ad
Deshabhimani

മെഡിക്കൽ കോളേജിലെ കുടിവെള്ള പ്രശ്നം

പരിഹാരമില്ല; പണി കുഴിയിലൊതുക്കി

മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കുള്ള  കുടിവെള്ളം കൊണ്ടുപോകാനെടുത്ത  കുഴിയിൽ മണ്ണ് നിറഞ്ഞപ്പോൾ

മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കുള്ള കുടിവെള്ളം കൊണ്ടുപോകാനെടുത്ത കുഴിയിൽ മണ്ണ് നിറഞ്ഞപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Sep 02, 2026, 01:05 AM | 1 min read

പാലക്കാട്‌

സർക്കാർ മെഡിക്കൽ കോളേജ്‌ ഹോസ്റ്റലിലെ കുടിവെള്ള പ്രശ്നത്തിന്‌ രണ്ടുമാസമായിട്ടും പരിഹാരമില്ല. ഹോസ്റ്റലിലേക്കുള്ള പ്രത്യേക കുടിവെള്ള കണക്‌ഷൻ സെപ്തംബർ 24ന്‌ മുമ്പ്‌ പൂർത്തിയാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഉറപ്പ്‌ നൽകിയെങ്കിലും നിർമാണം എങ്ങുമെത്തിയിട്ടില്ല. ജൂലൈ ആദ്യവാരത്തിലാണ്‌ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്‌. റോഡിന് സമീപമുള്ള കുഴൽക്കിണറിൽ മഴവെള്ളവും അഴുക്കുചാലിലെ വെള്ളവും കിനിഞ്ഞിറങ്ങിയതാണ്‌ കാരണം. പൊതുമരാമത്ത്‌ വകുപ്പിന്റെ നിർമാണങ്ങൾ നടന്നിരുന്ന ഇവിടെ കുടിവെള്ളം മലിനപ്പെടാൻ സാധ്യത ഉണ്ടായിരുന്നിട്ടും പരിഹാര മാർഗങ്ങൾ സ്വീകരിച്ചില്ല. മഴ കനത്തതോടെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ ടാങ്കിൽ മലിനജലം നിറഞ്ഞു. വിദ്യാർഥികൾ നിരവധിതവണ ആവശ്യപ്പെട്ടപ്പോഴാണ്‌ കുടിവെള്ളം പരിശോധിക്കാൻ കോളേജ്‌ അധികൃതർ തയ്യാറായത്‌. പരിശോധനയിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പെൺകുട്ടികളുടെ ഹോസ്റ്റലിൽനിന്ന്‌ വെള്ളം എടുക്കാനുള്ള താൽക്കാലിക സംവിധാനം ഒരുക്കി. വൈകാതെ പെൺകുട്ടികളുടെ ഹോസ്റ്റലിലും മലിനജലം എത്തി. സെമസ്റ്റർ പരീക്ഷകൾ തുടങ്ങാനിരിക്കെ നിരവധി വിദ്യാർഥികൾക്ക്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ഇക്കാലയളവിൽ ഇരുഹോസ്റ്റലുകളിലേക്കും പുറത്തുനിന്ന്‌ ടാങ്കറുകളിൽ വെള്ളം എത്തിച്ചു. സ്ഥിതി രൂക്ഷമായതോടെ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ ആശുപത്രിയിലെ പിഡബ്ല്യുഡി അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എൻജിനിയറുടെ ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തി. തുടർന്ന്‌ നടന്ന ചർച്ചയിലാണ്‌ കുഴൽക്കിണറിനുചുറ്റും കോൺക്രീറ്റ്‌ ചെയ്യാമെന്നും മെയിൻ ബ്ലോക്കിനുസമീപത്തെ ടാങ്കിൽനിന്ന്‌ ഹോസ്റ്റലുകളിലേക്ക്‌ നേരിട്ട്‌ വെള്ളം എത്തിക്കാനുള്ള സ്ഥിര സംവിധാനം നിർമിക്കുമെന്നും ഉറപ്പുനൽകിയത്‌. പൊതുമരാമത്ത്‌ വകുപ്പാണ്‌ കരാർ നൽകിയതും നിർമാണത്തിന്‌ നേതൃത്വം നൽകുന്നതും. പൈപ്പ്‌ ഇടാനുള്ള കുഴിപോലും നിലവിൽ പൂർത്തിയായിട്ടില്ല. വിദ്യാർഥികൾ കാരണം അന്വേഷിച്ചപ്പോൾ മഴ കുറഞ്ഞാൽ പണി വേഗത്തിലാക്കുമെന്നായിരുന്നു മറുപടി. മഴ കുറഞ്ഞ്‌ ദിവസങ്ങൾ പിന്നിട്ടിട്ടും തൽസ്ഥിതിക്ക്‌ മാറ്റമില്ല. നിലവിൽ അക്കാദമിക്‌ ബ്ലോക്കിൽനിന്നും പുറത്തുനിന്ന്‌ കണ്ടെയ്‌നറുകളിലുമാണ്‌ ഹോസ്റ്റലിൽ ആവശ്യത്തിനുള്ള വെള്ളം എത്തിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home