ad
Deshabhimani

print edition വമ്പൻ സ്രാവുകളിൽ എത്താതെപോകുന്ന തൂഫാൻ വല

editorial.
വെബ് ഡെസ്ക്

Published on Aug 18, 2026, 01:30 AM | 2 min read

ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമാനിർമാതാവും കോടീശ്വരനുമായ കക്കാട്ടുപള്ളി നരസിംഹ രാജുവിന്റെ ഉടമസ്ഥതയിലുള്ള ലഹരിമരുന്നുകേന്ദ്രം കേരള പൊലീസ്‌ തകർത്തത്‌ 2024 ആഗസ്ത്‌ 29നായിരുന്നു. ലഹരിമരുന്നിനെതിരായി ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ ഡി ഹണ്ടി’ന്റെ ഭാഗമായിട്ടായിരുന്നു ഇത്‌. 2024 ജൂലൈ രണ്ടിന് തൃശൂർ ഒല്ലൂർ പൊലീസ് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പിടികൂടിയ കേസിന്റെ അന്വേഷണമാണ്‌ കേരള പൊലീസിനെ ഹൈദരാബാദിൽ എത്തിച്ചത്‌.


ഇതിവിടെ സൂചിപ്പിക്കുന്നത്‌, പ്രവർത്തനസ്വാതന്ത്ര്യം നൽകിയാൽ എല്ലാത്തരം മാഫിയകളെയും പിടികൂടാനും അവയുടെ വേരറുക്കാനുമുള്ള ശേഷി കേരള പൊലീസിനുണ്ടെന്ന്‌ ഉറപ്പിച്ചുപറയാനാണ്‌. രാജ്യത്തെതന്നെ മികച്ച സംസ്ഥാന സേനകളിലൊന്നാണ്‌ കേരളത്തിലേത്‌. എന്നാൽ, ഭയരഹിതമായും നീതിപൂർവമായും പ്രവർത്തിക്കാൻ അവസരം നൽകാതെ അവരുടെ കൈയും കാലും കെട്ടിയിട്ടിരിക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ.

ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും ഇ‍ൗ സർക്കാരും കൊട്ടിഘോഷിച്ച്‌ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാന്റെ’ സ്ഥിതിയും ഇപ്പോൾ ഇങ്ങനെയാണ്‌.


മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററും പെരുമ്പാവൂരിലെ യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ മുഹമ്മദ്‌ ഹുസൈനും സംഘവും പിടിയിലായതോടെയാണ്‌ തൂഫാന്റെ ലക്ഷ്യം തെറ്റിത്തുടങ്ങിയത്‌. കർണാടകം, ആന്ധ്രപ്രദേശ്‌, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലേക്ക്‌ രാസലഹരി എത്തിച്ച്‌ വിതരണംചെയ്യുന്ന സംഘത്തിലെ പ്രമുഖ കണ്ണിയാണ്‌ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.


അധികാരത്തിന്റെ മറവിലും സംരക്ഷണത്തിലുമാണ്‌ ലഹരിമരുന്ന്‌ എത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും ഏതുസമയത്തും കടന്നുചെല്ലാൻമാത്രം സ്വാതന്ത്ര്യമുള്ളയാളാണ്‌ ഹുസൈനെന്നത്‌ ഞെട്ടിക്കുന്നതാണ്‌. ഇയാളുമായി ഏറ്റവും അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പലതവണ ഇയാളുടെ വീട്ടിൽ പോയിട്ടുണ്ട്‌. ബംഗളൂരു കേന്ദ്രമായി രാസലഹരി ഇടപാടുകൾ നടത്തുന്ന നൈജീരിയൻ സംഘത്തിന്റെ ഏജന്റുകൂടിയായ ഹുസൈൻ അറസ്റ്റിലാകുന്നതിന്‌ ദിവസങ്ങൾക്കുമുമ്പും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി.


ഇയാൾ എറണാകുളത്തുനിന്ന്‌ പല ജില്ലകളിലൂടെ സഞ്ചരിച്ച്‌, എംഡിഎംഎ കൈമാറി കാസർകോട്‌ ജില്ലയിലെ ചന്തേരയിൽ എത്തിയപ്പോഴാണ്‌ പൊലീസിന്റെ വാഹനപരിശോധനയിൽ കുടുങ്ങുന്നത്‌. ജില്ലാ പൊലീസ്‌ മേധാവിക്ക്‌ വാഹന നമ്പർ സഹിതം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധ ജില്ലകളിൽ ഇ‍ൗ വാഹനം പൊലീസ്‌ തടഞ്ഞെങ്കിലും മുഖ്യമന്ത്രിയുമായുള്ള ബന്ധം കാട്ടിയാണ്‌ രക്ഷപ്പെട്ടത്‌. ചന്തേരയിൽ ഇത്‌ ഫലിക്കാതെപോയെന്നുമാത്രം.


ആഗസ്ത്‌ ഒമ്പതിനായിരുന്നു ഹുസൈനും സംഘവും പിടിയിലായത്‌. ഹുസൈനും അബ്ദുൽ സലാമും രാസലഹരി റാക്കറ്റിലെ മുഖ്യകണ്ണികളാണെന്നാണ്‌ പൊലീസ്‌ ഇന്റലിജൻസിന്‌ ലഭിച്ച വിവരം. ഇവർ അറസ്റ്റിലായ ദിവസം ആരെയെല്ലാം വിളിച്ചു എന്ന പ്രാഥമികാന്വേഷണം പൊലീസ്‌ നടത്തിയിരുന്നു. കോൾ ലിസ്റ്റ്‌ കണ്ട്‌ ഉദ്യോഗസ്ഥർ അന്പരന്നു. ഫോൺ കോളും പണമിടപാടും വിശദമായി പരിശോധിച്ചാൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കടക്കം എത്തിയേക്കുമെന്ന്‌ ഭയപ്പെട്ട സർക്കാർ, ഇടപെട്ടു.


ഫോൺ കോൾ ഡീറ്റെയിൽ റെക്കോഡ് (സിഡിആർ) പരിശോധിക്കുന്നതിന്‌ വിലക്കുണ്ടായി. പ്രതികൾ ഒരുമിച്ചും ഒറ്റയ്‌ക്കും നിരവധിതവണ വിദേശയാത്രകൾ നടത്തിയിട്ടുണ്ട്‌. കൂടുതൽ പോയത്‌ ഗൾഫ്‌ നാടുകളിലേക്കാണ്‌. വൻ സാന്പത്തിക ഇടപാടുകളുമുണ്ടായി. ഹവാലപ്പണം എത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്‌. ഇതിന്‌ കേന്ദ്ര ഏജൻസികളെ സമീപിക്കണം. കേന്ദ്രസർക്കാരിന്റെ നാർകോട്ടിക്‌ കൺട്രോൾ ബ്യൂറോ (എൻസിബി)യ്‌ക്ക്‌ വിവരം കൈമാറണം. എന്നാൽ, പൊലീസിന്‌ പൂട്ടിട്ടതാണ്‌ പിന്നീട്‌ കാണു
ന്നത്‌.


ആഭ്യന്തരവകുപ്പിൽ മുഖ്യമന്ത്രിയും ഓഫീസും ഇടപെട്ടതായാണ്‌ കരുതേണ്ടത്‌. 2011–16ലെ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് ബ്ലേഡ്‌ മാഫിയക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ കുബേരയ്‌ക്ക്‌ പൂട്ടുവീണത്‌ എറണാകുളം ജില്ലയിലെ കോൺഗ്രസ്‌ നേതാവിന്റെ അടുപ്പക്കാരനെ തൊട്ടപ്പോഴാണ്‌. അതേഗതിയിലേക്കാണ്‌ ഓപ്പറേഷൻ തൂഫാനും പോകുന്നത്‌. കേസ്‌ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തുന്ന ചന്തേര സിഐയെയും കഴിഞ്ഞദിവസം മാറ്റി. സ്വന്തക്കാരെ തൊട്ടാൽ ഏതു തൂഫാനും അടങ്ങുമെന്നുതന്നെയാണ്‌ യുഡിഎഫ്‌ സർക്കാർ നൽകുന്ന സന്ദേശം.


രാജ്യത്ത്‌ പ്രതിവർഷം 40,000 കോടിയോളം രൂപയുടെ രാസലഹരി ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ്‌ കേന്ദ്ര ഏജൻസികളുടെ നിഗമനം. ഇതിൽ പകുതിയോളംമാത്രമേ നിയമപാലകരുടെ വലയിൽ കുടുങ്ങുന്നുള്ളൂ. ഗുജറാത്ത്‌, കർണാടകം, തെലങ്കാന, ആന്ധ്രപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ്‌ കേരളത്തിലേക്ക്‌ രാസലഹരി ഒഴുകുന്നത്‌. ഇത്‌ തടയാൻ യുഡിഎഫ്‌ സർക്കാർ ആർജവം കാട്ടുമോയെന്ന്‌ കണ്ടറിയണം. തൂഫാനിൽ തുടക്കംമുതൽ പ്രാദേശിക വിതരണക്കാർമാത്രമാണ്‌ കുടുങ്ങുന്നത്‌. അതിന്റെ പേരിൽ പ്രചാരണ ആഘോഷങ്ങൾ നടത്തുകയായിരുന്നു; മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരൻ പിടിയിലായതോടെ ആ ഉത്സാഹവും കെട്ടടങ്ങിയെന്നാണ്‌ കാണുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home