print edition പിഎസ്‌സിക്കെതിരായ കള്ളക്കഥകൾ ഗൂഢാലോചനയുടെ ഭാഗം

സർക്കാർ മേഖലയിലെ സ്ഥിരം നിയമനങ്ങളിൽ പത്തുവർഷത്തിലേറെയായി രാജ്യത്ത് പൊതുവെ വരൾച്ചയാണ്. കേന്ദ്ര സർവീസിലും കേരളമൊഴികെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷം തസ്‌തികകളിലും കരാർ നിയമനങ്ങളാണ് നടക്കുന്നത്. സൈന്യത്തിലടക്കം കരാർ നിയമനത്തിന് മോദിസർക്കാർ തുടക്കമിട്ടു.
അഗ്നിപഥ് എന്ന ഇൗ പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചന. മിക്കസംസ്ഥാനങ്ങളിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സുപ്രധാന വകുപ്പുകളിൽ പണിയെടുക്കുന്നവരിൽ ഏറിയപങ്കും കരാർ ജീവനക്കാരാണ്. റെയിൽവേ, പ്രതിരോധമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിൽ ഉൾപ്പെടെ 9.6 ലക്ഷത്തോളം തസ്‌തികകൾ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ച എൽഡിഎഫ് സർക്കാരിന്റെ നയസമീപനവും വ്യത്യസ്‌തവും മാതൃകാപരവുമായി മാറിയത്.
2016 മുതൽ 2026 വരെ പിഎസ്‌സിവഴി സംസ്ഥാനത്ത് 3.09 ലക്ഷം സ്ഥിരം നിയമനമാണ് നടന്നത്. പിണറായി വിജയൻ നയിച്ച ആദ്യസർക്കാരിന്റെ കാലത്ത് 1,61,268 നിയമനവും രണ്ടാംസർക്കാരിന്റെ കാലത്ത് 1,48,654 നിയമനവും. രാജ്യത്ത് പബ്ലിക് സർവീസ് കമീഷനുകൾവഴി 100 നിയമനം നടക്കുന്പോൾ അതിൽ 60 എണ്ണവും കേരളത്തിലാണെന്ന അഭിമാനകരമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിച്ചേർന്നു.
അഭ്യസ്‌തവിദ്യരായ തൊഴിലന്വേഷകരുടെ പ്രതീക്ഷയും ആശ്വാസവുമായി നിലകൊള്ളുന്ന കേരള പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാൻ ആസൂത്രിതശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതോടെ ഇൗ നീക്കം വർധിതവീര്യത്തോടെ വലതുപക്ഷ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. മോദിസർക്കാർ തൊഴിൽ കോഡുകൾ കൊണ്ടുവന്നതോടെ സ്ഥിരം ജോലി എന്നത് സങ്കൽപ്പം മാത്രമായി മാറി.
ഇതിന് ആധാരമായ നവഉദാര നയങ്ങൾക്ക് ബദൽ സൃഷ്ടിച്ച ഇടതുപക്ഷസമീപനമാണ് കേരള പിഎസ്‌സിയെ സജീവവും കാര്യക്ഷമവുമായി നിലനിർത്തിയത്. യുഡിഎഫ് സർക്കാരാകട്ടെ സ്വകാര്യവൽക്കരണവും ഉദാരവൽക്കരണവും അജൻഡയായി സ്വീകരിച്ചാണ് നിലകൊള്ളുന്നത്. അതിനാൽ സ്ഥിരം നിയമനങ്ങൾ അവസാനിപ്പിക്കുകയും കരാർ തൊഴിലുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അവരുടെ ആവശ്യമാണ്.
പിഎസ്‌സിക്കെതിരെ വ്യാജവാർത്തകളുടെ പരന്പര സൃഷ്ടിക്കുന്നത് ആകസ്‌മികമോ ശുദ്ധമായ മാധ്യമധർമത്തിന്റെ പ്രേരണയാലോ അല്ലെന്ന് അർഥം. മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തിലും കൊണ്ടുവരാനാണ് ചിലർ ആഗ്രഹിക്കുന്നത്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ പിഎസ്‌സി നടത്തുന്ന നിയമനങ്ങളിൽ സംശയത്തിന്റെ കരിനിഴൽ പടർത്തുന്നത് ഇൗ ലക്ഷ്യത്തോടെയാണ്. പല മാധ്യമവാർത്തകളും പരിശോധിക്കുന്പോൾ, സംഭ്രമജനകമായ തലക്കെട്ടുകളും അസംബന്ധ പ്രയോഗങ്ങളുംവഴി നിർമിക്കാൻ ശ്രമിക്കുന്ന പ്രതീതികളല്ലാതെ കഴന്പൊന്നും കണ്ടെത്താൻ കഴിയില്ല.
പിഎസ്‌സി ജീവനക്കാരുടെ രജിസ്റ്റേർഡ് സഹകരണ സംഘം നടത്തുന്ന കാന്റീനിലെ തൊഴിലാളി നിയമനംപോലും പിഎസ്‌സിയുടെ പിൻവാതിൽ നിയമനമായി അവതരിപ്പിച്ച അപഹാസ്യത അരങ്ങേറി. പിഎസ്‌സി ഓഫീസിലെ താൽക്കാലിക തസ്‌തികകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തിയ നിയമനങ്ങൾ സംബന്ധിച്ചും പുകമറ സൃഷ്ടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ഏതു കുറ്റമറ്റ സംവിധാനത്തിലും ഉണ്ടാകാനിടയുള്ള ഒറ്റപ്പെട്ട സാങ്കേതികപ്പിഴവുകൾ പർവതീകരിച്ച് കാട്ടുകയാണ്.
ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിൽ അതത് കാലത്തെ സർക്കാരുകൾ അംഗങ്ങളെ നിയമിക്കുന്നത് ഒട്ടേറെ ഘടകങ്ങൾ മുൻനിർത്തിയാണ്; ഏത് സർക്കാർ ഭരിച്ചാലും ഇക്കാര്യത്തിൽ ആക്ഷേപങ്ങൾ ഉയർത്തുന്ന മര്യാദലംഘനം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ പിഎസ്‌സി അംഗങ്ങളുടെ നിയമനം, അവരുടെ പ്രതിഫലം എന്നീ കാര്യങ്ങളിലും വിവാദമുണ്ടാക്കാൻ ചിലർ മുതിർന്നിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസമേഖലയിൽ സംഘപരിവാറിന് ഇടംനൽകാൻ കച്ചകെട്ടി ഇറങ്ങിയ ചില യുഡിഎഫുകാരാണ് ഇത്തരം ആരോപണങ്ങളും ഉയർത്തുന്നത്. ഇക്കൂട്ടരുടെ ബാലിശവും വിഷലിപ്‌തവുമായ വാക്കുകൾക്ക് പ്രചാരം നൽകാൻ പത്രങ്ങളും ചാനലുകളും തയ്യാറാകുന്നത് എൽഡിഎഫ് വിരോധത്തിന്റെമാത്രം അടിസ്ഥാനത്തിലാണെന്ന് കരുതുന്നത് ശരിയാകില്ല. പിഎസ്‌സിയെ ദുർബലപ്പെടുത്തി വ്യാപകമായി പിൻവാതിൽ നിയമനങ്ങൾക്ക് കളമൊരുക്കുക എന്നതാണ് താൽക്കാലിക ലക്ഷ്യം.
ഹിന്ദുത്വ–കോർപറേറ്റ് നയങ്ങളുടെ നടത്തിപ്പുകാരായ ബിജെപിക്കും യുഡിഎഫിനും രാഷ്‌ട്രീയമായി പറഞ്ഞുനിൽക്കാൻ അവസരം നൽകുക, ഇടതുപക്ഷത്തിന്റെ ജനകീയപോരാട്ടങ്ങളെ ദുർബലപ്പെടുത്തുക എന്നതാണ് ഇതിന്റെ ആത്യന്തികലക്ഷ്യം. തൊഴിലെടുത്ത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം തച്ചുതകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനാധിപത്യവാദികളുടെയും പുരോഗമനശക്തികളുടെയും കൂട്ടായ ശബ്ദം ഉയരേണ്ടതുണ്ട്. കേരളത്തിന്റെ അഭിമാനസ്‌തംഭങ്ങൾ ഇല്ലാതാക്കാനുള്ള വലതുപക്ഷ, മാധ്യമ ഗൂഢാലോചനകൾക്കെതിരെ നിതാന്തജാഗ്രത വേണം.











0 comments