ad
Deshabhimani

ഇടവിട്ടുള്ള വൈദ്യുതി നിയന്ത്രണം

വിങ്ങി, വിയർത്ത്‌ ജനം

രാത്രികാലങ്ങളിലെ ഇടവിട്ടുള്ള വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ്‌ ജനം.
വെബ് ഡെസ്ക്

Published on Sep 09, 2026, 02:25 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ രാത്രികാലങ്ങളിലെ ഇടവിട്ടുള്ള വൈദ്യുതി നിയന്ത്രണത്തിൽ വലഞ്ഞ്‌ ജനം. ജോലിക്കും വിവിധ ആവശ്യങ്ങൾക്കുമായി പുറത്തുപോയി, പകൽച്ചൂടിൽ പൊള്ളി, വീട്ടിൽ തിരിച്ചെത്തുന്നവർ വിശ്രമിക്കുന്ന വേളകളിലാണ്‌ സർക്കാരിന്റെയും കെഎസ്‌ഇബിയുടെയും വൈദ്യുതി നിയന്ത്രണം. ഇതോടെ ചൂടുകാരണം രാത്രിയിലെ പുകച്ചിലിലും വിങ്ങലിലും വിയർത്ത്‌ വലഞ്ഞവർ ഇരട്ടി പ്രശ്‌നത്തിലായി. മുറിക്കകത്തെ വിങ്ങലൊഴിവാക്കാൻ, സോളാറും ഇൻവെർട്ടറുമൊന്നും വീട്ടിലില്ലാത്തതിനാൽ ഫാൻ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാധാരണക്കാരെയാണ്‌ ഇടവിട്ട്‌ വൈദ്യുതി മുടങ്ങുന്നത്‌ ഏറ്റവും കൂടുതൽ ബാധിക്കുന്നത്‌. തിങ്കളാഴ്‌ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി വൈദ്യുതി മുടങ്ങി. 20 മുതൽ 30 മിനിറ്റുവരെ പല തവണകളായാണ്‌ മുടക്കം. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കഴിയാത്തതോടെയാണ്‌ കെഎസ്‌ഇബി വൈകിട്ട്‌ ആറ്‌ മുതൽ 12 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്‌. വരുംദിവസങ്ങളിൽ ഇത്‌ 6.30 മുതൽ 12.30 വരെയാക്കിയെന്ന്‌ കെഎസ്‌ഇബി അറിയിച്ചു. ജില്ലയിൽ ജൂൺ മുതൽ സെപ്‌തംബർ എട്ട്‌ വരെ ലഭിക്കേണ്ട മഴയിൽ 14 ശതമാനം കുറവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. 2353.9 മി.മീ മഴ ലഭിക്കേണ്ടതിന്‌ പകരം 2023.9 മി.മീ മഴയാണ്‌ ലഭിച്ചത്‌. ഇത്‌ വൈദ്യുതി ഉൽപ്പാദനത്തെ ബാധിക്കുന്നതിനൊപ്പം ക്രമാതീതമായി പകലും രാത്രിയും ച‍ൂടുയർത്താനും കാരണമായി. വൈദ്യുതി നിയന്ത്രണം ആവശ്യം വന്നേക്കുമെന്ന് രണ്ടുമാസം മുമ്പ് തന്നെ മനസ്സിലാക്കിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത് തടയാൻ നീക്കമൊന്നും ഉണ്ടാകാതിരുന്നതാണ്‌ പ്രശ്‌നം കൂടുതൽ വലുതാക്കിയത്‌. ലോകകപ്പ്‌ മത്സര സമയങ്ങളിലടക്കം അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പാക്കിയതിന്‌ സർക്കാരിന്‌ കടുത്ത വിമർശം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ 10 വർഷക്കാലം ലോഡ്‌ ഷെഡ്ഡിങ്‌ ഉണ്ടായിരുന്നില്ല. 10 വർഷത്തിന്‌ മുമ്പുള്ള ഇരുണ്ടകാലത്തിലേക്ക്‌ വീണ്ടും കേരളം തിരിച്ചുപോകുമോ എന്ന ആശങ്കയിലാണ്‌ ജനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home