ad
Deshabhimani

print edition കുടുംബശ്രീയെ തകർക്കാൻ അനുവദിക്കരുത്

Kudumbashree
വെബ് ഡെസ്ക്

Published on Sep 09, 2026, 01:30 AM | 2 min read

സ്‌ത്രീകളുടെ സാമ്പത്തികസ്വാതന്ത്ര്യത്തിന്റെയും സേവനത്തിന്റെയും കൂട്ടായ്‌മയുടെയും പുതിയ മാതൃകകൾ സൃഷ്‌ടിച്ച പ്രസ്ഥാനമാണ്‌ കുടുംബശ്രീ. വലതുപക്ഷ ജീർണതയിൽ അഭിരമിക്കുന്ന യുഡിഎഫ്‌ നേതാക്കൾക്ക്‌ കുടുംബശ്രീയോട്‌ പണ്ടേ മമതയില്ല.


സ്‌ത്രീശാക്തീകരണത്തിൽ കേരളം ലോകത്തിന്‌ മാതൃകയായി മാറിയ കുടുംബശ്രീ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന പ്രവർത്തനങ്ങളാണ്‌ യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയ ആദ്യനാളുകളിൽത്തന്നെ തുടങ്ങിയത്‌. അത്‌ കൂടുതൽ ശക്തിയോടെ തുടരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്‌ തദ്ദേശവകുപ്പിൽ കുടുംബശ്രീവഴി നടപ്പാക്കുന്ന പദ്ധതികൾ ഘട്ടംഘട്ടമായി കോൺഗ്രസിന്റെ ജനശ്രീയെന്ന പരാജയപ്പെട്ട സംരംഭത്തെ ഏൽപ്പിക്കാനുള്ള നീക്കം.


​വൈവിധ്യമാർന്ന തൊഴിൽ സംരംഭങ്ങൾ, കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാൻ നടത്തിയ സർവേമുതൽ പദ്ധതിനടത്തിപ്പുവരെയുള്ള പ്രവർത്തനങ്ങൾ, വിജ്ഞാനകേരളത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ, ഡിജിറ്റൽ സാക്ഷരത എന്നിങ്ങനെ ശ്ലാഘനീയമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയ റെക്കോഡുള്ള കുടുംബശ്രീയെയാണ്‌ യുഡിഎഫ്‌ സർക്കാർ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നത്‌.


​യുഡിഎഫിന്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതോടെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്കുമേൽ ഭീഷണിയുണ്ടായിരുന്നു. കുടുംബശ്രീയിലെ താൽക്കാലിക ജീവനക്കാരുടെ കാലാവധി നീട്ടിനൽകേണ്ടെന്ന്‌ സത്യപ്രതിജ്ഞയ്ക്കുമുമ്പേ വകുപ്പിൽ നിർദേശം നൽകിയിരുന്നു. അധികാരമേറ്റ ഉടൻ ആദ്യം ചെയ്‌തത്‌ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി നടപ്പാക്കാൻ കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്ന 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു.


ഗ്രാമീണമേഖലയിലെ ദാരിദ്ര്യം നിർമാർജനം ചെയ്യാനും സ്‌ത്രീകളെ സ്വയംപര്യാപ്‌തരാക്കാനും കേന്ദ്ര ഗ്രാമവികസനമന്ത്രാലയം നടപ്പാക്കുന്ന പദ്ധതിക്കുവേണ്ടി പ്രവർത്തിച്ചിരുന്നവരെയാണ്‌ പിരിച്ചുവിട്ടത്‌. കേരളത്തിൽ കുടുംബശ്രീയാണ്‌ ഇ‍ൗ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്‌. വികസന–നൈപുണ്യ പദ്ധതിയായ കെ–ഡിസ്‌കിന്റെ പ്രവർത്തനങ്ങളിൽനിന്ന്‌ കുടുംബശ്രീയെ ഒഴിവാക്കിയതും വലിയ വിവാദമായിരുന്നു. അഭ്യസ്‌തവിദ്യർക്കിടയിൽ സർവേയും നൈപുണ്യവികസനവുമാണ്‌ കെ–ഡിസ്‌ക്‌ കുടുംബശ്രീവഴി ചെയ്‌തിരുന്നത്‌. ആഗസ്‌ത്‌ 31നുശേഷം ഇത്‌ തുടരേണ്ടതില്ലെന്ന്‌ സർക്കാർ തീരുമാനിച്ചത്‌ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കി.


​വർഷങ്ങളായി കുടുംബശ്രീയുടെ വിവിധതലങ്ങളിൽ ജോലി ചെയ്‌തിരുന്ന 2624 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയാണ്‌ അടുത്തഘട്ടത്തിൽ സർക്കാർ ചെയ്‌തത്‌. ജില്ലാ പ്രോഗ്രാം മാനേജർമാർക്കുകീഴിൽ ബ്ലോക്കുതലത്തിൽ പ്രവർത്തിച്ചിരുന്ന കോ ഓർഡിനേറ്റർമാർ, സിഡിഎസ്‌ തലത്തിൽ ജോലി ചെയ്‌തിരുന്ന അക്ക‍ൗണ്ടന്റുമാർ, പ്രോജക്ട്‌ ഓഫീസർമാർ തുടങ്ങി വിവിധതലങ്ങളിൽ കുടുംബശ്രീയെ ചടുലമായി ചലിപ്പിച്ചിരുന്നവരാണിവർ. ഇവരുടെ സേവനം അവസാനിപ്പിച്ചതോടെ ഫലത്തിൽ പല ജില്ലകളിലും കുടുംബശ്രീയുടെ പ്രവർത്തനം ബുദ്ധിമുട്ടിലായി.


​സർക്കാർ ഡെപ്യൂട്ടേഷനിൽ കുടുംബശ്രീക്ക്‌ അനുവദിക്കുന്ന ഉദ്യോഗസ്ഥരെയും നൽകാതായിട്ട്‌ മാസങ്ങളായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കാസർകോട്‌, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർമാരില്ല. ജില്ലാ മിഷനുകളിൽ പ്രവർത്തനം ഏകോപിപ്പിക്കേണ്ടവരാണിവർ. വിവിധ ജില്ലകളിൽ 56 അസിസ്റ്റന്റ്‌ കോ ഓർഡിനേറ്റർമാർ വേണ്ടിടത്ത്‌ 30 തസ്‌തികകളും ഒഴിഞ്ഞുകിടക്കുകയാണ്‌. സംസ്ഥാന ഓഫീസിൽ രണ്ട്‌ പ്രോഗ്രാം ഓഫീസർമാരെ ഇപ്പോഴും നിയമിച്ചിട്ടില്ല. കുടുംബശ്രീക്കുകീഴിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ സാധാരണക്കാരുടെ പട്ടിണിയകറ്റാൻ ഒരുപരിധിവരെ സഹായകമായിരുന്നു. അതും ഇല്ലാതാക്കുകയാണ്‌ യുഡിഎഫ്‌ ഭരണം.


കിലോഗ്രാമിന്‌ 10.90 രൂപയ്‌ക്ക്‌ സബ്‌സിഡി നിരക്കിൽ നൽകിയിരുന്ന അരിയും തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള സഹായവും നിലച്ചതോടെയാണ്‌ ഇരുനൂറിലേറെ ജനകീയ ഹോട്ടലുകൾക്ക്‌ താഴുവീണത്‌.

​ഇ കെ നായനാർ സർക്കാരിന്റെ കാലത്ത്‌ 1998ൽ, സംസ്ഥാന ദാരിദ്ര്യനിർമാർജന മിഷന്റെ ഭാഗമായി രൂപംനൽകിയ കുടുംബശ്രീ സ്‌ത്രീശാക്തീകരണത്തിന്റെ ഉദാത്തമാതൃകയായി ഉയർന്നിരുന്നു. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുന്നതിൽവരെ സുപ്രധാന പങ്കുവഹിച്ചു. 48.09 ലക്ഷം അംഗങ്ങൾ, 3,17,724 അയൽക്കൂട്ടങ്ങൾ, 21,045 എഡിഎസുകൾ, 1071 സിഡിഎസുകൾ എന്നിങ്ങനെ സംവിധാനത്തോടെ ഇ‍ൗ മഹാപ്രസ്ഥാനം പടർന്നുപന്തലിച്ചു. സ്വന്തം മൂക്കിനപ്പുറം കാണാൻ ശ്രമിക്കാത്തവരാണ് കുടുംബശ്രീയെന്ന മാതൃകാമുന്നേറ്റത്തിന്റെ വഴി മുടക്കാൻ ശ്രമിക്കുന്നത്.


​കുടുംബശ്രീയെ തകർക്കാൻ യുഡിഎഫ്‌ ശ്രമിക്കുന്നതിനു മറ്റൊരു കാരണവുമുണ്ട്‌; മുമ്പ്‌ കുടുംബശ്രീ പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയം ആരോപിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ എം എം ഹസ്സൻ ചെയർപേഴ്‌സണായി രൂപീകരിച്ച ജനശ്രീയെ സഹായിക്കുകയെന്ന ലക്ഷ്യം. 2011–16ലെ ഉമ്മൻചാണ്ടി സർക്കാരും കുടുംബശ്രീയെ തകർത്ത്‌ ജനശ്രീയെ ശക്തിപ്പെടുത്താൻ ശ്രമിച്ചതാണ്‌. എന്നാൽ, അന്ന്‌ സ്‌ത്രീകളുടെ ശക്തമായ പ്രതിഷേധത്തിനുമുന്നിൽ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. 48.09 ലക്ഷം സ്‌ത്രീകളുടെ ആശ്രയമായ, കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീയെ രക്ഷിക്കാൻ ഇനിയും ശക്തമായ പ്രതിഷേധം ഉയരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home