിലെ മികച്ച താരമായി. നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ തുടരുന്നു. അച്ഛൻ ഹോർഹെ ആയിരുന്നു മെസിയുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. വിരമിക്കലിന്റെ പ്രധാനകാരണങ്ങളിലൊന്ന് അച്ഛന്റെ മരണമായിരുന്നു. മെസിയുടെ വൈകാരിക കുറിപ്പിൽ അത് തെളിഞ്ഞിരുന്നു. ആ കാലുകൾ തളർന്നുപോയ നിമിഷമായിരുന്നു അത്. കളംവിട്ടാലും മെസി നൽകിയ മാസ്‌മരിക നിമിഷങ്ങൾ മായില്ല. അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആ കളിയഴക് കുറച്ചുകാലംകൂടി നമുക്ക് ആസ്വദിക്കാം.










0 comments