ad
Deshabhimani

പ്രവാസികളെ ചേർത്തുപിടിച്ച് എൽഡിഎഫ്‌ സർക്കാർ

ldf government
വെബ് ഡെസ്ക്

Published on Sep 13, 2025, 12:00 AM | 2 min read


​കേരളത്തിലെ ഓരോ ജനവിഭാഗത്തോടുമുള്ള എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിബദ്ധത നിറവേറ്റിയ ഒരു ഓണക്കാലമാണ്‌ കഴിഞ്ഞുപോയത്‌. ആഹ്ലാദാവേശങ്ങളോടെ മലയാളികൾ ഓണം ആഘോഷിച്ചു. അടിസ്ഥാന ജനവിഭാഗത്തിന്റെ കൈയിൽ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എത്തിയതിന്റെയും രാജ്യമെങ്ങും കുതിച്ചുയരുന്ന വിലക്കയറ്റം ശക്തമായ വിപണി ഇടപെടലിലൂടെ പിടിച്ചുനിർത്താനായതിന്റെയും ഫലമായിരുന്നു ഓണത്തിന്റെ പൊലിമ.


ഓണാഘോഷങ്ങൾക്ക്‌ ഒരാഴ്‌ച പിന്നിടുന്പോൾ മറ്റൊരു സുപ്രധാന തീരുമാനത്തിലൂടെ സംസ്ഥാന സർക്കാർ ലോകമെന്പാടുമുള്ള പ്രവാസി സമൂഹത്തിന്‌ ആശ്വാസമേകുകയാണ്‌. പ്രവാസികൾക്ക്‌ ആരോഗ്യ ഇൻഷുറൻസ്‌ നടപ്പാക്കുമെന്ന്‌ നാലാം ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പ്രഖ്യാപനം നോർക്കയിലൂടെ സാർഥകമാകുന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനം പ്രവാസികൾക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി ആവിഷ്‌കരിക്കുന്നത്‌.


പ്രവാസി മലയാളികൾ രാജ്യത്തിനും സംസ്ഥാനത്തിനും നൽകുന്ന സംഭാവനകൾ സുവിദിതമാണ്‌. ഓരോ മലയാളിയും അതത്‌ രാജ്യത്തെ കേരളത്തിന്റെ സ്ഥാനപതിമാരാണെന്ന വിശേഷണം തെല്ലും അതിശയോക്തിപരമല്ല. വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്ന മലയാളികൾ നാട്ടിലേക്ക്‌ അയക്കുന്ന കോടികളാണ്‌ നമ്മുടെ സന്പദ്ഘടനയുടെ കരുത്ത്‌. വിദേശത്തുനിന്ന്‌ ഇന്ത്യക്കാർ രാജ്യത്തേക്ക്‌ അയക്കുന്ന പണത്തിന്റെ 20 ശതമാനവും കേരളീയരുടെ സംഭാവനയാണ്‌. ഗൾഫ്‌ രാജ്യങ്ങളിൽ തൊഴിലന്വേഷിച്ച്‌ 1950കളിൽ ആരംഭിച്ച മലയാളിയുടെ യാത്ര ഇന്നും തുടരുന്നു. 2023ലെ കണക്കുപ്രകാരം വിദേശരാജ്യങ്ങളിലുള്ള കേരളീയർ നാട്ടിലേക്ക്‌ അയച്ച തുക 2,16,893 കോടി രൂപയാണ്‌. 2018ലെ തുകയിൽനിന്ന്‌ 155 ശതമാനത്തോളം വർധന. വീടുകളിലെത്തുന്ന ശരാശരി തുക 2018ൽ 96,185 ആയിരുന്നത്‌ 2023ൽ 2.24 ലക്ഷം രൂപയായി വർധിച്ചെന്നാണ്‌ കണക്ക്‌.


വിദേശരാജ്യങ്ങളിലുള്ള കേരളീയർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്‌ ഉയർന്ന ചികിത്സാചെലവാണ്‌. കേരളത്തിലേതുപോലെ സ‍‍ൗജന്യ ചികിത്സയോ കുറഞ്ഞ നിരക്കിലുള്ള ചികിത്സയോ പല രാജ്യങ്ങളിലും ലഭ്യമല്ല. പ്രവാസികൾ പലരും ചികിത്സയ്‌ക്കായി കേരളത്തെത്തന്നെയാണ്‌ ആശ്രയിക്കുന്നത്‌. 2025 നവംബർ ഒന്നുമുതലാണ്‌ പ്രവാസി കേരളീയർക്കായി നോർക്ക ആവിഷ്‌കരിച്ച സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ്‌ പദ്ധതി ‘നോർക്ക കെയർ’ നിലവിൽ വരിക. സെപ്‌തംബർ 22ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായുള്ള ഗ്ലോബൽ രജിസ്‌ട്രേഷൻ ഡ്രൈവ്‌ ഒക്‌ടോബർ 21 വരെയാണ്‌. കോംപ്രിഹെൻസീവ്‌ ഹെൽത്ത്‌ ആൻഡ്‌ ഗ്രൂപ്പ്‌ പെഴ്‌സണൽ ആക്‌സിഡന്റ്‌ ഇൻഷുറൻസ്‌ സ്‌കീം ഫോർ നോൺ റസിഡന്റ്‌ കേരളൈറ്റ്‌സ്‌ എന്നു പേരിട്ട ഇ‍ൗ പദ്ധതിയിൽ വ്യക്തിഗത പ്രീമിയം 8101 രൂപയാണ്‌.


അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായവും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും ഇതുവഴി ലഭിക്കും. ഭാര്യ, ഭർത്താവ്‌, രണ്ടു കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബ പദ്ധതിയിൽ പ്രതിവർഷം 13,411 രൂപയാണ്‌ പ്രീമിയം. അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായവും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയുമാണ്‌ ഇതുവഴി ലഭിക്കുക.


രാജ്യത്തുടനീളം 17,000ൽ അധികം ആശുപത്രികളിൽ ക്യാഷ്‌ലെസ്‌ ചികിത്സ ലഭിക്കും. കേരളത്തിലെ 470 ആശുപത്രികളിലും ചികിത്സ ലഭിക്കും. നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ ഉറപ്പാക്കും. നോർക്ക പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ്‌ ഐഡി കാർഡ്‌ ഉടമകൾക്കും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽ താമസിക്കുന്ന കേരളീയരിൽ എൻആർകെ ഐഡി കാർഡ്‌ ഉള്ളവർക്കും പദ്ധതിയിൽ ചേരാം. ജനങ്ങളോടുള്ള ഇ‍ൗ സർക്കാരിന്റെ കരുതലിന്റെ സാക്ഷ്യപത്രമാണ്‌ ‍ഇ‍ൗ പദ്ധതി. കേരളത്തിന്റെ സന്പദ്‌ഘടനയെ താങ്ങിനിർത്തുന്ന പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും കടപ്പാടിന്റെയും തെളിവാണിത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home