print edition വിദ്യാലയങ്ങൾ തുറന്നത് ആശങ്കകളുടെ ലോകത്തേക്ക്

ഭാവിപൗരന്മാരെ വാർത്തെടുക്കാനുള്ള സംവിധാനം എന്നതിലുപരി ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരവും അവിസ്‌മരണീയവുമായ കാലമായി മാറേണ്ടതാണ് സ്‌കൂൾ വിദ്യാഭ്യാസഘട്ടം. ഇക്കാലയളവിൽ ഉണ്ടാകുന്ന താളപ്പിഴകളും സംഘർഷങ്ങളും പരിഹരിക്കാൻ കഴിയാത്ത രീതിയിൽ വ്യക്തികളെയും സമൂഹത്തെയും വേട്ടയാടും.
സങ്കുചിത രാഷ്‌ട്രീയതാൽപ്പര്യങ്ങളും വാണിജ്യ, വർഗീയ ലക്ഷ്യങ്ങളും വിദ്യാഭ്യാസമേഖലയെ ബാധിക്കരുതെന്ന് വിവേകമതികൾ പറയുന്നത് അതുകൊണ്ടാണ്. സംസ്ഥാനത്ത് ഇത്തവണ സ്‌കൂൾവർഷം തുടങ്ങിയത് ഭരണമാറ്റത്തിന് തൊട്ടുപിന്നാലെയാണ്.
സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും കുട്ടികളുടെ വ്യക്തിത്വവികാസത്തിന്റെയും കാര്യത്തിൽ സംസ്ഥാനം രാജ്യത്ത് ഒന്നാംസ്ഥാനത്തേക്ക് മുന്നേറിയ പത്തുവർഷമാണ് എൽഡിഎഫ് ഭരണം സൃഷ്‌ടിച്ചത്. ഇൗ മികവ് തുടരണമെന്ന് ആഗ്രഹിക്കുന്നവരിൽ ആശങ്ക പടർത്തുന്ന സംഭവഗതികളാണ് ഇപ്പോൾ ഉണ്ടാകുന്നത്.
കഴിഞ്ഞവർഷം സർക്കാർ സ്‌കൂൾ അധ്യാപകരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഒഴിവുകളിലെ നിയമനവുമെല്ലാം അവധിക്കാലം കഴിയുംമുന്പേ പൂർത്തിയാക്കിയിരുന്നു. ഇത്തവണ സ്‌കൂൾ തുറന്നിട്ടും സംസ്ഥാനത്തെ 352 സർക്കാർ സ്‌കൂളുകളിൽ പ്രധാനാധ്യാപകരില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് മാധ്യമങ്ങൾവഴി പുറത്തുവന്നത്. 1228 സർക്കാർ ഹൈസ്‌കൂളുകളിൽ 253 ഇടത്ത് പ്രധാനാധ്യാപകരും 830 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത് പ്രിൻസിപ്പലും ഇല്ലെന്നാണ് വിവരം.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി കോൺഫിഡൻഷ്യൽ റിപ്പോർട്ട് അടക്കം തയ്യാറാക്കിയെങ്കിലും യുഡിഎഫ് സർക്കാർ തുടർനടപടികളിലേക്ക് നീങ്ങാത്തതാണ് ഇൗ ദുരവസ്ഥയ്‌ക്ക് കാരണം. ഇതിനുപുറമെ 20 വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ തസ്‌തികയിൽ ഒമ്പതെണ്ണവും 39 ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്‌തികയിൽ 11 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.
വിഎച്ച്‌എസ്‌ഇ വിഭാഗത്തിൽ എട്ട് അഡീഷണൽ ഡയറക്‌ടർ തസ്‌തികയിൽ ഒരിടത്തുമാത്രമാണ് സ്ഥിരം ആളുള്ളത്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ സ്ഥലംമാറ്റം മരവിപ്പിച്ചിരിക്കുന്നതിന്റെ അനിശ്ചിതത്വം വേറെ.
പ്രവേശനോത്സവം മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നേതൃത്വത്തിൽ ആഘോഷപൂർവം നടത്തിയെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്യുന്നതിൽ സർക്കാർ താൽപ്പര്യം കാട്ടുന്നില്ലെന്ന് തെളിയുകയാണ്. മന്ത്രിസഭ അധികാരമേറ്റ് ആഴ്‌ചകൾ കഴിഞ്ഞിട്ടും വിദ്യാഭ്യാസമന്ത്രിയുടെ അടക്കം ഓഫീസുകളുടെ പ്രവർത്തനം നാമമാത്രമായ നിലയിലാണ്.
അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനം അനവസരത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നടത്തിയിട്ടുണ്ട്. വിപുലവും സമഗ്രവുമായ പ്രക്രിയവഴി സ്‌കൂൾ പാഠ്യപദ്ധതി എൽഡിഎഫ് സർക്കാർ പരിഷ്‌കരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ എസ്‌എസ്‌എൽസി പരീക്ഷ കഴിഞ്ഞവർഷം നടത്തുകയും ചെയ്‌തിരുന്നു.
അഞ്ചുലക്ഷം കുട്ടികളിൽനിന്ന് നേരിട്ട് അഭിപ്രായം ആരാഞ്ഞ്, ജെൻഡർ ഓഡിറ്റിങ്ങും നടത്തിയാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. മതനിരപേക്ഷ, ഭരണഘടനാ മൂല്യങ്ങളിൽ കേന്ദ്രീകരിച്ച് ശാസ്‌ത്രബോധം, ചരിത്രബോധം, ലിംഗസമത്വം എന്നിവയിൽ അധിഷ്‌ഠിതമായി പരിഷ്‌കരിച്ച പാഠ്യപദ്ധതിയാണ് നിലവിലുള്ളത്. നിർമിത ബുദ്ധി (എഐ)യും റോബോട്ടിക്‌സും കേരളത്തിൽ സ്‌കൂൾതല പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത് അന്താരാഷ്‌ട്രതലത്തിൽ പ്രകീർത്തിക്കപ്പെട്ടതാണ്. ഇത്രയും കാലോചിതമായ പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം സംശയകരമാണ്.
വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാനുള്ള കേന്ദ്രസമ്മർദം ചെറുത്താണ് കേരളം നിലകൊള്ളുന്നത്. അതിനാൽ, അധികാരമേറ്റയുടൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇൗ വിഷയത്തിൽ നടത്തിയ പ്രഖ്യാപനങ്ങൾ ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വിവിധ മേഖലകളിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങൾ കുട്ടികൾ ഗ്രഹിക്കണമെന്നതിൽ തർക്കമില്ല. അതിനായി കുട്ടികളെ പ്രാപ്‌തരാക്കാൻ കഴിയുന്ന വിദ്യാഭ്യാസമാണ് നൽകേണ്ടത്.
രാഷ്‌ട്രീയതാൽപ്പര്യത്തിന്റെ പേരിൽ വരുത്തുന്ന പരിഷ്‌കാരങ്ങൾ വിപരീത-ഫലം ചെയ്യും. പാഠപുസ്‌തകങ്ങൾ യഥാസമയം ലഭ്യമാക്കാൻ എൽഡിഎഫ് സർക്കാർ എല്ലാ നടപടിയും സ്വീകരിക്കുകയും അത് ഫലപ്രാപ്‌തിയിൽ എത്തുകയും ചെയ്‌തു. പാഠപുസ്‌തക അച്ചടി വൈകിയെന്ന് വാർത്തകൾ ചമച്ച് പൊതുവിദ്യാഭ്യാസമേഖലയെ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമം നടന്നത് ഓർക്കേണ്ടതുണ്ട്.
സ്‌കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിലും ആശങ്ക തുടരുകയാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകേണ്ടത് സുരക്ഷയ്‌ക്ക് അനിവാര്യമാണ്. ഇക്കാര്യത്തിൽ വഴിവിട്ട് ഇളവുകൾ നേടിയെടുക്കുന്നത് അഭികാമ്യമല്ല. കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ സാമൂഹ്യ ഉത്തരവാദിത്വമാണ്.
ഇതൊക്കെ ലാഭക്കണ്ണോടെ കൈകാര്യം ചെയ്‌താൽ വലിയ വില കൊടുക്കേണ്ടിവരും. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം മികച്ച രീതിയിൽ ഉറപ്പാക്കുകയെന്ന ഉത്തരവാദിത്വം നിർവഹിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കേരളം പിന്നോട്ട് നടക്കേണ്ടിവരും.










0 comments