ad
Deshabhimani

ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച സംഭവം

പ്രതിഷേധിച്ചവർക്ക് നേരെ ലാത്തിച്ചാർജ്: 5 പേർക്ക് പരിക്ക്

വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിചാർജ് ചെയ്യുന്നു

വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിചാർജ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 02:28 AM | 1 min read

വടകര തിരുവോണ നാളിൽ പതിയാരക്കര മഞ്ചയിൽ കടവിൽ ഡിവൈഎഫ്ഐ പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്‌ മാർച്ചിന്‌ നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന്‌ നേരെയുള്ള ലാത്തിച്ചാർജ്ജിൽ അഞ്ച്‌ പ്രവർത്തകർക്ക്‌ പരിക്കേറ്റു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഷിജിൻ നെല്ലിയുള്ളതിൽ (39), പതിയാരക്കര മേഖല സെക്രട്ടറി അശ്വന്ത് (32), വടകര ബ്ലോക്ക് കമ്മിറ്റി അംഗം റോഹിത്ത് (27), പ്രവർത്തകരായ വട്ടക്കണ്ടിയിൽ കരിമ്പനപ്പാലം ശരത്ത് (36), ചെരണ്ടത്തൂർ സുജിത്ത് (32), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിയാരക്കര മേഖല ജോ. സെക്രട്ടറി വിനൂപ്, അതുൽ, അനുരാഗ് എന്നിവർക്ക് നേരെയാണ് ലഹരിമാഫിയ സംഘം തിരുവോണ നാളിൽ അക്രമം അഴിച്ചുവിട്ടത്. മഞ്ചയിൽകടവ് നീലിയേലത്ത് കടവ് പ്രദേശങ്ങളിൽ ലഹരി വിൽപ്പനയും ഉപയോഗവും വർധിച്ചു വരുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധവും ലഹരിവിരുദ്ധ പ്രചാരണവും സംഘടിപ്പിച്ചിരുന്നു. തിരുവോണ ദിവസം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽനിന്ന്‌ ഒന്നിച്ചു ചേർന്ന ലഹരി സംഘം ഡിവൈഎഫ്ഐ പ്രവർത്തകരെ പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിനൂപിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. എൽപി സ്കൂൾ അധ്യാപകൻ ജവാദിന്റെ നേതൃത്വത്തിൽ അമ്പതോളം പേരാണ് സംഘം ചേർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിട്ടത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home