ad
Deshabhimani

ദേശീയപാത മേഖലയിൽ പരിശോധന തുടങ്ങി

നിയമലംഘനങ്ങൾ കണ്ടെത്തി; നീക്കാൻ നിർദേശം

ദേശീയപാതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്‌ തുറവൂരിൽ നടന്ന പരിശോധന

ദേശീയപാതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്‌ തുറവൂരിൽ നടന്ന പരിശോധന

വെബ് ഡെസ്ക്

Published on Sep 09, 2026, 02:01 AM | 1 min read

ആലപ്പുഴ

ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താൻ നടത്തിയ പരിശോധനയിൽ ഗതാഗതത്തിന്‌ തടസമുണ്ടാക്കുംവിധത്തിലുള്ള കച്ചവടങ്ങളും മറ്റ്‌ പ്രവൃത്തികളും കണ്ടെത്തി. ഇത്തരത്തിൽ കണ്ടെത്തിയ ചില കടകൾ മാറ്റാൻ നിർദേശം നൽകിയതായി അധികൃതർ പറഞ്ഞു. കൊമ്മാടി, തുന്പോളി മേഖലയിൽ റോഡിന്‌ നടുഭാഗത്ത് നടത്തുന്ന കച്ചവടം കണ്ടെത്തി. ഇവ മാറ്റാൻ നിർദേശിച്ചു. നടപ്പാതയിലെ കച്ചവടംപോലും അനുവദിക്കാനാകില്ല. ഇത്തരം കച്ചവടം ദേശീയപാത നിർമാണം പൂർത്തിയാക്കി പൂർണതോതിൽ ഗതാഗതം ആരംഭിക്കുന്പോൾ വളരെയധികം തടസം സൃഷ്‌ടിക്കുമെന്ന്‌ കണ്ടെത്തിയതിനാലാണ്‌ മാറ്റേണ്ടിവരുന്നത്‌. സ്ഥിരമായുള്ള അനധികൃത പാർക്കിങ്‌, ഡിവൈഡർ അടയ്‌ക്കുന്നതും തുറക്കുന്നതും മൂലമുള്ള ഗതാഗതനിയന്ത്രണത്തിലെ അസ്ഥിരത, റോഡ് കൈയേറ്റം തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തി. ആദ്യദിനം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയത്‌ പരിഹരിച്ചില്ലെങ്കിൽ ബുധനാഴ്‌ചമുതൽ തദ്ദേശസ്വയംഭരണ സ്ഥാപനം വഴി നോട്ടീസ് നൽകും. എന്നിട്ടും പരിഹരിച്ചില്ലെങ്കിൽ 48 മണിക്കൂറിനുശേഷം കർശന നടപടി സ്വീകരിക്കും. ​നിർമാണക്കന്പനികൾ സ്വീകരിച്ചിരിക്കുന്ന ബാരിക്കേഡിങ്‌ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും പരിശോധിച്ചു. പരിശോധന ബുധനാഴ്‌ചയും തുടരും. കലക്‌ടർ ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരുടെ സംഘം രാത്രിയിലും പരിശോധന നടത്തും. പരിശോധനയ്‌ക്കുശേഷമുള്ള റിപ്പോർട്ട്‌ ഓരോ സ്‌ക്വാഡും വ്യാഴാഴ്‌ച കലക്‌ടർക്ക്‌ സമർപ്പിക്കും. അന്നുതന്നെ അവലോകനയോഗം ചേർന്ന്‌ സുരക്ഷ സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളും. തൃശൂർ ദേശീയപാതയിലുണ്ടായ അപകടത്തെത്തുടർന്നാണ്‌ ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താൻ ചൊവ്വാഴ്‌ച പരിശോധന തുടങ്ങിയത്‌. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള മൂന്ന്‌ സ്‌ക്വാഡുകളെയാണ്‌ ഇതിന്‌ ചുമതലപ്പെടുത്തിയത്‌. ആദ്യ സ്‌ക്വാഡ് അരൂർമുതൽ മാരാരിക്കുളംവരെയും രണ്ടാം സ്‌ക്വാഡ് ഓച്ചിറമുതൽ കൊറ്റംകുളങ്ങരവരെയും മൂന്നാമത്തെ സ്‌ക്വാഡ് കൊമ്മാടിമുതൽ കളിത്തട്ടുവരെയുമാണ് ചൊവ്വാഴ്‌ച പരിശോധന നടത്തിയത്. തുടർന്ന്‌ ഓരോ ആഴ്‌ചയിലും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേകസംഘം പരിശോധന നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home