ad
Deshabhimani

വിലക്കയറ്റത്തിൽ 
പൊള്ളുന്ന ഓണം

editorial.
വെബ് ഡെസ്ക്

Published on Aug 22, 2026, 01:30 AM | 2 min read

സങ്കീർണ സാഹചര്യങ്ങൾ കൈകാര്യംചെയ്യുന്ന രീതികൾ പരിശോധിച്ചാൽ കേരളത്തിലെ എൽഡിഎഫ്‌, യുഡിഎഫ്‌ സർക്കാരുകളെ അനായാസം താരതമ്യം ചെയ്യാം. മഹാപ്രളയത്തെയും കോവിഡ്‌ മഹാമാരിയെയും ഉരുൾപൊട്ടൽദുരന്തത്തെയും കാര്യക്ഷമമായി നേരിട്ട എൽഡിഎഫ്‌ സർക്കാരുമായി, ഒരു സാധാരണ വർഷകാലത്തുപോലും ജനങ്ങളെ കരുതലോടെ കാക്കാനാകാതെ തപ്പിത്തടഞ്ഞ യുഡിഎഫ്‌ സർക്കാരിന്‌ താരതമ്യംപോലുമില്ലെന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. അതുതന്നെയാണ്‌ വിലക്കയറ്റത്തിന്റെ കാര്യത്തിലും. ഓണം പടിവാതിലിൽ എത്തിനിൽക്കെ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ ജനങ്ങൾ മുന്പെങ്ങുമില്ലാത്തവിധം വറുതിയുടെ ഓണമുണ്ണേണ്ടി വരുന്ന സ്ഥിതിയിലാണ്‌. വിലക്കയറ്റംകൊണ്ട്‌ നാട്‌ പൊറുതിമുട്ടുമ്പോൾ വിപണിയിൽ ഫലപ്രദമായി ഇടപെടാൻ കഴിയാതെ എല്ലാ ആയുധങ്ങളും വച്ചുക‍ീഴടങ്ങിയ യുഡിഎഫ്‌ സർക്കാർ, വാസ്‌തവത്തിൽ ജനങ്ങളുടെ ദുരവസ്ഥയെ ക്രൂരമായി പരിഹസിക്കുകയാണ്‌.

അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളുമടക്കം അവശ്യവസ്‌തുക്കൾക്ക്‌ വിദൂരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതും ഇന്ധനവില അടിക്കടി വർധിക്കുന്നതും കേരളത്തിന്‌ ഇരട്ടിഭാരമാണ്‌ സൃഷ്‌ടിക്കുക. കമ്പോളശക്തികൾ കൊടിയ ചൂഷണത്തിനൊരുങ്ങുന്ന ഓണംപോലുള്ള ഉത്സവകാലങ്ങളിലാണ്‌ ഇ‍ൗ ആഘാതങ്ങൾ ഫലപ്രദമായി പ്രതിരോധിക്കേണ്ടത്‌. 2016 മുതലുള്ള 10 വർഷം ഒരിക്കൽപ്പോലും കേരളത്തിലെ ജനങ്ങൾക്ക്‌ ഇതിന്റെയൊന്നും ദുരിതം പേറേണ്ടിവന്നിട്ടില്ല. ഇ‍ത്തരം പ്രശ്‌നങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കരുത്തും ഇച്ഛാശക്തിയുമുള്ള ഭരണസംവിധാനം ഇവിടെയുണ്ടായിരുന്നു എന്നർഥം. വിലക്കയറ്റത്തെ പരമാവധി പ്രതിരോധിക്കാനാവശ്യമായ ഇടപെടലുകളാണ്‌ പിണറായി വിജയൻ നയിച്ച രണ്ട്‌ സർക്കാരുകൾ നടത്തിയത്‌. അത്തരം ഇടപെടലുകൾക്ക്‌ പ്രചോദനമായത്‌ ആ സർക്കാരുകൾ പിന്തുടർന്ന ജനപക്ഷനയങ്ങൾതന്നെയാണ്‌. അങ്ങനെയൊരു സമീപനം യുഡിഎ-ഫ്‌ സർക്കാരിൽനിന്ന്‌ പ്രതീക്ഷിക്കുന്നതുതന്നെ അപരാധം. മാവേലി സ്റ്റോറിനെ തകർക്കാൻ വാമനൻ സ്റ്റോറും കുടുംബശ്രീയെ തകർക്കാൻ ജനശ്രീയുംപോലുള്ള പാഴായ പരീക്ഷണങ്ങൾ നടത്തിയ ചരിത്രമുള്ള യുഡിഎഫിന്‌, ഒരിക്കൽപ്പോലും ജനകീയപ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന്‌ നോക്കിക്കാണാനാകില്ല.


പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുന്നതിൽ ഇ‍ൗ സർക്കാരിന്റെ താൽപ്പര്യമില്ലായ്‌മയുടെ ദുരന്തഫലം വിപണിയിൽ പ്രകടം. ജനപ്രിയ ജയ അരിക്ക്‌ കിലോഗ്രാമിന്‌ 52 രൂപയും സുരേഖയ്ക്ക്‌ 55 രൂപയുമായി. മുളകുവില 200ൽനിന്ന്‌ 320ലേക്കെത്തി. സാമ്പാർപരിപ്പിന്‌ വില 120 ആയി. ഉഴുന്ന്‌ കിലോയ്ക്ക്‌ 145 ആയി ഉയർന്നപ്പോൾ, വെളിച്ചെണ്ണവില ലിറ്ററിന്‌ 250 കവിഞ്ഞു. പഞ്ചസാരവില ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കായ 55 രൂപയിലെത്തി.


പൊതുവിതരണരംഗത്തും വിപണി ഇടപെടലിലും ജനപക്ഷനിലപാടുകളിൽനിന്ന്‌ സർക്കാർ പിന്നോട്ടുപോയതുകൊണ്ടാണ്‌ അരിയുടെയും പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലവർധന. ഇതുകൂടാതെയാണ്‌ വെളിച്ചെണ്ണ അടക്കമുള്ള സാധനങ്ങളിലെ വർധിച്ച മായം വ്യാപകമാണെന്ന റിപ്പോർട്ടുകൾ.


റേഷൻ കടകളെ ദുർബലമാക്കിയത്‌ വിലക്കയറ്റം ഇനിയും രൂക്ഷമാകാൻ കാരണമാകും. 1965 മുതൽ നിലനിന്ന സാർവത്രിക സ്റ്റാറ്റ്യൂട്ടറി റേഷൻ ഇല്ലാതാക്കിയ രണ്ടാം യുപിഎ സർക്കാരിനും ഇതിൽ കാര്യമായ പങ്കുണ്ട്‌. ബിപിഎൽ–എപിഎൽ വേർതിരിവ് നേരത്തേ നിലവിൽവന്നിരുന്നുവെങ്കിലും 2013ലെ ഭക്ഷ്യസുരക്ഷാനിയമം നടപ്പായതോടെ സ്റ്റാറ്റ്യൂട്ടറി റേഷൻസംവിധാനം ഒ‍ൗദ്യോഗികമായിത്തന്നെ ഇല്ലാതായി. മുൻഗണനാ വിഭാഗത്തിനുമാത്രമായി റേഷൻ പരിമിതപ്പെടുത്തിയതോടെ കേരളത്തിലെ 53 ശതമാനം ജനങ്ങളും റേഷൻ സമ്പ്രദായത്തിനു പുറത്തായി. എല്ലാ വിഭാഗത്തിനും സാധ്യമായ അളവിൽ റേഷൻ നൽകിയാണ്‌ എൽഡിഎഫ് പ്രതിസന്ധി മറികടന്നത്‌.


എൽഡിഎഫ്‌ ഭരിക്കുന്പോൾ ഉത്സവകാലയളവിൽ പ്രത്യേകവിഹിതം റേഷൻവിലയ്ക്കുതന്നെ നൽകിയിരുന്നു. 2025 ആഗസ്തിൽ വെള്ള കാർഡിന് 10.90 രൂപ നിരക്കിൽ 15 കിലോ അരി നൽകി. നീല കാർഡിന് സാധാരണ വിഹിതത്തിനുപുറമെ 10 കിലോ അരിയും ഇതേവിലയ്ക്ക്‌ നൽകി. പിങ്ക് കാർഡിനും സാധാരണ വിഹിതത്തിനുപുറമെ 10.90 രൂപ നിരക്കിൽത്തന്നെ അഞ്ചു കിലോഗ്രാം അരി നൽകി.


​ഈ ആഗസ്തിൽ അരിയുടെ അളവ് കുറച്ചു. വില കൂട്ടുകയും ചെയ്‌തു. എൽഡിഎഫ് സർക്കാർ 2025 ഓണക്കാലത്ത് കിലോഗ്രാമിന് റേഷൻവിലയായ 10.90 രൂപയ്ക്ക് വെള്ള കാർഡുകാർക്ക് 15 കിലോ നൽകിയ സ്ഥാനത്ത്, ഈ സർക്കാർ നൽകുന്നത്‌ ഏഴു കിലോമാത്രം. നീല കാർഡുകാർക്ക് കഴിഞ്ഞ സർക്കാർ ഓണക്കാലത്ത് 10 കിലോഗ്രാം നൽകിയെങ്കിൽ, ഇപ്പോഴത്‌ മൂന്നു കിലോമാത്രം. പിങ്ക് കാർഡുകാർക്ക് അഞ്ചു കിലോ നൽകിയ സ്ഥാനത്ത് ഇപ്പോൾ സ്‌പെഷ്യൽ അരി നൽകുന്നതേയില്ല. കേരളത്തിൽ അരിയുടെ ലഭ്യത കുറച്ചത്‌ പൊതുവിപണിയിൽ വില ഉയരാനിടയാക്കുകയും ചെയ്യും. ജനങ്ങൾക്ക്‌ ആശ്വാസമെത്തിക്കാൻ തയ്യാറാകാതെ വാചകക്കസർത്തുകളിൽ അഭിരമിക്കുകയാണ്‌ വി ഡി സതീശൻ സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home