ഗിരീഷിന് കൈത്താങ്ങാവാം
‘അനാമികളുടെ വിലാപങ്ങൾ’ 12ന് അരങ്ങിൽ

‘അനാമികളുടെ വിലാപങ്ങൾ’ റിഹേഴ്‌സൽ ക്യാന്പിൽനിന്ന്
ഉണ്ണി ഈന്താട് കക്കോടി ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന ആശങ്ക നിലനിൽക്കുന്പോഴും അസാമാന്യമായ മനക്കരുത്തോടെ ജീവിതത്തെ തിരിച്ചുപിടിക്കാൻ പുതിയൊരു നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് നാടക പ്രതിഭ ഗിരീഷ് പി സി പാലം. ഗിരീഷ് രചനയും സംവിധാനവും ഡിസൈനിങ്ങും ചെയ്‌ത നാടകം ‘അനാമികളുടെ വിലാപങ്ങൾ’, നാടകം പൂക്കുന്ന കാടും റിതം ഹൗസും ചേർന്നാണ് അരങ്ങിലെത്തിക്കുന്നത്. 12ന് മാങ്കാവ് കാളൂർ റോഡിലെ റിതം പെർഫോമിങ് ആർട്സ് സ്റ്റുഡിയോയിൽ പകൽ മൂന്നിനും രാത്രി ഏഴിനും നാടകം അവതരിപ്പിക്കും. ഒരു വർഷംമുമ്പ് തുടങ്ങിയ റിഹേഴ്സലിനിടെ ജീവിതത്തിന് തിരശ്ശീല വീഴുമോ എന്നുപോലും ആശങ്കപ്പെട്ട നിമിഷങ്ങൾ. എന്നാൽ അവിടെനിന്നൊക്കെ അത്ഭുതകരമായി രക്ഷപ്പെട്ട ഗിരീഷിന് നാടകം അതിജീവനത്തിന്റെ പ്രത്യാശയാവുകയാണ്. 15 വർഷം മുമ്പ് സഹോദരൻ പകുത്ത് നൽകിയ വൃക്കയിലായിരുന്നു ഗിരീഷിന്റെ ജീവിതവും സർഗാത്മകതയും വീണ്ടും തളിരിട്ടത്. എന്നാലിപ്പോൾ ഇരു വൃക്കയും തകർന്ന് ഡയാലിസിസ് ചെയ്‌തുകൊണ്ടിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള കരളും മാറ്റിവയ്‌ക്കണം. ഹൃദയവും ഗിരീഷിനോട് പിണക്കത്തിലാണ്. ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നാണ് നിർദേശം. ഒന്നിടവിട്ട ഡയാലിസിസിന്റെയും മറ്റു ചികിത്സകളുടെയും അവശതയ്‌ക്കിടയിലും ഇടവേളകളിൽ റിഹേഴ്‌സൽ ക്യാമ്പിലെത്തും, അണിയറ പ്രവർത്തകർക്ക് ആവേശം പകരാൻ. നിശ്ശബ്ദരാക്കപ്പെട്ടവരുടെ നിലവിളികളാണ് ‘അനാമികളുടെ വിലാപങ്ങളി’ലൂടെ ഗിരീഷ് സമൂഹത്തെ കേൾപ്പിക്കുന്നത്. സ്നേഹവും പ്രണയവും പകയും കുടുംബജീവിതത്തിൽ എത്രമാത്രം നിഗൂഢമാണെന്ന് നാടകം വ്യക്തമാക്കുന്നു. ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. ഇരുപതോളം നടീനടന്മാരുണ്ട്. അസോസിയറ്റ് ഡയറക്ടർ പ്രബിജ ബൈജു, ലൈറ്റ് ഡിസൈനിങ്ങിൽ ഡോ. സാംകുട്ടി പട്ടങ്കരിയുമടക്കം മുപ്പത്തഞ്ചോളം സാങ്കേതിക പ്രവർത്തകർ അണിയറയിലുണ്ട്. ഗിരീഷിന്റെ ഭാരിച്ച ചികിത്സാ ചെലവ് കണ്ടെത്താൻ സഹപാഠികൾ, സുഹൃത്തുക്കൾ, നാട്ടുകാർ, നാടക പ്രവർത്തകർ എല്ലാം ചേർന്നാണ് നാടകം അരങ്ങിലെത്തിക്കുന്നത്. പ്രവേശനം പാസ് മൂലം. ഫോൺ: 8089841056, 7012022348, 8281508504.









0 comments