മഴക്കെടുതിയിൽ മരണം മൂന്നായി

പയ്യടിമീത്തല്‍ ഭാഗത്ത് മാമ്പുഴയുടെ ജലനിരപ്പ് ഉയര്‍ന്ന് കവിഞ്ഞപ്പോള്‍
കോഴിക്കോട് ജില്ലയിൽ മഴക്കെടുതിയിൽ മരണം മൂന്നായി. വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈൽ (38), മൂഴിക്കൽ വിരുപ്പിൽ പെനോത്തിൽ പി രജിത് കുമാർ (56) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. ശനി രാത്രി പത്തോടെ വീടിനോട് ചേർന്നുള്ള വയലിലുണ്ടായ വെള്ളപ്പൊക്കം കാണുന്നതിന് സുഹൃത്തുക്കളോടൊപ്പം പോയ സുഹൈൽ കാൽവഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഞായർ രാവിലെ വെള്ളക്കെട്ടിലൂടെ നടക്കുമ്പോൾ കാൽ തെറ്റി വീണ് തല കല്ലിലിടിച്ചാണ് രജിതിന് പരിക്കേറ്റത്. കനത്ത മഴയിൽ വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിൻ നൗഷാദ് ആണ് മരിച്ചത്. ജില്ലയിൽ ചൊവ്വ പൊതുവേ മഴ മാറിനിന്ന ദിവസമായിരുന്നു. എങ്കിലും മലയോര പ്രദേശങ്ങളിൽ മഴയുണ്ടായിരുന്നു. വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ തുടരുന്നു. മഴ കുറഞ്ഞതിനാലും വെള്ളക്കെട്ടുകളും അപകടസാധ്യതയുമില്ലാത്തതിനാലും അത്തരം ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും അവസാനിപ്പിച്ചു. നിലവിൽ 21 ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. കക്കയം, പെരുവണ്ണാമൂഴി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയ നിലയിൽതന്നെയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴക്കെടുതിയിൽ ജില്ലയിലിതുവരെ നാല് വീടുകൾ പൂർണമായും 66 വീടുകൾ ഭാഗികമായും തകർന്നു. കണ്ണാടിക്കൽ, കക്കോടി, കിരാലൂർ, പറമ്പിൽ, മോരിക്കര തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടു തുടരുകയാണ്. ചൊവ്വ മഴ കുറഞ്ഞതിനാൽ അടുത്ത ദിവസങ്ങളിൽ വെള്ളം വലിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. അപകടസാധ്യത കണക്കിലെടുത്ത് വെള്ളം വലിഞ്ഞ സ്ഥലങ്ങളിലുള്ളവരോടും ക്യാമ്പിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനവും തുടരുകയാണ്. തിങ്കൾ രാവിലെ 8.30 മുതൽ ചൊവ്വ രാവിലെ 8.30വരെ കോഴിക്കോട്– 33.2 മില്ലി മീറ്റർ, കൊയിലാണ്ടി– 18.0 മി.മീ, വടകര–37.0 മി.മീ മഴ ലഭിച്ചു. ഓട്ടോമാറ്റിക് മഴ മാപിനിയുള്ള സ്‌റ്റേഷനുകളായ ഉറുമി–66 മി.മീ, കുന്നമംഗലം– 22.5 മി.മീ, വിലങ്ങാട്– 24 മി.മീ, വടകര–28.5 മി.മീ മഴ കഴിഞ്ഞദിവസം രേഖപ്പെടുത്തി. ക്യാമ്പുകളില്‍ 808 പേര്‍ ജില്ലയിൽ ചൊവ്വാഴ്‌ച മഴ കുറഞ്ഞതോടെ ചുരുക്കം ചില ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം അവസാനിപ്പിച്ചു. നിലവിൽ 18 ക്യാമ്പുകളിലായി 808 പേരാണ് ക്യാമ്പുകളിലുള്ളത്. 327 കുടുംബങ്ങളിലെ 316 പുരുഷന്മാരും 363 സ്ത്രീകളും 129 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത് കോഴിക്കോട് താലൂക്കിലാണ്. 11 ക്യാമ്പുകളിലായി 250 കുടുംബങ്ങളിലെ 635 പേരാണുള്ളത്. താമരശ്ശേരി താലൂക്കിലെ മൂന്ന് ക്യാമ്പുകളിലായി 82 പേരും, വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 82 പേരും കൊയിലാണ്ടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി ഒമ്പതും പേരുമുണ്ട്.










0 comments