മോദിസർക്കാരിനെ വിറപ്പിച്ച് വിദ്യാർഥി–യുവജന പ്രക്ഷോഭം

ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്‌ച രാജ്യതലസ്ഥാനത്തേക്ക് ജനലക്ഷങ്ങൾ പ്രവഹിച്ചതോടെ കേന്ദ്രസർക്കാർ അക്ഷരാർഥത്തിൽ വിറച്ചു. ജന്തർമന്തറിലെ സമരകേന്ദ്രവും പാർലമെന്റ് പരിസരവും പ്രക്ഷോഭകരാൽ നിറഞ്ഞതോടെ രാജ്യതലസ്ഥാനം സ്‌തംഭിച്ചു. പാർലമെന്റിലേക്ക് മാർച്ച് നടത്തിയ പ്രക്ഷോഭകരെ അതിക്രൂരമായാണ് ഡൽഹി പൊലീസും സുരക്ഷാസേനയും നേരിട്ടത്. പെൺകുട്ടികൾ അടക്കമുള്ള സമരക്കാരെ പുരുഷ പൊലീസുകാരാണ് നേരിട്ടത്. പാർലമെന്റിനുമുന്നിൽ പലവട്ടം കണ്ണീർവാതകം പ്രയോഗിച്ചു. യൂണിഫോമും നെയിം ബോർഡുമില്ലാതെ പൊലീസുകാരെന്ന് അവകാശപ്പെട്ട ഒരുസംഘം ക്രിമിനലുകൾ പെൺകുട്ടികളെയടക്കം മർദിച്ചു. നിരത്തിലൂടെ വലിച്ചിഴച്ചു. പ്രക്ഷോഭകരുടെ തലയടക്കം പൊലീസും കേന്ദ്രസേനയും തല്ലിപ്പൊളിച്ചു.
നിരവധിപേരുടെ കൈകാലുകൾ ഒടിഞ്ഞു. പാർലമെന്റിനുമുന്നിൽ പ്രക്ഷോഭകർക്കുനേരെ യന്ത്രത്തോക്കുകൾ ചൂണ്ടി കേന്ദ്രസേന നിരന്നു. കനത്ത സുരക്ഷാവലയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാർലമെന്റിൽനിന്ന് ഒൗദ്യോഗികവസതിയിലേക്ക് മാറേണ്ടിവന്നു. കണ്ണീർവാതകം പ്രയോഗിച്ചും ലാത്തികൊണ്ടടിച്ചും വിദ്യാർഥികളെയും യുവജനങ്ങളെയും എളുപ്പത്തിൽ ചിതറിക്കാമെന്ന പൊലീസിന്റെ പ്രതീക്ഷ പാളി. പ്രക്ഷോഭകർ തെരുവുകളിൽ ധീരമായ ചെറുത്തുനിൽപ്പുയർത്തി. പാർലമെന്റ് സ്‌ട്രീറ്റും ജന്തർമന്തർ പരിസരങ്ങളും രാഷ്ട്രപതിഭവനുമുന്നിലെ വിജയ് ചൗക്കും ഡൽഹിയിലെ വാണിജ്യകേന്ദ്രമായ കൊണാട്ട് പ്ലേസും പ്രധാന നിരത്തുകളായ അശോക റോഡും റാഫി മാർഗും ഫിറോസ് ഷാ റോഡും ജൻപഥും കർത്തവ്യ പഥും ഇന്ത്യാഗേറ്റ് പരിസരവുമെല്ലാം മണിക്കൂറുകളോളം യുദ്ധക്കളമായി. സമരത്തിന്റെ തീക്ഷ്ണത ബോധ്യപ്പെട്ട കേന്ദ്രസർക്കാർ വേഗത്തിൽ അവഗണനാ മനോഭാവം അവസാനിപ്പിച്ച് ചർച്ചയ്‌ക്ക് സന്നദ്ധമായി.
സിജെപി പ്രതിനിധികളുമായി ആരോഗ്യമന്ത്രി ജെ പി നദ്ദ കൂടിക്കാഴ്‌ച നടത്തി. വിദ്യാഭ്യാസമന്ത്രിയുടെ രാജിയടക്കം പ്രക്ഷോഭകരുടെ ആവശ്യങ്ങൾ ഉന്നതങ്ങളിൽ ചർച്ച ചെയ്‌ത് തീരുമാനം അറിയിക്കാമെന്ന പ്രതികരണമാണ് മന്ത്രിയിൽനിന്നുണ്ടായത്. സർക്കാർ ചർച്ചയ്‌ക്ക് സന്നദ്ധമായതോടെ ജന്തർമന്തറിൽ നിരാഹാരത്തിലായിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്‌കെയും എസ്‌എഫ്‌ഐ പ്രസിഡന്റ് ആദർശ് എം സജിയും ജോയിന്റ് സെക്രട്ടറി ഐഷി ഘോഷും ഐസ നേതാക്കളും സമരം അവസാനിപ്പിച്ചു. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷപാർടികളും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നതോടെ നടപടികൾ സ്‌തംഭിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും ഇടതുപക്ഷ എംപിമാരും പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജന്തർമന്തറിലെത്തി.
സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായതോടെ പ്രക്ഷോഭത്തിന് അയവുവന്നു. ഇതിനിടെ ജന്തർമന്തറിലെ സമരപ്പന്തലുംമറ്റും പൊലീസ് പൊളിച്ചുനീക്കി. പ്രക്ഷോഭകരെ നഗരമധ്യത്തിൽനിന്ന് തുരത്താനുള്ള നടപടികളിലേക്കും പൊലീസ് കടന്നു. സർക്കാരിന്റെ വഞ്ചന തിരിച്ചറിഞ്ഞ പ്രക്ഷോഭകർ സമരകേന്ദ്രത്തിലേക്ക് തിരക്കിട്ട് മടങ്ങി. കേരള ഹൗസിനുമുന്നിൽ ആദ്യം സംഘടിച്ച സമരക്കാർ, രാത്രിയോടെ ജന്തർമന്തറിലെ സമരകേന്ദ്രം തിരിച്ചുപിടിച്ചു. സമരാവേശം കനത്ത മഴയിലും തീക്ഷ്‌ണമായി തുടരുകയാണ്. സിജെപി പ്രവർത്തകരും എസ്‌എഫ്‌ഐ അടക്കമുള്ള വിദ്യാർഥി–യുവജന പ്രവർത്തകരും സമരകേന്ദ്രത്തിലേക്ക് പ്രവഹിക്കുകയാണ്. നീറ്റ് പേപ്പർ ചോർച്ചയ്‌ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്ന് എൻഡിഎ യോഗത്തിൽ പറയാൻ പ്രധാനമന്ത്രി മോദി നിർബന്ധിതനായി.
ജന്തർമന്തർ പ്രക്ഷോഭത്തെ തുടക്കത്തിൽ തള്ളിപ്പറഞ്ഞ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും സമരത്തിന് ലഭിച്ച ജനപിന്തുണ തിരിച്ചറിഞ്ഞ് നിലപാട് മാറ്റി. എന്നാൽ, സിജെപിയോട് ഇനിയും പൂർണമായും ഐക്യപ്പെടാൻ കോൺഗ്രസ് കൂട്ടാക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ ബദൽസമരം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തയ്യാറായത്. അതേസമയം, ജന്തർമന്തർ സമരത്തിന് പൂർണപിന്തുണയുമായി ഇടതുപക്ഷ പാർടികൾ ഉൾപ്പെടെ സജീവമായി രംഗത്തുണ്ട്. ബിജെപിയെ അനുകൂലിക്കുന്ന ഇംഗ്ലീഷ്–ഹിന്ദി മാധ്യമങ്ങൾ സമരത്തെ തമസ്‌കരിക്കാനും തെറ്റായി ചിത്രീകരിക്കാനുമാണ് ശ്രമിച്ചത്. മലയാളം മാധ്യമങ്ങളാകട്ടെ, ഇടതുപക്ഷ സാന്നിധ്യത്തെ അവഗണിച്ചു. എന്നാൽ, മറ്റു ബദൽ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആഗോള ശ്രദ്ധയാകർഷിക്കാൻ സമരത്തിനായി. പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംഘപരിവാറിന് ഏറെ വേണ്ടപ്പെട്ട ധർമേന്ദ്ര പ്രധാനെ എത്രനാൾ സംരക്ഷിക്കാൻ മോദിസർക്കാരിന് കഴിയുമെന്ന ചോദ്യംമാത്രമാണ് ശേഷിക്കുന്നത്.










0 comments