പ്രകൃതിദുരന്തത്തിന് തീവ്രതയേറിയത് സർക്കാർ പിഴവിൽ

നാലോ അഞ്ചോ ജില്ലകളെമാത്രം ബാധിച്ച അതിതീവ്രമഴയ്‌ക്കും പ്രളയത്തിനും മുന്നിൽ നാം പകച്ചുപോയതെന്തേ? കാലാവസ്ഥാ നിരീക്ഷണത്തിനും അറിയിപ്പിനും വേണ്ട സംവിധാനങ്ങൾ ഇന്ന് സാങ്കേതികമായി കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയടക്കമുള്ള സംവിധാനങ്ങളുടെയും സർക്കാർവകുപ്പുകളുടെയും കടമകൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. സന്നദ്ധസേനകൾ എങ്ങുമുണ്ട്. കൃത്യമായ പ്രോട്ടോകോളും തയ്യാർ. ഇപ്പോൾ എന്തുണ്ടായിട്ടും കാര്യമില്ല, അവ ചലിക്കാൻ ചടുലവും കൃത്യവുമായ ഏകോപനനേതൃത്വം വേണമെന്ന യാഥാർഥ്യം നാം തിരിച്ചറിയുന്നത്. അതെ, ദുരന്തമുഖങ്ങളിൽ ഒരുമയും വിശ്വാസവും സംവിധാനങ്ങളുടെ കാര്യക്ഷമമായ ഏകോപനവുമാണ് പ്രധാനം. നിമിഷങ്ങളുടെ അംശങ്ങൾ പാഴാക്കിയാൽ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളായിരിക്കും.
കാലം തെറ്റിയെത്തിയ മഴയല്ല, കൃത്യമായി കിട്ടിയ മുന്നറിയിപ്പ് അവഗണിച്ച സർക്കാരിന്റെ പിടിപ്പുകേടും നേതൃരാഹിത്യവുമാണ് കേരളത്തിന്റെ പലഭാഗങ്ങളെയും ദുരിതക്കയത്തിലാക്കിയിരിക്കുന്നതെന്ന് നിസ്സംശയം പറയാനാകും. രാത്രി മഴ ശക്തമായതിനാൽ ഒരുക്കങ്ങൾക്ക് സമയം കിട്ടിയില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പച്ചക്കള്ളമാണെന്ന് കാലാവസ്ഥാവകുപ്പിന്റെ രേഖകൾ തെളിയിക്കുന്നു. ജൂലൈ 31ന് പകൽ മൂന്നിന് കേന്ദ്ര കാലാവസ്ഥാവകുപ്പ് സംസ്ഥാനത്തിന് ഏഴ് പേജുള്ള വിശദമായ മുന്നറിയിപ്പ് നൽകിയിരുന്നു. ‘അടുത്ത രണ്ടുദിവസങ്ങളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യത’ എന്നായിരുന്നു തലക്കെട്ട്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ മുന്നറിയിപ്പ് കിട്ടിയശേഷം എട്ടുമണിക്കൂറിലധികം സർക്കാരിനുമുന്നിലുണ്ടായിരുന്നു. എന്നാൽ കടലിൽ എത്തിയശേഷം, രാത്രി 8.30നാണ് മത്സ്യത്തൊഴിലാളികൾക്കുപോലും സർക്കാരിന്റെ സന്ദേശം കിട്ടിയത്. റെഡ് അലർട്ട് അടയാളപ്പെടുത്തിയ ഭൂപടം സഹിതം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടും 2019 മുതൽ പിന്തുടരുന്ന നടപടിക്രമങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറായില്ല. ഓറഞ്ച് ബുക്ക് അനുസരിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ക്യാമ്പുകൾ സജ്ജീകരിക്കുകയും രക്ഷാസേനകളെ സജ്ജമാക്കുകയും വേണം. വെള്ളി രാത്രി 11.15ന് റെഡ് അലർട്ടാക്കുന്നത് വരെ ഒരു നടപടിയും ഉണ്ടായില്ല.
മൂഴിയാർ ഡാം തുറന്നതിലെ ഗുരുതരവീഴ്ചയും ദുരന്തത്തിന്റെ ആഘാതം കൂട്ടി. വെള്ളി രാത്രി എട്ടിന് ജലനിരപ്പ് 190 മീറ്റർ എന്ന റെഡ് അലർട്ട് കടന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി രാത്രി 10ന് മുന്നറിയിപ്പ് നൽകിയിരുന്നു. പരമാവധി സംഭരണശേഷി 192.63 മീറ്റർ. ഇത് കവിഞ്ഞാൽ ഏതു നിമിഷവും ഷട്ടർ തുറക്കുമെന്ന് അറിയിച്ചിട്ടും താഴ്‌ന്നപ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റുപോലും ഉണ്ടായില്ല. ജനപ്രതിനിധികളെയും തദ്ദേശസ്ഥാപനങ്ങളെയും പിആർഡിയെയും അറിയിച്ചിട്ടുമാത്രമേ ഡാം തുറക്കാവൂ എന്ന പ്രോട്ടോകോൾ കാറ്റിൽപ്പറത്തി. ശനി പുലർച്ചെ ഒന്നിന് മൂഴിയാർ, കക്കി-–ആനത്തോട് ഡാമുകൾ തുറന്നു. ഇതോടെ പമ്പയുടെ പോഷകനദിയായ കക്കാട്ടാറിലും പമ്പയിലും ജലനിരപ്പ് ഉയർന്നു. റാന്നി, വടശേരിക്കര തുടങ്ങിയ മേഖലകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. മുൻകൂട്ടി അറിയിപ്പില്ലാതെ ഡാമുകൾ തുറന്നത് ഈ പ്രളയത്തെ പൂർണമായും ‘സർക്കാർ സ്‌പോൺസേഡ് ദുരന്ത’മാക്കി മാറ്റി. റാന്നിയിലുംമറ്റും വെള്ളം ഇറങ്ങിയിട്ടും റോഡിലെ ചെളിയും അവശിഷ്‌ടങ്ങളും നീക്കാൻ സംവിധാനമുണ്ടായില്ല. ദുരിതാശ്വാസക്യാമ്പുകളുടെ അവസ്ഥ അതിലും ഹൃദയഭേദകമാണ്. ആറന്മുളയിലെ ക്യാമ്പുകളിൽ അഞ്ഞൂറിലധികംപേരുണ്ട്. ഭക്ഷണമില്ല, വെള്ളമില്ല, വെളിച്ചമില്ല, ശുചിമുറിയില്ല. കടലാസ് വിരിച്ച് നിലത്തുകിടക്കേണ്ട അവസ്ഥ. റവന്യു, -തദ്ദേശ വകുപ്പുകൾ പരസ്‌പരം പഴിക്കുകയാണ്. ഇവയ്‌ക്കെല്ലാം നേതൃത്വം നൽകേണ്ട മുഖ്യമന്ത്രിയാകട്ടെ ഇൗ ദിവസങ്ങളിൽ സ്വകാര്യപരിപാടികളുടെ തിരക്കിലായിരുന്നു. ദുരന്തനിവാരണ ആസ്ഥാനത്തെത്തി ഇവ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയോ റവന്യുമന്ത്രിയോ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മുൻഗണനകളാണ് അടിസ്ഥാനപ്രശ്‌നം. വീഴ്‌ചയുടെ കാരണംതേടി മറ്റെവിടെ പോകണം. തീവ്രമഴയ്ക്ക് എൽ നിനോ പ്രതിഭാസവുമായി ബന്ധമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രംപോലും പറയുമ്പോഴും ദുരന്തങ്ങളുടെയെല്ലാം ഉത്തരവാദിത്വം എൽ നിനോയ്‌ക്കുമേൽ കെട്ടിവയ്‌ക്കാനാണ് സർക്കാർശ്രമം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന രാഷ്‌ട്രീയനേതൃത്വത്തിന്റെ പക്കൽ അധികാരം കിട്ടിയാൽ എന്തൊക്കെ ചെയ്യുമെന്നതിന് ഉദാഹരണമാണിത്.










0 comments