ക്ഷമ വേണം; വടകര കടക്കാൻ

ലിങ്ക് റോഡ് പരിസരത്തെ സർവീസ് റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ
സ്വന്തം ലേഖകൻ വടകര ദേശീയ പാതയിൽ വടകര കടന്നുകിട്ടാൻ കുറച്ചൊന്നുമല്ല പാട്. നിർമാണ പ്രവൃത്തിയിലെ ആശാസ്ത്രീയതയിലും മെല്ലെപ്പോക്കിലും ഒരു നാടാകെ ദുരിതത്തിലായിട്ട് കാലം കുറെയായി. മഴ ശക്തമായതോടെ ദുരിതം പതിൻമടങ്ങ് വർധിച്ചു. ദേശീയ പാതയിലെ പാലോളിപ്പാലം മുതൽ അഴിയൂർ വരെ കടന്നുകിട്ടണമെങ്കിൽ ക്ഷമ കുറച്ചൊന്നും മതിയാകില്ല. മണിക്കൂറുകൾ റോഡിൽ കിടക്കണം. മഴ പെയ്ത് ഇരുഭാഗത്തേയും സർവീസ് റോഡുകൾ കരയേത് റോഡേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത രൂപത്തിലുമായി. ഓണം അടുത്തിരിക്കേ ആവശ്യങ്ങൾക്കായി വടകരയിലെത്തി തിരിച്ചുപോകുന്ന കാര്യമോർത്ത് ആശങ്കയിലാണ് ജനം. ദുരിതക്കയത്തിലായ കച്ചവടക്കാരും ആശങ്കയുടെ നിഴലിലാണ്. ഓരോ ദിവസവും ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങളുടെ നീണ്ട നിര നഗരത്തെ ഒന്നാകെ വീർപ്പുമുട്ടിക്കുകയാണ്. പാലോളിപ്പാലത്തുനിന്നും തുടങ്ങുന്ന ഗതാഗതക്കുരുക്ക് കൈനാട്ടി വരെ നീളും. നഗരമൊന്നാകെ സ്തംഭിക്കും. ഗവ. ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ രോഗികൾക്ക് എത്തണമെങ്കിലും പ്രതിസന്ധിയേറെയാണ്. വടകരയിലെ ഗതാഗതക്കുരുക്കിന്റെ പ്രഭവ കേന്ദ്രം കരിമ്പനപ്പാലമാണ്. ഒരു വശത്തെ സർവീസ് റോഡിലൂടെയാണ് ഇവിടെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. ഇത് തുടർച്ചയായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. സർവീസ് റോഡുകളെല്ലാം പുനർനിർമിച്ച് ഗതാഗത യോഗ്യമാക്കിയാൽ മാത്രമേ കുരുക്കിന് പരിഹാരം കാണാനാകൂ. സഹകരണ ആശുപത്രി ജങ്‌ഷൻ, ലിങ്ക് റോഡ് പരിസരം, അടക്കാ തെരു ജങ്ഷൻ, നാരായണ നഗരം എന്നിവിടങ്ങളിൽ റോഡിന്റെ അവസ്ഥ ദയനീയമാണ്. കാൽനടക്കാർക്ക് മുറിച്ചു കടക്കാനും സൗകര്യമില്ല. ഉയരപ്പാതയുടെ അടിവശം ഉൾപ്പെടെ സ്ഥലങ്ങൾ കണ്ടെത്തി വാഹന പാർക്കിങ്ങിനുള്ള സൗകര്യങ്ങളും കണ്ടെത്തണം. എംപിയും എംഎൽഎയും ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.










0 comments