എംസിഎഫ് ബയോപാർക്ക് നിർമാണത്തിന് വീണ്ടും ഉദ്ഘാടനം; പ്രതിഷേധം ഉയരുന്നു

കടുങ്ങല്ലൂർ പഞ്ചായത്ത് എംസിഎഫ് ബയോപാർക്ക് നിർമാണപ്രവർത്തനങ്ങൾക്ക് 2025 ആഗസ്ത് 11ന് മന്ത്രി പി രാജീവ് കല്ലിടുന്നു (ഫയൽ ചിത്രം)
ആലുവ
മന്ത്രിയും കളമശേരി മണ്ഡലം എംഎൽഎയുമായിരുന്ന പി രാജീവും കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ ഭരണസമിതിയും ചേർന്ന് കടുങ്ങല്ലൂരിൽ നടപ്പിലാക്കിയ എംസിഎഫ് ബയോപാർക്ക്, യുഡിഎഫ് വീണ്ടും നിർമാണോദ്ഘാടനം നടത്തുന്നതിൽ ആക്ഷേപം ഉയരുന്നു. കടുങ്ങല്ലൂർ പഞ്ചായത്തിൽ ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാനും പരിപാലിക്കാനും ജൈവമാലിന്യങ്ങൾ സംസ്‌കരിക്കാനുമാണ് ബയോപാർക്ക് രൂപീകരിച്ചത്.
അന്നത്തെ മന്ത്രിയായിരുന്ന പി രാജീവിന്റെയും കലക്ടറായിരുന്ന എന്‍ എസ് കെ ഉമേഷിന്റെയും പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേഷ് മുട്ടത്തിലിന്റെയും ഇടപെടലിലാണ് നിർമാണത്തിനായി കല്ലിട്ടത്. അന്നത്തെ പഞ്ചായത്ത് ഭരണസമിതി സെന്റിന് അഞ്ചുലക്ഷം രൂപ വിലയുള്ള ഒരേക്കര്‍ സ്ഥലം എടയാർ വ്യവസായ മേഖലയിൽ പെരിയാർ തീരത്ത് സൗജന്യമായി ലഭ്യമാക്കി. ഇവിടെ 2025-–26 വാർഷികപദ്ധതിയിൽ 1.40 കോടി വകയിരുത്തി എംസിഎഫ് ബയോപാർക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് 2025 ആഗസ്‌ത് 11ന് മന്ത്രിയായിരുന്ന പി രാജീവ് കല്ലിട്ടു.
കരാറുകാരൻ ആലങ്ങാട് സ്വദേശി ലിയാക്കത്ത് അലി മൂപ്പന്റെ നേതൃത്വത്തിൽ റവന്യുവകുപ്പിൽനിന്ന് ലഭ്യമായ ഒരേക്കർ സ്ഥലം കാട് വെട്ടി ചുറ്റും ഏഴടി പൊക്കത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചു. ഭാഗികമായി പുർത്തികരിച്ചതിനുശേഷം എംസിഎഫ് നിർമാണത്തിനായി കുഴികൾ എടുക്കുന്ന ജോലികളും ആരംഭിച്ചു. എന്നാൽ, എടുത്ത കുഴികളിൽ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയായതോടെ പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി എംസിഎഫ് നിർമാണം താൽക്കാലികമായി നിർത്തിവച്ചു.
തുടർന്ന് പി രാജീവ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പഞ്ചായത്ത് എൻജിനീയർക്ക് നിർദേശം നൽകി. അമ്പലമുകൾ ബിപിസിഎൽ, കൊച്ചിൻ ഷിപ്‌യാർഡ് കമ്പനികളുടെ സിഎസ്ആർ ഫണ്ടും പദ്ധതിക്കായി പി രാജീവും സുരേഷ് മുട്ടത്തിലും ചേർന്ന് ലഭ്യമാക്കിയിരുന്നു. തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ പുതിയ യുഡിഎഫ് ഭരണസമിതി വന്നു.
ആറുമാസമായി പദ്ധതി മുടങ്ങിക്കിടക്കുകയാണ്. നിർമാണപ്രവർത്തനങ്ങൾ തുടരുന്നതിനുപകരം രണ്ടാമത് നിർമാണോദ്ഘാടനം നടത്തി ജനങ്ങളുടെ മുന്നിൽ പദ്ധതി തുടങ്ങിയത് ഇപ്പോഴത്തെ ഭരണസമിതിയാണെന്ന് വരുത്താനാണ് നീക്കം. 10ന് മന്ത്രി വി ഇ അബ്ദുൾ ഗഫൂറിനെക്കൊണ്ട് രണ്ടാമത് നിർമാണോദ്ഘാടനം നടത്തുന്നത് അപഹാസ്യമാണെന്ന് നാട്ടുകാർ പറയുന്നു.









0 comments