print edition ഡൽഹി കെട്ടിട ദുരന്തം;ഹോസ്റ്റൽ ക്ഷാമം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

ന്യൂഡൽഹി: സത്യനികേതനിലെ കെട്ടിട ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഡൽഹി സർക്കാരിനോടും യുജിസിയോടും ഹോസ്റ്റൽ ക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ. കമീഷൻ അംഗം പ്രിയാങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ‘ദി നെറ്റ്‌വർക്ക് ഫോർ ആക്‌സസ് ടു ജസ്റ്റിസ് ആൻഡ് മൾട്ടിഡിസിപ്ലിനറി ഔട്ട്‌റീച്ച് ഫൗണ്ടേഷൻ' സമർപ്പിച്ച പരാതിയിലാണ് നടപടി.
ഡൽഹി സർവകലാശാലയിൽ ഏകദേശം 72,000 ബിരുദ വിദ്യാർഥികളുണ്ട്. എന്നാൽ മതിയായ ഹോസ്റ്റൽ സൗകര്യങ്ങളില്ലാത്തതിനാൽ പുറത്തുനിന്നെത്തുന്ന നിരവധി വിദ്യാർഥികൾ ചെലവേറിയ പേയിങ് ഗസ്റ്റ് സൗകര്യങ്ങളെയും വാടകവീടുകളെയും ആശ്രയിക്കാൻ നിർബന്ധിതരാകുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കൃത്യമായ മറുപടി നൽകുന്നതിൽ ഡൽഹി സർവകലാശാല പരാജയപ്പെട്ടതായി കമീഷൻ ചൂണ്ടിക്കാട്ടി.
തുടർന്ന്, സർവകലാശാലയുമായി ചേർന്ന് വിശദമായ കർമപദ്ധതി സമർപ്പിക്കാൻ ഡൽഹി ചീഫ് സെക്രട്ടറിക്കും യുജിസി ചെയർമാനും കമീഷൻ നിർദേശം നൽകി.
24 കെട്ടിടം പൊളിച്ചുനീക്കി
ദുരന്തത്തിന് പിന്നാലെ 24 കെട്ടിടങ്ങൾ ഡൽഹി മുനിസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കി. നിയമവിരുദ്ധമായി നിർമിച്ച ഏഴ് കെട്ടിടങ്ങൾ സീൽ ചെയ്തു. അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് കോർപറേഷൻ ചൊവ്വാഴ്‌ച ഒൻപത് കാരണം കാണിക്കൽ നോട്ടീസയച്ചു.









0 comments